
പത്മരാജന് സ്മരണ….
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എഴുത്ത് സതീഷ് തോട്ടത്തില്‍


”വീണ്ടും കാണുക എന്നൊന്നുണ്ടാകില്ല.
നീ മരിച്ചതായി ഞാനും
ഞാന്‍ മരിച്ചതായി നീയും കരുതുക.
ചുംബിച്ച ചുണ്ടുകള്‍ക്ക് വിടതരിക ”
(ലോല ) പത്മരാജന്‍.
1991 ലെ ജനുവരിയുടെ തണുപ്പില്‍
ആരുമറിയാതെ ആരോടും പറയാതെ രാത്രിയില്‍ യാത്രയായ
ഗന്ധര്‍വ്വന്റെ ഓര്‍മ്മദിവസമാണിന്ന്.
പെരുവഴിയമ്പലത്തില്‍ തുടങ്ങി
ഞാന്‍ ഗന്ധര്‍വ്വനില്‍ അതവസാനിക്കുമ്പോള്‍
മലയാളീ പ്രേക്ഷകര്‍ ഓരോ സിനിമകളിലൂടേയും
വേറിട്ട കാഴ്ചകളും അനുഭവങ്ങളും ആസ്വദിക്കുകയായിരുന്നു.
പെരുവഴിയമ്പലത്തിനും മുമ്പ്
സാഹിത്യ അവബോധമുള്ള മികച്ച തിരക്കഥകള്‍
പലരുടേയും സംവീധാനങ്ങളിലൂടെ
മലയാളികള്‍ ആസ്വദിക്കുകയും ചെയ്തു.
മനുഷ്യബന്ധങ്ങളുടെ വെെകാരികമുഹൂര്‍ത്തങ്ങള്‍
തന്മയത്വത്തോടെ
സിനിമകളിലൂടേയും എഴുത്തുകളിലൂടേയും
ഇദ്ദേഹം പ്രക്ഷേപിച്ചുകൊണ്ടിരുന്നു.
ജീവിതത്തിന്റെ വെെമുഖ്യങ്ങളിലേക്കും വെെവിധ്യങ്ങളിലേക്കും
വളരെവേഗം സഞ്ചരിച്ചുകൊണ്ടിരുന്നൂ ഇദ്ദേഹം.
ഇത് എന്റെ കഥയാണല്ലോ ?
ഈ ജീവിതം എനിക്കറിയാമല്ലോ ?
എന്നിങ്ങനെ ഓരോരുത്തരിലും
തോന്നലുകളുണ്ടാക്കികൊണ്ടിരുന്നൂ ഇദ്ദേഹത്തിന്റെ കലാസൃഷ്ടികള്‍.
എല്ലാവരും ഒരുപോലെ ആസ്വദിക്കാന്‍ പാകത്തിലുള്ള സിനിമകളായിരിക്കണം തന്റേതെന്ന്
ഇദ്ദേഹം ആത്മാര്‍ത്ഥമായ് ആഗ്രഹിച്ചു.
എത്രമാത്രം ശക്തമായിരുന്നൂ പത്മരാജന്റെ സ്ത്രീകഥാപാത്രങ്ങള്‍.
തകരയിലെ സുഭാഷിണിയും
രതിനിര്‍വേദത്തിലെ രതിചേച്ചിയും
നവംബറിലെ നഷ്ടത്തിലെ മീരയും
മുന്തിരിതോപ്പുകളിലെ സോഫിയയും
തൂവാനത്തുമ്പികളിലെ ക്ലാരയും
ഒരിടത്തൊരു ഫയല്‍വാനിലെ ചക്കരയും
കൂടെവിടെയിലെ ആലീസും
ഞാന്‍ ഗന്ധര്‍വ്വനിലെ ഭാമയും……
അങ്ങിനെ എത്രയെത്ര സ്ത്രീകഥാപാത്രങ്ങളിലൂടെ കാഴ്ചക്കാര്‍ സഞ്ചരിച്ചു.
പ്രണയവും മഴയും സെക്സുമെല്ലാം
എത്രമാത്രം കാവ്യാത്മകമായ് ചിത്രീകരിക്കപ്പെട്ടു.
മഴ ഒരു കഥാപാത്രം തന്നെയായിരുന്നൂ സിനിമകളിലും സാഹിത്യത്തിലും.
കഥാപാത്രങ്ങളുടെ മാനസികാവസ്ഥകളില്‍
മഴയും ഇഴചേര്‍ന്നു.
മഴ എന്നപേരില്‍ ഒരു കഥപോലുമുണ്ട്.
ഉദകപോളയില്‍ മഴയും ക്ലാരയും
വേര്‍തിരിക്കപ്പെടാനാവാത്ത ബിംബങ്ങളാണ്.
അത് തൂവാനത്തുമ്പികളായ് സിനിമയായപ്പോള്‍
അതിന്റെ ദൃശ്യസൗന്ദര്യവും മികച്ചതായി.
റൊമാന്‍സ് പ്രേക്ഷകമനസ്സില്‍ തട്ടുംവിധം
എഴുതിയും കാണിച്ചും പോകാന്‍
പത്മരാജന് പ്രത്യേക കരവിരുതുണ്ടായിരുന്നു
ഏത് ക്ഷുഭിതന്റേയും മനസ്സില്‍
പ്രണയം നിറച്ചൂ പത്മരാജന്‍ സര്‍ഗ്ഗാത്മകത.
ലോലയിലെ നായിക പറയുന്നതു നോക്കൂ
‘വീണ്ടും കാണുക എന്നൊന്നുണ്ടാകില്ല.
നീ മരിച്ചതായി ഞാനും
ഞാന്‍ മരിച്ചതായി നീയും കരുതുക.
ചുംബിച്ച ചുണ്ടുകള്‍ക്ക് വിടതരിക ‘
തുളച്ചുകയറുന്ന അസ്ത്രങ്ങളുടെ സ്ഥൂലതയുണ്ടായിരുന്നു
പത്മരാജന്റെ പല പ്രണയവര്‍ണ്ണനകള്‍ക്കും.
‘ദയ -അവളുടെ കഥ ‘ യില്‍ അതിന്റെ അവതരണം നോക്കൂ
‘വീട്ടില്‍ വന്നപ്പോള്‍
അവയൊക്കെ ഓര്‍മ്മകള്‍മാത്രമായി.
കൂട്ടുകാരികളുടെ കത്തുകള്‍ക്ക്
കൃത്യമായി മറുപടി അയച്ചു.
പടിഞ്ഞാറെ മുറ്റത്ത് ഇരുട്ടുപരക്കുന്നതും
പനമ്പട്ടകളിലൂടെ പാലക്കാടന്‍കാറ്റ് കടന്നുവരുന്നതും നോക്കി.
ഒരു നദിയും,
നദിയോട് തൊട്ട്നില്‍ക്കുന്ന കൂറ്റന്‍ കോളേജും
മനസ്സിനെ ആഹ്ളാദമാക്കികൊണ്ട് ജീവിച്ചു.
അവന്റെ കത്തുകള്‍ അവളുടെ മോഹങ്ങളായി മാറി
കാരണം
അവമാത്രം ഒരിക്കലും വന്നിരുന്നില്ല ”
വീണ്ടും വീണ്ടും കണ്ടിട്ടും
പത്മരാജന്‍ സിനിമകള്‍ ഹൃദയത്തോട് ഒട്ടുന്നുണ്ടെങ്കില്‍
പ്രമേയത്തിലും അവതരണത്തിലും കാണിച്ച
വ്യതിരിക്തത തന്നെയായിരുന്നൂ അതിന് കാരണവും.
6
6