Section

malabari-logo-mobile

വര്‍ഗീയതക്ക് മേല്‍ ‘പന്തു’രുളുമ്പോള്‍

HIGHLIGHTS : പന്ത് എന്ന ചിത്രത്തെ കുറിച്ച് കെവി ശ്രുതി എഴുതുന്നു

പന്ത് എന്ന ചിത്രത്തെ കുറിച്ച് കെവി ശ്രുതി എഴുതുന്നു

ആമിനയും അവളുടെ വല്യുമ്മൂമ്മയും ആദിയുടെ നേതൃത്വത്തില്‍ പന്തുരുട്ടുന്നത് സമൂഹത്തിന്റെ ജാതിമതവര്‍ഗ ബോധങ്ങളുടെ മൈതാനങ്ങളിലാണ്. മനുഷ്യനില്‍ വിഷം കുത്തിവെക്കുന്നവര്‍ക്കുമേല്‍ അവരാ പന്ത് ചവിട്ടിത്തെറിപ്പിക്കുന്നു. ഒരേസമയം പര്‍ദ്ദയണിഞ്ഞും സ്വപ്നം കണ്ടും ഗോള്‍വല കുലുക്കുന്നു. കരഞ്ഞാലും ചിരിച്ചാലും മരിക്കുമെന്ന സത്യമേറ്റുപാടി സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പാസുകളൊരുക്കുന്നു.

sameeksha-malabarinews

ഫുട്ബോളിന്റെ പശ്ചാത്തലത്തില്‍ ആദി രചനയും സംവിധാനവും നിര്‍വഹിച്ച പന്ത് ജീവിതപരിസരങ്ങളിലെ അതിസൂക്ഷ്മമായ വര്‍ഗീയതക്കും സാമൂഹിക ഉച്ചനീചത്വങ്ങള്‍ക്കുമെതിരെയാണ് കലഹിക്കുന്നത്. തന്റേത് അറബി ഉപ്പൂപ്പയാണെന്ന പൈതൃകം പരസ്യമായി പരിഹസിക്കപ്പെടുമ്പോള്‍ ആമിന എന്ന ആമി കണ്ടെത്തുന്നതും ചോദ്യംചെയ്യുന്നതും നമ്മുടെ ഓരോരുത്തരുടെയും മുന്‍തലമുറകളുടെ പാരമ്പര്യവും സ്വത്വവുമാണ്. ഇരുട്ട് ചൂഷണം ചെയ്തിരുന്ന ഒടിയന്‍മാര്‍ ന്യൂ ജെന്‍ ക്വട്ടേഷന്‍കാരാണെന്നും ജീവിതങ്ങള്‍ ഇരുട്ടിലാഴ്ത്തുന്നവര്‍ക്ക് നേരെ ചൂട്ടുകറ്റയേന്തി വഴിതെളിക്കണമെന്നുമുള്ള ബോധ്യവും ആ എട്ടുവയസുകാരിക്കുണ്ട്.

ആമിക്കൊപ്പം തന്നെ മറ്റു കഥാപാത്രങ്ങളും സമകാലീനസമൂഹത്തിന്റെ പുഴുക്കുത്തുകള്‍ക്കുള്ള ഉത്തരമാകുന്നു. കറുപ്പിന്റെ രാഷ്ട്രീയവും ദുരഭിമാന ‘പ്രണയങ്ങളും’ വളര്‍ത്തുന്നവരെ തന്നെ തിരിഞ്ഞുകടിക്കുന്ന സാമ്രാജ്യത്വത്തിന്റെ ‘പിരാന’ മുഖവും പന്ത് വരച്ചുകാണിക്കുന്നു.
മലയാളത്തില്‍ അത്രയൊന്നും പറഞ്ഞുകേള്‍ക്കാത്ത അറബിക്കല്യാണത്തിന്റെ പിന്നാമ്പുറങ്ങള്‍ തൊട്ടുപോകുന്നു. പലയിടങ്ങളിലും മനുഷ്യമനസ്സിനെ ത്രസിപ്പിക്കുന്ന മുഹൂര്‍ത്തങ്ങളൊരുക്കി ത്രില്ലര്‍ പരിവേഷവും നല്‍കുന്നു.

ശാഖയിലെ സംഘപരിവാര്‍ പ്രവര്‍ത്തകന് വിസയൊരുക്കിക്കൊടുക്കുന്ന ഹാജിയും അയാള്‍ക്ക് വഴിച്ചിലവിനായി സ്വന്തം സ്വര്‍ണമോതിരം ഊരിക്കൊടുക്കുന്ന ഖദറുകാരനും ഒരു തണലായി പന്തലിച്ചുനില്‍ക്കുന്ന സഖാവ് വിവേകാനന്ദനുമെല്ലാം പ്രതീക്ഷകള്‍ തന്നെ. നാട്ടിലെ പൂരം കാണാനും ആഘോഷമൊരുക്കാനും ബാലവിവാഹത്തിനെതിരെ ശബ്ദമുയര്‍ത്താനും പ്രണയിനിയുടെ കാമുകനെ സഹായിക്കാനും വീട്ടിലുണ്ടായ പഴങ്ങള്‍ പങ്കുവെക്കാനും കൂട്ടുകാരനിലും പെങ്ങള്‍ക്ക് മറ്റൊരു സഹോദരനെ കണ്ടെത്താനും കഴിയുന്ന നന്മയുണ്ട് ഈ നാട്ടുമ്പുറത്തുകാര്‍ക്ക്.

സാംസ്‌കാരിക കേരളത്തിന്റെ മിത്തുകളില്‍ കൂടിയും നാടന്‍ പാട്ടുകളില്‍ കൂടിയും ആദി പന്തിനെ ചെത്തിമിനുക്കിയിട്ടുണ്ട്. കരിങ്കാളിയും അപ്രതീക്ഷിതമായി അശരണര്‍ക്ക് മുന്നിലെത്തുന്ന ജിന്നും ഗ്രാമദേവതയുമെല്ലാം അങ്ങനെ പന്തിന്റെ ഗതിവേഗം കൂട്ടുന്നു. ഭഗവതിയുടെ രൗദ്രരൂപമായ കരിങ്കാളി ദേശത്തിന്റെ ഐശ്വര്യങ്ങള്‍ക്കായി നിലനില്‍ക്കുന്നുവെന്നാണ് ഐതിഹ്യം. ദേഹമാസകലം കരിപൂശി, കച്ച കെട്ടി, കാലില്‍ ചിലങ്കയണിഞ്ഞ് വാളുമേന്തി തുള്ളിച്ചാടിയാണ് കരിങ്കാളി സ്‌നേഹമെന്ന അരുളപ്പാട് മാളോകരെ അറിയിക്കുന്നത്. കുഞ്ഞാമിനക്കായി അമ്പലപ്പറമ്പിലെ തെച്ചിപ്പൂക്കള്‍ കരുതുന്ന ‘ഉമ്മൂമ്മയും ഉപ്പൂപ്പയും’ വെള്ളമടിച്ച് വഴിതെറ്റിപ്പോകുന്ന കേശവനും മറ്റൊരിടത്ത് ആമിക്കും വല്ല്യുമ്മൂമ്മയ്ക്കും ഇനിയൊരിക്കല്‍ ആമിയുടെ ഉറ്റതോഴനും വെളിച്ചമാകുന്നുണ്ട്.

ദൃശ്യഭംഗിയും പാട്ടുകളും പശ്ചാത്തലസംഗീതവും ചിത്രത്തിന്റെ മാറ്റുകൂട്ടുന്നു. നാടന്‍ശീലുകളും പുള്ളുവന്‍ പാട്ടും മൈലാഞ്ചിപ്പാട്ടും പന്ത് പാട്ടും സൂഫി സംഗീതവുമൊക്കെയായി പന്ത് നെഞ്ചിടിപ്പേറ്റുക തന്നെ ചെയ്യും.

അപ്പോജി ഫിലിംസിന്റ് ബാനറില്‍ ഷാജി ചങ്ങരംകുളം നിര്‍മ്മിച്ച പന്തില്‍ അശ്വഘോഷനാണ് ക്യാമറ. എഡിറ്റിംഗ് അതുല്‍ വിജയ്. നെടുമുടി വേണു, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, സുധീഷ്, വിനീത്, ഇര്‍ഷാദ്, സുധീര്‍ കരമന, നിലമ്പൂര്‍ ആയിഷ, മുന്ന, രമാദേവി, തുഷാര, സ്‌നേഹ, ശ്രീകുമാര്‍, കിരണ്‍ എന്നിവരാണ് അഭിനേതാക്കള്‍. ഗാനരചന: ഷംസുദ്ധീന്‍ കുട്ടോത്ത്, മനേഷ് എം പി. ജാസി ഗിഫ്റ്റ്, ഇഷാന്‍ ദേവ്, അഖില, ജിതേഷ് കക്കിടിപ്പുറം എന്നിവരാണ് പിന്നണിഗായകര്‍.

2016ല്‍ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് ജേതാവും ആദിയുടെ മകളുമായ അബനി ആമിയായി തിളങ്ങിയിട്ടുണ്ട്. ആമിയോളം അല്ലെങ്കില്‍ അതിനേക്കാളും സ്‌നേഹം തോന്നും മുന്‍ ആകാശവാണി ആര്‍ട്ടിസ്റ്റായിരുന്ന റാബിയ ബീഗം എന്ന വല്യുമ്മൂമ്മയോട്. 83 വയസുകാരിയായ ആ ഉമ്മൂമ്മ പകര്‍ന്ന എനര്‍ജി തീയേറ്റര്‍ വിട്ടാലും കൂടെപ്പോരും. ആ മുഖവും ചിരിയും ഓര്‍ത്തെടുത്തു പിന്നെയും നമ്മള്‍ പാടിത്തുടങ്ങും…

‘ചിരിച്ചാല്‍ മരിക്കും
കരഞ്ഞാല്‍ മരിക്കും
എന്നാല്‍ പിന്നെ ചിരിച്ചൂടെ..’

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!