പാലക്കാട്ടെ കൊലപാതകങ്ങള്‍; സംസ്ഥാന വ്യാപകമായി ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: പാലക്കാട്ടെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി ജാഗ്രതാ മുന്‍കരുതലുകള്‍ കടുപ്പിക്കാന്‍ നിര്‍ദ്ദേശം
നല്‍കി ഡി.ജി.പി. എല്ലാ ജില്ലയിലിലെയും പൊലീസ് മേധാവികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. സംഘര്‍ഷം വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് മറ്റ് ജില്ലകള്‍ക്കും പോലീസിനും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഡിജിപി അനില്‍കാന്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതല യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി. പാലക്കാട്ടെ കൊലപാതകങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. ഉത്തര മേഖല ഐജി ക്യാമ്പ് ചെയ്ത് അന്വേഷണ പുരോഗതി വിലയിരുത്തും. അക്രമ സംഭവങ്ങള്‍ തുടരാതിരിക്കാന്‍ എല്ലാ വിധ നടപടികളും സ്വീകരിക്കും.
എന്തൊക്കെ സുരക്ഷാ ക്രമീകരണങ്ങള്‍ അടിയന്തരമായി നടപ്പിലാക്കണം എന്നത് സംബന്ധിച്ചുള്ള തീരുമാനം എടുത്തിട്ടുണ്ട്. കൊലപാതകങ്ങള്‍ ആവത്തിക്കാതിരിക്കാന്‍ കരുതല്‍ അറസ്റ്റിലേക്ക് പോകാനാണ് ഡിജിപി നല്‍കിയ നിദ്ദേശം. ഇന്നലെ പോപ്പുലര്‍ ഫ്രണ്ട് നേതാവും 24 മണിക്കൂറിനുള്ളില്‍ ഇന്ന് ആര്‍എസ്എസ് പ്രവര്‍ത്തകനും കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് മുന്‍കരുതലുകള്‍ കൂടുതല്‍ കടുപ്പിപ്പിക്കാന്‍ പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയത്.

ഇരട്ട കൊലപാതകങ്ങള്‍ അരങ്ങേറിയ പശ്ചാത്തലത്തില്‍ പൊലീസിനെ നേരെയും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. കാര്യമായ മുന്‍കരുതല്‍ പൊലീസ് കാണിച്ചില്ലെന്നാണ് വിമര്‍ശനം. രണ്ടാമത്തെ കൊലപാതകം കൂടിയുണ്ടായതോടെ പാലക്കാട്ട് ക്രമസമാധാനം ഉറപ്പിക്കാന്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.

സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപി വിജയ് സാഖറെ പാലക്കാട്ടേക്കെത്തും. ജില്ലയില്‍ ക്യാമ്പ് ചെയ്ത് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം നടത്തും.

 

Share news
error: Content is protected !!
Scroll to Top