മലപ്പുറം: ജില്ലയില്‍ നിര്‍മ്മാണ മേഖലയില്‍ നിലനിന്നിരുന്ന നിരോധന ഉത്തരവ് പിന്‍വലിച്ചതായി ജില്ലാകലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമായി തുടര്‍ന്ന സാഹചര്യത്തില്‍ കെട്ടിട നിര്‍മ്മാണത്തിലേര്‍പ്പെടുന്നത് അപകട ഭീഷണിയുള്ളതിനാലാണ് ജില്ലയിലെ നിര്‍മ്മാണ പ്രവൃത്തികള്‍ നിര്‍ത്തിവെയ്ക്കാന്‍ കലക്ടര്‍ ഉത്തരവിട്ടിരുന്നത്.
നിലവില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതില്‍ അപകട ഭീഷണികളൊന്നും നിലനില്‍ക്കുന്നില്ലെന്നും പുനര്‍നിര്‍മ്മാണ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കേണ്ടതിനാലുമാണ് നിര്‍മ്മാണ മേഖലയിലെ നിരോധനം പിന്‍വലിച്ച് കലക്ടര്‍ ഉത്തരവിട്ടിരിക്കുന്നത്.
അതെസമയം ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അലേര്‍ട്ടുകള്‍ നിലവിലുള്ളതിനാല്‍ ജില്ലയില്‍ തുടര്‍ന്ന് വരുന്ന ഖനനനിരോധനം തുടരുമെന്നും ക്വാറികളിലും ക്രഷറുകളിലുമുള്ള സ്റ്റോക്ക് നിയമാനുസൃതമായ പാസുകള്‍ പ്രകാരം ക്ലിയര്‍ ചെയ്യുന്നതിന് അനുമതിയുണ്ടെന്നും ജില്ലാകലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ നിര്‍മാണ സാമഗ്രികളുടെ ലഭ്യത ഉറപ്പുവരുത്തേണ്ടതിനാലാണ് ക്വാറികളിലുള്ള നിലവിലുള്ള സ്റ്റോക്ക് ക്ലിയര്‍ ചെയ്യുന്നതിനായി കലക്ടര്‍ അനുമതി നല്‍കിയിരിക്കുന്നത്.




