Section

malabari-logo-mobile

ഒരു വടക്കന്‍ വീരഗാഥക്ക് മുപ്പത് വയസ്സ്

HIGHLIGHTS : മലയാള ചലച്ചിത്ര ലോകത്തിലെ ക്ലാസിക് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു വടക്കന്‍ വീരഗാഥ പുറത്തിറങ്ങിയിട്ട് ഇന്നേയ്ക്ക് മുപ്പത് വയസ്സ്. 1989 ഏപ്രില്‍ 14...

എഴുത്ത്: രാജേഷ് വി. അമല
മലയാള ചലച്ചിത്ര ലോകത്തിലെ ക്ലാസിക് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു വടക്കന്‍ വീരഗാഥ പുറത്തിറങ്ങിയിട്ട് ഇന്നേയ്ക്ക് മുപ്പത് വയസ്സ്. 1989 ഏപ്രില്‍ 14 ന് ഒരു വിഷു ദിനത്തിലായിരുന്നു ചിത്രത്തിന്റെ റിലീസ്. അന്നേവരെ കണ്ടു പരിചയിച്ച കാഴ്ച ശീലങ്ങളെ പൊളിച്ചെഴുതിയ ചിത്രമായിരുന്നു ഒരു വടക്കന്‍ വീരഗാഥ.

നൂറ്റാണ്ടുകളായി പാടി നടന്ന വടക്കന്‍ വീരന്മാരുടെ കഥയുടെ മറ്റൊരു മുഖമായിരുന്നു എം.ടി എന്ന എഴുത്തുകാരന്റെ തിരക്കഥയില്‍ പ്രേക്ഷകര്‍ കണ്ടത്. നൂറ്റാണ്ടുകളായി മനസ്സിലുറച്ച ‘ചതി’യനായ ചന്തുവിന്റെ പറയാതെ പോയ ലോകമായിരുന്നു ചിത്രത്തിലൂടെ അടയാളപ്പെടുത്തിയത്.വടക്കന്‍ പാട്ട് കഥകള്‍ പറഞ്ഞ നിരവധി ചിത്രങ്ങള്‍ മുന്‍പും പുറത്തു വന്നിരുന്നെങ്കിലും അവയെല്ലാം സാമ്പ്രദായിക കഥാ വഴികളെത്തന്നെ പിന്‍പറ്റുന്നവയായിരുന്നു. അവയ്‌ക്കെല്ലാമുള്ളൊരു വിടുതിയായിരുന്നു ഒരു വടക്കന്‍ വീരഗാഥ.

sameeksha-malabarinews

അളന്ന് മുറിച്ചുള്ള ചടുലമായ സംഭാഷണങ്ങള്‍ തന്നെയായിരുന്നു ചിത്രത്തിന്റെ കാതല്‍.പ്രണയവും നായകന്റെ വീരസാഹസിക രംഗങ്ങളുമെല്ലാം ചേര്‍ന്ന് ഒരു വിനോദ വിഭവമായി നിര്‍മ്മിക്കപ്പെട്ടുപോന്ന മുന്‍ വടക്കന്‍പാട്ട് ചിത്രങ്ങളില്‍ നിന്നും കഥാഗതിയില്‍ വേറിട്ട് നിന്നു, ഒരു വടക്കന്‍ വീരഗാഥ.വെള്ളിത്തിരയില്‍ കണ്ട മറ്റൊരു ചന്തുവിനെ കൗതുകത്തോടെ ഇരുകൈയും നീട്ടി സ്വീകരിച്ചു അന്ന് പ്രേക്ഷകര്‍.

വന്‍ താരനിരയില്‍ പുറത്തുവന്ന ചിത്രത്തില്‍ ചതിയന്‍ ചന്തുവായി വേഷമിട്ട മമ്മൂട്ടി എന്ന നടനായിരുന്നു ആ വര്‍ഷത്തെ ദേശീയ പുരസ്‌കാരം. സുരേഷ് ഗോപി, ബാലന്‍ കെ. നായര്‍, മാധവി,ഗീത തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍. മികച്ച തിരക്കഥയ്ക്ക് ഉള്‍പ്പെടെ ഒരുപിടി ദേശീയ സംസ്ഥാന പുരസ്‌കാരങ്ങളും ചിത്രത്തിന് ലഭിച്ചു.ചിത്രത്തിന്റെ സംവിധായകനായ ഹരിഹരന്റെ കരിയറിലെ മികച്ച ചിത്രം കൂടിയായിരുന്നു ഇത്.

വലിയ നഗരങ്ങളിലെല്ലാം തന്നെ നാല് ഷോകളിലായി നൂറ് ദിനങ്ങളിലേറെ ചിത്രം പ്രദര്‍ശിപ്പിച്ചു.എം.ടിയുടെ തൂലികയില്‍ വിരിഞ്ഞ ഓരോ സംഭാഷണവും മുപ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം ഓരോ സിനിമാസ്വാദകന്റെയും ഉളളില്‍ നിറഞ്ഞു കിടക്കുന്നു എന്നത് ഒരു വടക്കന്‍ വീരഗാഥ എന്ന ചലച്ചിത്രത്തിന്റെ കലാമികവ് തന്നെയാണ് കാണിക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!