Section

malabari-logo-mobile

‘ഓപറേഷന്‍ ഓവര്‍ലോഡ്-3’; വിജിലന്‍സ് പരിശോധനയില്‍ ഈടാക്കിയത് 1.36 കോടി രൂപ പിഴ

HIGHLIGHTS : 'Operation Overload-3'; A fine of Rs 1.36 crore was levied during the vigilance inspection

ക്വാറി ഉത്പന്നങ്ങള്‍ കടത്തുന്ന വാഹനങ്ങളിലെ റോയല്‍റ്റി, നികുതി വെട്ടിപ്പ് കണ്ടെത്താന്‍ സംസ്ഥാന വ്യാപകമായി വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കോടികളുടെ വെട്ടിപ്പ് കണ്ടെത്തി. ‘ഓപറേഷന്‍ ഓവര്‍ലോഡ്-3’ എന്ന പേരില്‍ ബുധനാഴ്ച പുലര്‍ച്ചെ 6.30 മുതല്‍ ആരംഭിച്ച റെയ്ഡില്‍ മോട്ടോര്‍ വാഹന, മൈനിങ് ആന്‍ഡ് ജിയോളജി, ജി എസ് ടി എന്നീ വകുപ്പുകളിലെ വിവിധ നിയമങ്ങള്‍ പ്രകാരം 1,36,53,270 രൂപ പിഴ ഈടാക്കി. അമിത ഭാരം കയറ്റിയതായി വിജിലന്‍സ് കണ്ടെത്തിയ 319 വാഹനങ്ങളില്‍ നിന്നായി മോട്ടോര്‍ വാഹന വകുപ്പ് 65,46,113 രൂപയും, റോയല്‍റ്റി ഇനത്തില്‍ വെട്ടിപ്പ് നടത്തിയതിന് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് 63,94,543 രൂപയും, ജി എസ് ടി വെട്ടിപ്പ് നടത്തിയതിന് 7,12,614 രൂപയുമാണ് പിഴ ഈടാക്കിയത്. ഒന്നര മണിക്കൂറില്‍ 347 വാഹനങ്ങള്‍ പരിശോധിച്ചതില്‍ നിന്നുമാണ് കോടികളുടെ തട്ടിപ്പ് കണ്ടെത്തിയത്.

പെര്‍മിറ്റിനു വിരുദ്ധമായി രൂപമാറ്റം വരുത്തിയും അധികഭാരം കയറ്റിയും സഞ്ചരിക്കുന്ന വാഹനങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിലെയും മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിലെയും ജി എസ് ടി വകുപ്പിലേയും ചില ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നില്ലെന്നും വിജിലന്‍സിന് രഹസ്യ വിവരം ലഭിച്ചിരുന്നു. അമിത ഭാരം കയറ്റി നികുതി വെട്ടിപ്പ് നടത്തുന്നതിലേക്ക് ചില ക്വാറി ഉടമകള്‍ കൂട്ടുനില്‍ക്കുന്നതായും മറ്റു ചില ക്വാറി ഉടമകള്‍ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ പാസ്സില്ലാത്തവര്‍ക്കും ക്വാറി ഉത്പന്നങ്ങള്‍ വില്‍പന നടത്തുന്നതായും പാസ്സുമായി വരുന്നവര്‍ക്ക് പാസ്സില്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ അളവില്‍ ക്വാറി ഉത്പന്നങ്ങള്‍ നല്‍കുന്നതായും അതുവഴി ജി എസ് ടി ഇനത്തിലും റോയല്‍റ്റി ഇനത്തിലും സര്‍ക്കാരിന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ദിനംപ്രതി സംഭവിക്കുന്നതായുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലന്‍സ് പരിശോധന.

sameeksha-malabarinews

ഒരു പാസ്സ് ഉപയോഗിച്ച് നിരവധി ലോഡുകള്‍ നല്‍കുന്നതായും തത്ഫലമായി ഓരോ ലോഡിനും ജി എസ് ടി ഇനത്തിലും റോയല്‍റ്റി ഇനത്തിലും സര്‍ക്കാര്‍ ഖജനാവിന് ലഭിയ്ക്കേണ്ട വന്‍തുക ദിനംപ്രതി നഷ്ടമാകുന്നതായും വിജിലന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറ്കടര്‍ ടി കെ വിനോദ് കുമാര്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!