വ്യായാമത്തിന് ഇനി പണം ചെലവഴിക്കേണ്ട; അഞ്ചിടങ്ങളില്‍ ഓപ്പണ്‍ ജിംനേഷ്യം

മലപ്പുറം: ജീവിതശൈലീരോഗ നിയന്ത്രണത്തിനും വ്യായാമം പ്രോത്സാഹിപ്പിക്കുന്ന തിനുമായി ആരോഗ്യവകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ അഞ്ചിടങ്ങളില്‍ ഓപ്പണ്‍ ജിംനേഷ്യം ആരംഭിക്കുന്നു. ജില്ലാപഞ്ചായത്തിന്റെ സഹകരണത്തോടെ സിവില്‍ സ്റ്റേഷനിലെ വര്‍ഷവാഹിനി ഉദ്യാനത്തിലും ചോക്കാട്, ചാലിയാര്‍, കുഴിമണ്ണ, കോട്ടയ്ക്കല്‍ നഗരസഭയുടെ കുടുംബാരോഗ്യ കേന്ദ്രങ്ങളിലുമാണ് ഓപ്പണ്‍ ജിംനേഷ്യം ആരംഭിക്കുക.

പ്രവേശനം സൗജന്യമായിരിക്കും. എയര്‍ വാക്കര്‍, ലെഗ് ഷേയ്പ്പര്‍, സിങ്കിള്‍ സ്‌കൈയര്‍, വെയ്സ്റ്റ് ഷേയ്പ്പര്‍, ബാക്ക് ഷേയ്പ്പര്‍, ഷോള്‍ഡര്‍ ഷേയ്പ്പര്‍, നീ ചെയര്‍, സൈക്കിള്‍, ഷോള്‍ഡര്‍ വീല്‍ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളോടു കൂടിയുള്ള 10 ഉപകരണങ്ങളാണ് ഓപ്പണ്‍ ജിംനേഷ്യത്തില്‍ ഒരുക്കുക. പ്രായ ഭേദമന്യേ വ്യായാമം ചെയ്യാന്‍ ആര്‍ക്കും ജിമ്മിലേക്കു വരാം. പുലര്‍ച്ചെ ആറ് മുതല്‍ എട്ടു വരെയും വൈകിട്ട് അഞ്ചു മുതല്‍ രാത്രി വരെയും ജിം ഉപയോഗിക്കാം.

മഴയത്തും വെയിലത്തും ഉപയോഗിക്കാവുന്ന തരത്തിലുള്ള ഉപകരണങ്ങളാണ് ജിമ്മില്‍ സജ്ജീകരിക്കുന്നത്. താത്ക്കാലിക ഷെഡ് ഒരുക്കാനും പദ്ധതിയുണ്ട്. ആറു ലക്ഷം രൂപ ചെലവിലാണ് വര്‍ഷവാഹിനി ഉദ്യാനത്തില്‍ ഓപ്പണ്‍ ജിംനേഷ്യം ഒരുക്കുന്നത്. പദ്ധതി ആരംഭിക്കാന്‍ മറ്റ് നാല് കുടുംബരോഗ്യകേന്ദ്രങ്ങള്‍ക്കും മൂന്നു ലക്ഷം വീതം നല്‍കും. ഡിസംബറോടെ പദ്ധതി പൂര്‍ത്തീകരിച്ച് പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കും.

Related Articles