മലപ്പുറം വളാഞ്ചേരി ഇരിമ്പിളിയത്ത് ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവം ഓണ്‍ലൈന്‍ ക്ലാസ് ലഭിക്കാത്തതുമൂലമാണെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍.
വളാഞ്ചേരി ഇരുമ്പിളിയം തിരുനിലം കുളത്തിങ്ങല്‍ ബാലകൃഷ്ണന്‍ ഷീബ ദമ്പതികളുടെ മകള്‍ ദേവികയാണ് ഇന്നലെ വകീട്ട് അഞ്ചരമണിയോടെ വീടിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടിന് മുന്നില്‍ തീക്കൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇരിമ്പിളിയം സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ദേവിക.
ഇവരുടെ വീട്ടില്‍ ടിവി ഉണ്ടായിരുന്നെങ്ങിലും കേടുവന്നിട്ട് പണമില്ലാത്തതു കാരണം നന്നാക്കാന്‍ കഴിഞ്ഞിരുന്നില്ല. സ്മാര്‍ട്ട് ഫോണും വീട്ടില്‍ ഇല്ലായിരുന്നു. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ദേവിക ഇന്നലെ രാവിലെ മുതല്‍ വലിയ സങ്കടത്തിലായിരുന്നുവെന്ന് അച്ഛന്‍ ബാലകൃഷ്ണന്‍ പറഞ്ഞു.
ദേവികയുടെ ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെത്തി. ഞാന്‍ പോകുന്നു എന്നായിരുന്നു ദേവികയുടെ പുസ്തകത്തില്‍ എഴുതിയിരുന്നത്.
ഇന്നലെ വൈകീട്ട് ദേവികയെ വീട്ടില്‍ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തീ കൊളുത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന മണ്ണെണ്ണ പാത്രവും പോലീസ് വീടിന്റെ പരിസരത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവി യു. അബ്ദുല്‍ കരീം, തിരൂര്‍ ഡി.വൈ. എസ്. പി. കെ.എ. സുരേഷ് ബാബു എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തി.ചൊവ്വാഴ്ച മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മൃതദേഹം കോവിഡ് പരിശോധനകള്‍ നടത്തിയതിനു ശേഷം മേല്‍നടപടികള്‍ സ്വീകരിക്കും.
ദേവനന്ദ,ദീക്ഷിത്,ഏഴു മാസം പ്രായമുള്ള ആണ്‍കുട്ടി എന്നിവര്‍ സഹോദരങ്ങളാണ്.
സംഭവത്തില്‍ വിദ്യഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി കുറ്റിപ്പുറം എഇഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കൊല്ലത്തും കോഴിക്കോട്ടും കെഎസ്‌യു, എംഎസ്എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി വിദ്യഭ്യാസ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തി.




