പാചകമത്സരത്തില്‍ സംസ്ഥാന തലത്തില്‍ ഒന്നാമത് വള്ളിയാട് ഈസ്റ്റ് എല്‍പി സ്‌കൂളിലെ പാചക തൊഴിലാളി പി ശോഭ

കോഴിക്കോട്:2024-2025 അധ്യയന വര്‍ഷം കോഴിക്കോട് ജില്ലയിലെ സ്‌കൂളുകളില്‍ മികച്ച രീതിയിലാണ് ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കിയത് എന്ന്
എഡിഎമ്മിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ഉച്ചഭക്ഷണ കമ്മിറ്റി അവലോകന യോഗം വിലയിരുത്തി. പരാതിരഹിതമായാണ് എല്ലായിടത്തും പദ്ധതി പൂര്‍ത്തിയാകുന്നത്.

ജില്ലയില്‍ മൂന്ന് വിദ്യാഭ്യാസ ജില്ലകളില്‍ ഉള്‍പ്പെട്ട 17 ഉപജില്ലകളിലായി 1215 സ്‌കൂളുകളിലാണ് തൃപ്തികരമായ രീതിയില്‍ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കിയത്.

ഇത്രയും സ്‌കൂളുകളില്‍ 1383 പാചക തൊഴിലാളികള്‍ ജോലി ചെയ്യുന്നു. ഇവര്‍ക്ക് പാചകകൂലി ഇനത്തില്‍ ഒക്ടോബര്‍ വരെ മുഴുവന്‍ തുകയും നവംബര്‍ മാസത്തെ സംസ്ഥാന വിഹിതവും നല്‍കി. ഇതിനു പുറമേ 1300 രൂപ വീതം
ഓണം ബോണസും അനുവദിച്ചു.

ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി
ജാലി ചെയ്യുന്ന 18 ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ക്ക് ഡിസംബര്‍ വരെയുള്ള വേതനവും ഓണം ബോണസ് തുകയും നല്‍കി. സ്‌കൂളുകള്‍ക്ക് നവംബര്‍ വരെയുള്ള തുക പാചകചിലവ് ഇനത്തില്‍ നല്‍കി.

ഉച്ചഭക്ഷണത്തിന്റെ കൂടെ സപ്ലിമെന്ററി ന്യൂട്രീഷന്റെ ഭാഗമായി മാസത്തില്‍ 8 തവണ പാലും 4 തവണ മുട്ടയും കുട്ടികള്‍ക്ക് നല്‍കി വരുന്നു. ഈ ഇനത്തില്‍ നവംബര്‍ വരെയുള്ള തുക സ്‌കൂളുകള്‍ക്ക് കൈമാറിയിട്ടുണ്ട്.

ജില്ലാ ഭക്ഷ്യസുരക്ഷ വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ജില്ലയിലെ
മാസ്റ്റര്‍ ട്രെയിനര്‍മാരായി തെരഞ്ഞെടുത്ത 30 പാചക തൊഴിലാളികള്‍ക്ക്
കഴിഞ്ഞ മേയില്‍ പരിശീലനം നല്‍കി. ഈ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ അവരുടെ ഉപജില്ലകളിലെ മുഴുവന്‍ പാചക തൊഴിലാളികള്‍ക്കും പരിശീലനം നല്‍കി.

അധ്യയന വര്‍ഷം തുടങ്ങുന്നതിനുമുമ്പ് നടത്തുന്ന സ്‌കൂളുകളിലെ കുടിവെള്ള പരിശോധന ജില്ലയില്‍ 100% മാണ്.

സ്‌കൂളുകളിലെ പാചക തൊഴിലാളികള്‍ക്കായി സംഘടിപ്പിച്ച പാചക മത്സരത്തില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സമ്മാനം നേടിയ, തോടന്നൂര്‍ ഉപജില്ലയിലെ വള്ളിയാട് ഈസ്റ്റ് എല്‍ പി സ്‌കൂളിലെ പാചക തൊഴിലാളി പി ശോഭയെ ഉച്ചഭക്ഷണ കമ്മിറ്റി യോഗം അനുമോദിച്ചു.

25 വര്‍ഷമായി സ്‌കൂളിലെ പാചക തൊഴിലാളിയായി ജോലി ചെയ്യുന്ന ശോഭയ്ക്കുള്ള ഉപഹാരം എഡിഎം സി മുഹമ്മദ് റഫീക്ക് കൈമാറി.

യോഗത്തില്‍ ഡിഡിഇ സി മനോജ് കുമാര്‍, സ്‌കൂള്‍ പ്രധാനഅധ്യാപകര്‍, മുന്‍ ഡിഡിഇ വി പി മിനി,സപ്ലൈകോ, ആരോഗ്യം വനിത ശിശു സംരക്ഷണം എന്നീ വകുപ്പുകളിലെയും കോഴിക്കോട് കോര്‍പ്പറേഷനിലെയും ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top