ഓണ്‍ലൈനില്‍ ക്ലാസെടുത്ത അധ്യാപകരെ അധിക്ഷേപിച്ചവര്‍ക്കെതിരെ നടപടിക്കൊരുങ്ങി പോലീസ്

തിരുവനന്തപുരം: ജൂണ്‍ ഒന്നിന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിച്ച ഓണ്‍ലൈന്‍ ടെലിവിലഷന്‍ ക്ലാസുകള്‍ അവതരിപ്പിച്ച അധ്യാപകര്‍ക്കെതിരെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ ശക്തമായ നടപടിക്കൊരുങ്ങി പൊലീസ്. സംഭവത്തില്‍ തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഫേസ്ബുക്ക്,യു ട്യൂബ്, ഇസന്‍സ്റ്റഗ്രാം, വാട്‌സ് ആപ്പ് എന്നിവയിലൂടെ അധ്യാപകരെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി കൈറ്റ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ എ ഡി ജി പി മനോജ് എബ്രഹാമിന് നല്‍കിയ പരാതിയിലാണ് നടപടി.

കൊവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് വിക്ടേഴസ് ചാനല്‍ വഴിയാണ് ക്ലാസുകള്‍ ആരംഭിച്ചത്. ക്ലാസുകള്‍ അവതരിപ്പിച്ച അധ്യാപകരുടെ ചിത്രങ്ങളും ദൃശ്യങ്ങളും വ്യാപകമായ തരത്തിലാണ് ദുരുപയോഗം ചെയ്തിരിക്കുന്നത്. ഇങ്ങനെ ചെയ്യുന്നവര്‍ സൈബര്‍ പോലീസിന്റെ നിരീക്ഷണത്തിലാണെന്നും പൊലീസ് അറിയിച്ചു.

നിരവധി ട്രോളുകളും അശ്ലീല പരാമര്‍ശങ്ങളുമാണ് അധ്യാപകര്‍ക്ക് നേരിടേണ്ടിവന്നത്. ചിലകേന്ദ്രങ്ങളില്‍ നിന്ന് ആവര്‍ത്തിച്ച് ഇത്തരം ട്രോളുകളും കമന്റുകള്‍ പ്രചരിപ്പിച്ചതായി കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.

”ഈ മഹാമാരിയുടെ ഘട്ടത്തിലും വരുംതലമുറയുടെ വിദ്യാഭ്യാസത്തിനു വേണ്ടി ആവിഷ്‌ക്കരിച്ചിരിക്കുന്ന ബദല്‍ സംവിധാനങ്ങളെയും അധ്യാപക സമൂഹത്തെയും അവഹേളിക്കുന്ന നടപടികള്‍ ഭൂഷണമല്ല. നമ്മുടെ കുട്ടികളും ഇതൊക്കെ കണ്ട് വളരുന്നവരാണെന്ന ബോധ്യവും ഏവര്‍ക്കുമുണ്ടാകണം.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്‌കൂളുകളിലും മറ്റും ക്ളാസ്സുകള്‍ ആരംഭിക്കാന്‍ വൈകുന്നതിനാല്‍ ഓണ്‍ലൈന്‍ ക്ളാസ്സുകള്‍ വഴി പഠനം നടക്കുകയാണ്. ചില ചാനലിലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും മറ്റും ക്ലാസ്സെടുക്കുന്ന അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ചില സാമൂഹ്യ വിരുദ്ധര്‍ ദുരുപയോഗം ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നതായി സൈബര്‍ വിംഗിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്.” കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മുന്നറിയിപ്പ് നല്‍കി.

Share news
error: Content is protected !!
Scroll to Top