പി.ജി. കോഴ്‌സുകള്‍ വേണ്ടെന്നത് ലക്ഷദ്വീപ് ഭരണകൂടതീരുമാനം;ഏതും കോഴ്‌സും നല്‍കാന്‍ കാലിക്കറ്റ് തയ്യാര്‍

ലക്ഷദ്വീപിലുള്ള കാലിക്കറ്റ് സര്‍വകലാശാലാ പഠന കേന്ദ്രങ്ങളിലെ പി.ജി. കോഴ്‌സുകള്‍ നിര്‍ത്തുന്നത് സംബന്ധിച്ച് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അറിയിച്ചു.

വൈസ് ചാന്‍സലറും സിന്‍ഡിക്കേറ്റും എതിര്‍ത്താല്‍ ദ്വീപിലെ കോഴ്‌സുകള്‍ തുടരാനാകുമെന്നത് തെറ്റിധാരണ പരത്തുന്ന പ്രചാരണമാണ്. കോഴ്‌സുകള്‍ നിര്‍ത്താന്‍ സിന്‍ഡിക്കേറ്റല്ല തീരുമാനിച്ചത്. ദ്വീപ് ഭരണകൂടത്തിന്റെ ആവശ്യപ്രകാരമാണ് 2005 മുതല്‍ കടമത്ത് , കവറത്തി, ആന്ത്രോത്ത് എന്നിവിടങ്ങളില്‍ സര്‍വകലാശാല പഠനകേന്ദ്രങ്ങള്‍ തുടങ്ങിയത്. കെട്ടിടങ്ങള്‍ ഒരുക്കിയതും ജീവനക്കാര്‍ക്കുമുള്ള ശമ്പളം നല്‍കുന്നതുമെല്ലാം ദ്വീപ് ഭരണകൂടം നല്‍കുന്ന ഫണ്ട് ഉപയോഗിച്ചാണ്. അധ്യാപകരെ നിയമിക്കല്‍, കോഴ്‌സ് -പരീക്ഷാ നടത്തിപ്പ് മാത്രമാണ് സര്‍വകലാശാലയുടെ ചുമതല. ദ്വീപ് ഭരണകൂടത്തിന്റെ നയപരമായ തീരുമാനങ്ങളെ തിരുത്താനോ ധാരണാപത്രം മറികടന്ന് പ്രവര്‍ത്തിക്കാനോ സര്‍വകലാശാലക്ക് കഴിയില്ല. ലക്ഷദ്വീപ് ഭരണകൂടമാണ് പി.ജി. കോഴ്‌സുകള്‍ തുടരേണ്ടതില്ലെന്ന് ആവശ്യപ്പെട്ടത്. തുടരാന്‍ സന്നദ്ധത അറിയിച്ച കോഴ്‌സുകളില്‍ ബി.എ. അറബിക്, ബി.എ. പൊളിറ്റിക്കല്‍ സയന്‍സ് എന്നിവ ഉള്‍പ്പെടുത്തിയിട്ടില്ല.

സര്‍വകലാശാലയുമായുള്ള ധാരണാപത്രം പുതുക്കുന്നതിനായി ജൂലായ് 12ന് ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ ദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ പ്രതിനിധീകരിച്ച എജ്യുക്കേഷന്‍ ഓഫീസര്‍ പങ്കെടുത്തിരുന്നു. പി.ജി. കോഴ്‌സുകള്‍ നിര്‍ത്തണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. ദീപിലെ കേന്ദ്രങ്ങളില്‍ പി.ജിക്ക് ചേരുന്നവരുടെ എണ്ണം വളരെ കുറവാണ്, വിജയശതമാനം താഴ്ന്നതാണ് തുടങ്ങിയ കാര്യങ്ങള്‍ യോഗത്തില്‍ ദ്വീപ് അധികൃതര്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2020-22 അധ്യയന വര്‍ഷത്തില്‍ എം.എ. അറബിക് ആരും പഠിക്കുന്നില്ല. ഇംഗ്ലീഷിന് ഒമ്പതു പേരും ഇക്കണോമിക്‌സില്‍ രണ്ടാളുമാണുള്ളത്. ഇപ്പോള്‍ എം.എസ് സി. മാത്സിന് ഒരാള്‍ മാത്രവും. 12 സീറ്റുള്ള എം.എസ്സി. അക്വാകള്‍ച്ചറില്‍ എട്ടു പേരുമുണ്ട്. കഴിഞ്ഞ വര്‍ഷം ഇംഗ്ലീഷിന് ഒരാളും ഇക്കണോമിക്‌സിന് മൂന്നു പേരും മാത്സിന് രണ്ടു പേരുമാണുണ്ടായിരുന്നത്. ഈ കോഴ്‌സുകള്‍ക്കെല്ലാം 15 സീറ്റുകളുണ്ട്.

2019-21 വര്‍ഷത്തില്‍ എം.എ. അറബിക്കിന് പ്രവേശനം നേടിയ ഒരേയൊരാള്‍ക്ക് ജയിക്കാനായില്ല. അക്വാകള്‍ച്ചറില്‍ 2018-20 വര്‍ഷത്തില്‍ ആരും പ്രവേശനം നേടിയില്ല. 20 സീറ്റുള്ള എം.കോമില്‍ 2020-22 വര്‍ഷത്തില്‍ ഏഴു പേരേ ചേര്‍ന്നുള്ളൂ. മുന്‍വര്‍ഷം ഇത് 11 ആയിരുന്നു. പി.ജി. പഠനത്തിന് കേരളത്തിലോ പുറത്തോ പോയി പഠിക്കാനാണ് വിദ്യാര്‍ഥികള്‍ താത്പര്യപ്പെടുന്നതെന്നും യോഗത്തില്‍ ഇവര്‍ വ്യക്തമാക്കിയിരുന്നു.

ബി.എ. അറബിക്കിന് കൂടുതല്‍ പഠിതാക്കളുള്ളതിനാലും സര്‍വകലാശാലയുടെ യുനെസ്‌കോ അംഗീകൃത തദ്ദേശ പഠനചെയറിന്റെ പരിധിയില്‍ വരുന്നതിനാലും നില നിര്‍ത്താന്‍ അഭ്യര്‍ത്ഥിക്കണമെന്ന് സിന്‍ഡിക്കേറ്റ് തീരുമാനിച്ചിട്ടുണ്ട്.

ഇത്തവണ തൊഴിലധിഷ്ഠിത ബിരുദ കോഴ്‌സുകള്‍ കൂടുതലായി വേണമെന്നാണ് ദ്വീപ് ഭരണകൂടം ആവശ്യപ്പെട്ടിരിക്കുന്നതെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു. ബി.വോക്. ഫിഷറീസ്, ടൂറിസം കോഴ്‌സുകളും ലഭ്യമായ മറ്റു കോഴ്‌സുകളുമെല്ലാം സര്‍വകലാശാലക്ക് നല്‍കാനാകും. ദ്വീപിലെ തൊഴില്‍ സാധ്യതകള്‍ കണ്ടറിഞ്ഞ് അടുത്തവര്‍ഷം പുതിയ കോഴ്‌സുകള്‍ രൂപകല്പന ചെയ്യുന്നതും പരിഗണനയിലുണ്ട്. ലക്ഷദ്വീപിന് മാത്രമായി ഡീനിനെ നിയമിക്കാന്‍ വിജ്ഞാപനം നല്‍കിക്കഴിഞ്ഞു. മുഴുവന്‍ സമയവും ദ്വീപില്‍ നില്‍ക്കുന്നയാളാകണമെന്നാണ് ഭരണകൂടത്തിന്റെ നിബന്ധന. വൈകാതെ നിയമനം നടക്കുമെന്ന് വി.സി. അറിയിച്ചു.

പരീക്ഷ മാറ്റി

സപ്തംബര്‍ 1-ന് നടത്താന്‍ തീരുമാനിച്ചിരുന്ന 2019 സ്‌കീം, 2019 പ്രവേശനം വിദൂരവിദ്യാഭ്യാസ വിഭാഗം സി.ബി.സി.എസ്.എസ്.-പി.ജി. എം.എ., എം.എസ് സി., എം.കോം. ഒന്നാം സെമസ്റ്റര്‍ ഏപ്രില്‍/മെയ് 2020 റഗുലര്‍ പരീക്ഷകളും 2016 മുതല്‍ പ്രവേശനം ഒന്ന്, രണ്ട് സെമസ്റ്റര്‍ സപ്ലിമെന്ററി ഇംപ്രൂവ്മെന്റ് പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

പ്രാക്ടിക്കല്‍ പരീക്ഷ

2019 ബാച്ച് ബി.വോക്. ഒപ്ടോമെട്രി ആന്റ് ഒഫിതാല്‍മോളജിക്കല്‍ ടെക്നിക്ക്സ് നവംബര്‍ 2019 ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടേയും ഏപ്രില്‍ 2020 രണ്ടാം സെമസ്റ്റര്‍ പരീക്ഷയുടേയും പ്രാക്ടിക്കല്‍ പരീക്ഷ 31, സപ്തംബര്‍ 1, 2 തീയതികളിലും ബി.വോക്. മള്‍ട്ടിമീഡിയ നവംബര്‍ 2020 മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ സപ്തംബര്‍ 3, 4 തീയതികളിലും നടക്കും.

പരീക്ഷ

ബി.ബി.എ. എല്‍.ല്‍.ബി. (ഹോണേഴ്സ്) 2011 സ്‌കീം എട്ടാം സെമസ്റ്റര്‍, മൂന്ന് വര്‍ഷ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി 2015 സ്‌കീം നാലാം സെമസ്റ്റര്‍ നവംബര്‍ 2020 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ സപ്തംബര്‍ 8-നും 2019, 2020 പ്രവേശനം മൂന്ന് വര്‍ഷ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി 2015 സ്‌കീം ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2020 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളും 2015, 2018 പ്രവേശനം ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷകളും 2019, 2020 പ്രവേശനം ബി.ബി.എ. എല്‍.എല്‍.ബി. (ഹോണേഴ്സ്) നവംബര്‍ 2020 ഒന്നാം സെമസ്റ്റര്‍ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും 2012 മുതല്‍ 2018 വരെ പ്രവേശനം ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷകളും സപ്തംബര്‍ 9-നും തുടങ്ങും.

2014 മുതല്‍ പ്രവേശനം അഞ്ചാം സെമസ്റ്റര്‍ എം.സി.എ. ഡിസംബര്‍ 2020 സപ്ലിമെന്ററി പരീക്ഷകള്‍ സപ്തംബര്‍ 8-ന് തുടങ്ങും.

2014 സ്‌കീം ബി.ടെക്. എട്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2021 റഗുലര്‍പരീക്ഷയും നവംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും 2009 സ്‌കീം 2012 മുതല്‍ 2014 വരെ പ്രവേശനം എട്ടാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക് ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷകളും 2014 സ്‌കീം എട്ടാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷകളും സപ്തംബര്‍ 8-ന് തുടങ്ങും.

Share news
error: Content is protected !!
Scroll to Top