പഹല്‍ഗാം ഭീകരാക്രമണം; രാമചന്ദ്രനെ വെടിവെച്ചത് മകളുടെ മുന്നില്‍ വെച്ച്

കൊച്ചി: രാമചന്ദ്രന്‍ നായരുടെ മകന്‍ വിളിച്ചെന്നും അച്ഛന്‍ മരിച്ചതായി അറിയിച്ചെന്നും പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ ബന്ധു. കുടുംബത്തിലെ മറ്റുള്ളവര്‍ സുരക്ഷിതരാണെന്നും അറിയിച്ചു. മകന്‍ ബാംഗ്ലൂരിലാണ് ജോലി ചെയ്യുന്നത്. മകളുടെ മുന്നില്‍ വെച്ചാണ് രാമചന്ദ്രനെ വെടിവെച്ചത്. അച്ഛനെ വെടിവെച്ച ശേഷം മകളുടെ പേര് ചോദിച്ചെന്നും ബന്ധു പറയുന്നു. അവരിപ്പോള്‍ ഒരു ഹോട്ടലിലാണ് ഉള്ളതെന്നും ബന്ധു വ്യക്തമാക്കി. ഇന്നലെയാണ് രാമചന്ദ്രനും കുടുംബവും വിനോദ യാത്രക്കായി കാശ്മീരിലെത്തിയത്. ഏറെ കാലം വിദേശത്തായിരുന്ന രാമചന്ദ്രന്‍ അടുത്തിടെയാണ് നാട്ടിലെത്തിയത്.

അതേസമയം, ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിലെത്തി, ഉന്നത ഉദ്യോഗസ്ഥരുമായി സാഹചര്യം ചര്‍ച്ച ചെയ്യുകയാണ്. മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ജമ്മു കാശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഭീകരാക്രമണം നടന്ന സ്ഥലം അമിത് ഷാ നാളെ സന്ദര്‍ശിക്കും. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഏഴ് ഭീകരരുടെ സംഘമാണ് ആക്രമണം നടത്തിയതെന്ന് സുരക്ഷാ സേന വ്യക്തമാക്കി.

ഹൈദരാബാദില്‍ നിന്നുള്ള ഐബി ഉദ്യോഗസ്ഥന്‍ മനീഷ് രഞ്ജന്‍, കര്‍ണാടകയില്‍ നിന്ന് കുടുംബത്തോടൊപ്പം കശ്മീരിലെത്തിയ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ മഞ്ജുനാഥ റാവു, ഒഡിഷയില്‍ നിന്ന് കുടുംബത്തോടൊപ്പം എത്തിയ പ്രശാന്ത് സത്പതി, കര്‍ണാടക ഹാവേരി റാണെബെന്നൂര്‍ സ്വദേശി ഭരത് ഭൂഷന്‍ എന്നിവര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഇതിന് പുറമെ രണ്ട് വിദേശികളും നാട്ടുകാരായ രണ്ട് പേരും കൊല്ലപ്പെട്ടിട്ടുണ്ട്. മരിച്ചവരില്‍ ഒരു നേപ്പാള്‍ സ്വദേശിയുണ്ടെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ടൂറിസം കേന്ദ്രങ്ങളില്‍ നിരീക്ഷണം ശക്തമാക്കുമെന്ന് ദില്ലി പോലീസ് വ്യക്തമാക്കി. രാജ്യതലസ്ഥാനത്തെ മറ്റ് പ്രധാനപ്പെട്ട ഇടങ്ങളിലും നിരീക്ഷണം ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ആക്രമണത്തെ ശക്തമായി അപലപിച്ച ആര്‍എസ്എസ്, രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമെതിരായ ആക്രമണമെന്ന് സംഭവത്തെ വിമര്‍ശിച്ചു. സര്‍ക്കാര്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. രാഷ്ട്രീയ പാര്‍ട്ടികളെ കേന്ദ്രസര്‍ക്കാര്‍ വിശ്വാസത്തിലെടുക്കണമെന്നും ഈ ഭീകരാക്രമണത്തിന് മറുപടി നല്‍കാതിരിക്കരുതെന്നും കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് പ്രതികരിച്ചു. അതിനിടെ സംഭവം നടന്ന പഹല്‍ഗാമില്‍ മെഴുകുതിരിയേന്തി നാട്ടുകാര്‍ പ്രതിഷേധ പ്രകടനം നടത്തി. ആക്രമണം നടത്തിയ ഭീകരര്‍ക്കെതിരെയാണ് പഹല്‍ഗാമിലെ വ്യാപാരികള്‍ പ്രതിഷേധിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top