Section

malabari-logo-mobile

പ്രണയത്തിലെ നിയമക്കുരുക്കുകളുമായി പനാഹിയുടെ നോ ബിയേഴ്‌സ്; ഉറുഗ്വേയിലെ പട്ടാളഭരണത്തിന്റെ ഭീകരതയുമായി എ ട്വല്‍വ് ഇയര്‍ നൈറ്റ്; അഭ്രപാളിയിലെ ജീവിതം തേടിയവരുടെ കഥയുമായ് ഇന്ത്യയുടെ ഓസ്‌കാര്‍ ചിത്രം ചെല്ലോ ഷോ

HIGHLIGHTS : Panahi's No Bears with the legal entanglements of love

ഇറാനിലെ നവതരംഗ സിനിമാ രംഗത്തെ പ്രമുഖനായ ജാഫര്‍ പനാഹിയുടെ പുതിയ ചിത്രം നോ ബിയേഴ്‌സ് രാജ്യാന്തര ചലച്ചിത്ര മേളയില്‍. രണ്ടു കമിതാക്കളുടെ സമാന്തര പ്രണയകഥ പ്രമേയമാക്കിയ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാണ് മേളയിലേത്.

ചിക്കാഗോ മേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ നോ ബിയേഴ്‌സില്‍ ജാഫര്‍ പനാഹി മുഖ്യവേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. സ്വാതന്ത്രാവിഷ്‌കാരങ്ങള്‍ക്ക് ഇറാന്‍ ഏര്‍പ്പെടുത്തിയ വിലക്കിനെ തുടര്‍ന്ന് 2010 ല്‍ ഇദ്ദേഹത്തെ ഭരണകൂടം ആറുവര്‍ഷത്തേക്കു തടങ്കലിലാക്കിയിരുന്നു .സിനിമാ നിര്‍മ്മാണത്തിനും സ്വാതന്ത്യ പ്രതികരണത്തിനും വിലക്ക് നേരിടുന്ന പനാഹി ഒളിക്യാമറ ഉള്‍പ്പടെ ഉപയോഗപ്പെടുത്തിയാണ് നോ ബിയേഴ്‌സ് ചിത്രീകരിച്ചിരിക്കുന്നത്.

sameeksha-malabarinews

ഉറുഗ്വേയിലെ പട്ടാളഭരണകാലത്തു ക്രൂരമായി പീഡിപ്പിക്കപ്പെട്ട മൂന്നു തടവുകാരുടെ കഥ പറയുന്ന അല്‍വാരോ ബ്രക്‌നറുടെ എ ട്വല്‍വ് ഇയര്‍ നൈറ്റ് ,ഫ്രഞ്ച് ചിത്രം 120 ബിപിഎം ,ജര്‍മ്മന്‍ സംവിധായകനും നിര്‍മ്മാതാവുമായ വീറ്റ് ഹെല്‍മറുടെ ദ ബ്രാ , ബ്രാറ്റാന്‍ എന്നീ വിസ്മയചിത്രങ്ങള്‍ രാജ്യാന്തര മേളയിലെ ജൂറി വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

യാത്രയ്ക്കിടെ കളഞ്ഞുകിട്ടുന്ന ഒരു ബ്രായുടെ ഉടമയെ അന്വേഷിച്ചുപോകുന്ന ട്രയിന്‍ ഡ്രൈവറുടെ സഞ്ചാരമാണ് ദ ബ്രാ യുടെ പ്രമേയം. ടോക്യോ ,ബെര്‍ലിന്‍ ,ജര്‍മ്മന്‍ തുടങ്ങിയ മേളകളില്‍ പ്രേക്ഷക പ്രീതി നേടിയ ചിത്രം നിശ്ശബ്ദതയുടെ സാധ്യതകളാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്.പിതാവിനെ കാണാന്‍ അഫ്ഗാന്‍ അതിര്‍ത്തിയിലേക്ക് സാഹസികയാത്രയ്ക്കിറങ്ങുന്ന സഹോദരങ്ങളുടെ കഥ പറയുന്ന ബ്രാറ്റാന്റെ പുനഃ ക്രമീകരിക്കപ്പെട്ട പതിപ്പാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക.

കാന്‍ മേളയില്‍ മികച്ച ചിത്രമായി തെരെഞ്ഞെടുക്കപ്പെട്ട റോബിന്‍ കാമ്പില്ലോ ചിത്രം 120 ബിപിഎമ്മും മേളയിലെ ജൂറി വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.എച്ച് ഐ വി ബാധിതരായവരുടെ ജീവിത പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ചിത്രത്തിലെ നായകനായിരുന്ന നാഹുവെല്‍ പേരേസ് ബിസ്‌ക്കയാര്‍ട്ട് രാജ്യാന്തര മേളയിലെ ജൂറി അംഗമാണ്.

ചലച്ചിത്ര രംഗത്തെ നൈമിഷികതയും ജീവിതപ്രയാസങ്ങളും പ്രമേയമാക്കിയ ഇന്ത്യയുടെ ഓസ്‌കാര്‍ ചിത്രം ചെല്ലോ ഷോ രാജ്യാന്തര ചലച്ചിത്ര മേളയില്‍.പാന്‍ നളിന്‍ സംവിധാനം ചെയ്ത ഈ ഗുജറാത്തി ചിത്രം സമയ് എന്ന ഒന്‍പതു വയസ്സുകാരന് ചലച്ചിത്രങ്ങളോട് തോന്നുന്ന കൗതുകവും അടുപ്പവും വെളിച്ചത്തെ തേടിയുള്ള യാത്രയുമാണ് പ്രമേയമാക്കിയിരിക്കുന്നത്.ഇതാദ്യമായാണ് ഒരു ഗുജറാത്തിച്ചിത്രത്തിന് ഓസ്‌കാര്‍ നോമിനേഷന്‍ ലഭിക്കുന്നത്.

കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട യുവാവിന്റെ അതിജീവനം പ്രമേയമാക്കിയ നന്ദിത ദാസിന്റെ സ്വിഗാറ്റോ, ശിഥിലമായ കുടുംബ മുഹൂര്‍ത്തങ്ങളെ ആസ്പദമാക്കിയുള്ള പദ്മകുമാര്‍ നരസിംഹമൂര്‍ത്തിയുടെ മാക്‌സ്,മിന്‍ & മ്യാവൂസാകി, ആമിര്‍ ബാഷിറിന്റെ ദി വിന്റര്‍ വിതിന്‍,നവാഗത സംവിധായകനായ ശുഭം യോഗിയുടെ കച്ചേ ലിംബൂ തുടങ്ങി ബുസാന്‍, ടൊറന്റോ മേളകളില്‍ പ്രേക്ഷക പ്രീതി നേടിയ എട്ടു ചിത്രങ്ങളാണ് ചെല്ലോ ഷോയ്ക്കൊപ്പം രാജ്യാന്തര മേളയിലെ കലെയ്‌ഡോസ്‌കോപ്പ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.

പൃഥ്വി കൊനാനൂറിന്റെ സെവന് റ്റീനേഴ്‌സ്, ശ്ലോക് ശര്‍മ്മയുടെ ടു സിസ്റ്റേഴ്‌സ് ആന്‍ഡ് എ ഹസ്ബന്‍ഡ്‌ന് എന്നിവയാണ് ഈ വിഭാഗത്തിലെ മറ്റു ചിത്രങ്ങള്‍. മലയാളി സംവിധായകനായ ഡോ .ബിജുവിന്റെ ആന്തോളജി ചിത്രം ദി പോര്‍ട്രെയ്ട്‌സും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!