Section

malabari-logo-mobile

വാഹന പരിശോധന ഡിജിറ്റലാക്കുന്നു; 18 വയസ് പൂര്‍ത്തിയാകാതെ വാഹനമോടിച്ചാല്‍ 25000 രൂപ പിഴയും 3 വര്‍ഷം തടവും

HIGHLIGHTS : തിരുവനന്തപുരം: വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കുന്ന നടപടി അവസാനിപ്പിച്ച് ഡിജിറ്റര്‍ സംവിധാനത്തിലേക്ക് മാറുമെന്ന് മന്ത്രി എ. കെ. ശശീന്ദ്രന്‍ വ...

തിരുവനന്തപുരം: വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കുന്ന നടപടി അവസാനിപ്പിച്ച് ഡിജിറ്റര്‍ സംവിധാനത്തിലേക്ക് മാറുമെന്ന് മന്ത്രി എ. കെ. ശശീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരിശോധനാരീതി നവീകരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം നടപടി സ്വീകരിക്കുക. സെപ്റ്റംബര്‍ മൂന്നു മുതല്‍ റോഡ് സുരക്ഷാ ആക്ഷന്‍ പ്ലാനിന്റെ ഭാഗമായി പ്രഖ്യാപിച്ചിരുന്ന കര്‍ശന പരിശോധന പരിപാടി ആരംഭിക്കും.
മോട്ടോര്‍ വാഹന നിയമ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ പുതുക്കിയ പിഴ ഈടാക്കും. ഗതാഗത നിയമലംഘനം നടത്തി ലൈസന്‍സ് റദ്ദ് ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ കുറ്റക്കാര്‍ റിഫ്രഷര്‍ കോഴ്‌സും സാമൂഹ്യസേവനവും നടത്തണം. ഇതിനായി ആരോഗ്യവകുപ്പുമായും സാമൂഹ്യനീതി വകുപ്പുമായി ആലോചിച്ച് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിച്ചാല്‍ മാതാപിതാക്കള്‍ക്കോ രക്ഷിതാക്കള്‍ക്കോ വാഹന ഉടമയ്ക്കോ എതിരെ നടപടിയുണ്ടാവും. 25000 രൂപ പിഴയും മൂന്ന് വര്‍ഷം തടവും അനുഭവിക്കേണ്ടി വരും. വാഹനത്തിന്റെ രജിസ്ട്രഷന്‍ സര്‍ട്ടിഫിക്കറ്റ് ഒരു വര്‍ഷത്തേക്ക് റദ്ദ് ചെയ്യും. കൂടാതെ വാഹനം ഓടിച്ച കുട്ടിയ്ക്ക് 18 വയസ്സിനു പകരം 25 വയസ്സിനു ശേഷം മാത്രമേ ലൈസന്‍സിന് അപേക്ഷിക്കാന്‍ സാധിക്കുകയുള്ളു.
കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ പതിനായിരത്തിലധികം റോഡപകടങ്ങളാണ് സംസ്ഥാനത്തുണ്ടായത്. ഇതില്‍ 1203 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി മന്ത്രി പറഞ്ഞു. പുതിയ നിയമപ്രകാരം വാഹന രജിസ്‌ട്രേഷന് ഓണ്‍ലൈനായി സംസ്ഥാനത്തെ ഏത് ആര്‍. ടി ഓഫീസിലും അപേക്ഷിക്കാം. എന്നാല്‍ വാഹന ഉടമയുടെ മേല്‍വിലാസത്തിന്റെ പരിധിയിലുള്ള ഓഫീസിലെ രജിസ്റ്റര്‍ നമ്പറാവും ലഭിക്കുക.
പുതിയ നിയമപ്രകാരം ഗതാഗത നിയമലംഘനങ്ങള്‍ക്ക് മേല്‍ ഈടാക്കിയിരുന്ന തുക വലിയ തോതില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെ വാഹനം ഓടിച്ചാല്‍ 1000 രൂപ പിഴ നല്‍കണം. ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളില്‍ അനുവദനീയമായതിലും കൂടുതല്‍ യാത്രക്കാരെ കയറ്റിയാല്‍ വാഹന ഉടമ അധികമുള്ള ഓരോ യാത്രക്കാരനും 200 രൂപ വീതം പിഴ ഒടുക്കണം. അമിതവേഗതയക്ക് ലൈറ്റ് മോട്ടാര്‍ വാഹനങ്ങള്‍ക്ക് 2000 രൂപയും മീഡിയം ഹെവി വാഹനങ്ങള്‍ക്ക് 4000 രൂപയുമാണ് പിഴ. കുറ്റം ആവര്‍ത്തിച്ചാല്‍ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദ് ചെയ്യും. ചുവപ്പ് ലൈറ്റ് മറികടക്കല്‍, സ്റ്റോപ്പ് സൈന്‍ അനുസരിക്കാതിരിക്കുക, വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, അപകടകരമായ രീതിയില്‍ ഓവര്‍ടേക്ക് ചെയ്യുക, വണ്‍വേ തെറ്റിച്ചുള്ള യാത്ര എന്നിവയ്ക്ക് ആറ് മാസത്തില്‍ കുറയാതെ ഒരു വര്‍ഷം വരെ തടവോ അല്ലെങ്കില്‍ 5000 രൂപ പിഴയോ രണ്ടും കൂടെയോ ലഭിക്കും. മദ്യപിച്ച് വാഹനമോടിച്ചാല്‍ ആറ് മാസം തടവും 10,000 രൂപ പിഴയും ഒടുക്കേണ്ടി വരും. ഇതേ കുറ്റം ആവര്‍ത്തിച്ചാല്‍ 15,000 രൂപ പിഴയും രണ്ട് വര്‍ഷം തടവുമാണ് ശിക്ഷ.
ഡ്രൈവിംഗ് ലൈസന്‍സില്ലാതെ വാഹനമോടിച്ചാല്‍ 5000 രൂപ പിഴയും ലൈസന്‍സില്ലാത്തവര്‍ക്ക് വാഹനമോടിക്കാന്‍ നല്‍കുന്നതിന് വാഹന ഉടമ 5000 രൂപ പിഴയും നല്‍കണം. നിയമാനുസൃതം നിലവിലില്ലാത്ത ലൈസന്‍സില്‍ വാഹനം ഓടിച്ചാലും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, രജിസ്‌ട്രേഷന്‍ വാലിഡിറ്റി എന്നിവയില്ലെങ്കിലും 10,000 രൂപയാണ് പിഴ. ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനം ഓടിച്ചാല്‍ 2000 രൂപയും കുറ്റം ആവര്‍ത്തിച്ചാല്‍ മൂന്ന് മാസം തടവും 4000 രൂപ പിഴയുമടയ്ക്കണം. ചരക്കുവാഹനത്തില്‍ അമിതഭാരം കയറ്റിയാല്‍ 20,000 രൂപയും വാഹനത്തില്‍ അനധികൃതമായി രൂപമാറ്റം വരുത്തുന്നതിന് 5000 രൂപയും പിഴ നല്‍കണം.
ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ ലൈസന്‍സ് കാലാവധി അഞ്ച് വര്‍ഷമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുവാനുള്ള തിയതി കഴിഞ്ഞാല്‍ ഒരു വര്‍ഷം വരെ പിഴ ഒടുക്കി പുതുക്കാം. ഒരു വര്‍ഷം കഴിഞ്ഞാല്‍ വീണ്ടും ടെസ്റ്റ് വിജയിക്കേണ്ടി വരും.
ഡീലര്‍മാര്‍ വാഹന രജിസ്‌ട്രേഷനില്‍ തെറ്റായ വിവരം നല്‍കിയാല്‍ ആറു മുതല്‍ ഒരു വര്‍ഷം വരെ തടവോ, വാര്‍ഷിക നികുതിയുടെ പത്ത് ഇരട്ടിയോളമോ പിഴ ചുമത്തും. വാഹന നിര്‍മ്മാണം സംബന്ധിച്ച വ്യവസ്ഥകള്‍ ലംഘിക്കുന്ന വാഹന നിര്‍മ്മാതാക്കള്‍ 100 കോടി രൂപ പിഴ നല്‍കേണ്ടി വരും. വാഹന ഉടമയാണ് രൂപമാറ്റം വരുത്തുന്നതെങ്കില്‍ ആറ് മാസം തടവും 5000 രൂപ പിഴയും ചുമത്തും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!