നിങ്ങളുടെ ഈ ദുര്‍ഗന്ധം ചരിത്രത്തിലെ അക്ഷരത്തെറ്റ് തന്നെ; എസ്.എഫ്.ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സ്പീക്കര്‍

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ സംഘര്‍ഷത്തില്‍ എസ്.എഫ്.ഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി സ്പീക്കര്‍ പി.ശ്രീരമാകൃഷ്ണന്‍. അദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ശക്തമായ ഭാഷയില്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.

നിങ്ങള്‍ ഏതു തരക്കാരാണെന്നും എന്താണ് നിങ്ങളെ നയിക്കുന്ന തീജ്വാലയെന്നും ഏതു പ്രത്യശാസ്ത്രമാണ് നിങ്ങള്‍ക്ക് തണലെന്നും നിങ്ങളുടെ ഈ ദുര്‍ഗന്ധം ചരിത്രത്തിലെ അക്ഷരത്തെറ്റ് തന്നെയാണെന്നും അദേഹം പറയുന്നു. തെറ്റുകള്‍ക്ക് മുമ്പില്‍ രണ്ടു വഴികളില്ലെന്നും ശിരസ്സു കുനിച്ചു മാപ്പപേക്ഷിക്കുക അല്ലെങ്കില്‍ നാറ്റം പേറി സ്വയം നാറാതെ സ്വബുദ്ധികാണിക്കു എന്നും അദേഹം വിമര്‍ശിക്കുന്നു.

യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടയില്‍ എസ് എഫ് ഐ പ്രര്‍ത്തകനും മൂന്നാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിയുമായ അഖിലിന് കുത്തേറ്റിരുന്നു. സംഭവത്തില്‍ എസ് എഫ് ഐ പ്രവര്‍ത്തകരായ ഏഴ് പേര്‍ ഒളിവിലാണ്. ഇവരെ സംഘടനയില്‍ നിന്ന് സസ്‌പെന്റ് ചെയ്തിട്ടുണ്ടെന്നും കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടതായും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ് അറിയിച്ചു.

സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

അഖിൽ
—————

എന്റെ ഹൃദയം നുറുങ്ങുന്നു,
കരൾപിടയുന്ന വേദനകൊണ്ട് തേങ്ങുന്നു.
ലജ്ജാഭാരം കൊണ്ട് ശിരസ്സ് പാതാളത്തോളം താഴുന്നു.
ഓർമ്മകളിൽ മാവുകൾ മരത്തകപ്പച്ച വിരിച്ച മനോഹരമായ എന്റെ കലാലയം.

സ്നേഹസുരഭിലമായ ഓർമ്മകളുടെ
ആ പൂക്കാലം.
“എന്റെ, എന്റെ “എന്ന് ഓരോരുത്തരും വിങ്ങുന്ന തേങ്ങലോടെ ഓർത്തെടുക്കുന്ന വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ സ്നേഹനിലാവ്.

യുവലക്ഷങ്ങളുടെ ആ സ്നേഹനിലാവിലേക്കാണ് നിങ്ങൾ കഠാരയുടെ കൂരിരുട്ട് ചീറ്റിത്തെറിപ്പിച്ചത്.
ഈ നാടിന്റെ സർഗ്ഗാത്‌മക യൗവ്വനത്തെയാണ് നിങ്ങൾ
ചവുട്ടി താഴ്ത്തിയത്.

നിങ്ങൾ ഏതു തരക്കാരാണ്?
എന്താണ് നിങ്ങളെ നയിക്കുന്ന തീജ്വാല?
ഏതു പ്രത്യശാസ്ത്രമാണ് നിങ്ങൾക്ക് തണൽ?
നിങ്ങളുടെ ഈ ദുർഗന്ധം
ചരിത്രത്തിലെ അക്ഷരത്തെറ്റ് തന്നെയാണ്.

മനം മടുപ്പിക്കുന്ന നാറ്റത്തിന്റെ ഈ സ്വർഗം
നമുക്ക് വേണ്ട.
ഇതിനേക്കാൾ നല്ലത് സമ്പൂർണ്ണ പരാജയത്തിന്റെ നരകമാണ്.
തെറ്റുകൾക്കുമുമ്പിൽ രണ്ടു വഴികളില്ല,
ശിരസ്സു കുനിച്ചു മാപ്പപേക്ഷിക്കുക.
നാറ്റം പേറി സ്വയം നാറാതെ സ്വബുദ്ധി കാണിക്കുക.
കാലം കാത്തു വച്ച രക്തനക്ഷത്രങ്ങളുടെ ഓർമ്മകൾ മറക്കാതിരിക്കുക.

ഓർമ്മകളുണ്ടായിരിക്കണം,
അവിടെ ഞങ്ങളുടെ ജീവന്റെ ചൈതന്യമുണ്ട്.
ചിന്തയും വിയർപ്പും,
ചോരയും കണ്ണുനീരുമുണ്ട്.

Share news
error: Content is protected !!
Scroll to Top