Section

malabari-logo-mobile

‘വണ്‍ മില്ല്യണ്‍ ഗോള്‍’: പരിശീലകര്‍ക്ക് ഫുട്‌ബോള്‍ വിതരണം ചെയ്തു

HIGHLIGHTS : 'One Million Goal': Footballs distributed to coaches

മലപ്പുറം:ഖത്തര്‍ ലോകകപ്പിനോടനുബന്ധിച്ച് സര്‍ക്കാര്‍ കായിക യുവജന കാര്യാലയം, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന വണ്‍ മില്യണ്‍ ഗോള്‍ പദ്ധതിയുടെ ഭാഗമായി പരിശീലന കേന്ദ്രങ്ങളിലേക്കുള്ള പന്തുകളുടെ വിതരണോദ്ഘാടനം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്നു. പദ്ധതിയുടെ ജില്ലാ ബ്രാന്‍ഡ് അംബാസിഡറായ മുന്‍ ദേശിയ താരം യു. ഷറഫലി കോട്ടക്കല്‍ നഗരസഭയിലെ കോട്ടൂര്‍ എ.കെ.എം.എച്ച്.എസ്.എസ് കേന്ദ്രത്തിലെ പരിശീലകനായ വി.പി അന്‍സാറിന് പരിശീലനത്തിനാവശ്യമായ ബോളുകള്‍ കൈമാറി വിതരണോദ്ഘാടനം നിര്‍വഹിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് വി.പി അനില്‍, സെക്രട്ടറി അബ്ദുള്‍ എച്ച്.പി മെഹബൂബ്, എക്‌സി. അംഗങ്ങളായ സി.സുരേഷ്, കെ.അബ്ദുള്‍ നാസര്‍, പി.ഹൃഷികേഷ് കുമാര്‍, പരിശീലകരായ യാസര്‍, ജംഷീര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

സംസ്ഥാനത്തെ 10-12നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ലിംഗ ഭേദമന്യെ അടിസ്ഥാന ഫുട്‌ബോള്‍ പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 94 പഞ്ചായത്തുകളിലും 12 നഗരസഭകളിലുമായി 106 കേന്ദ്രങ്ങളിലാണ് പരിശീലനം നല്‍കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ കായിക അക്കാദമികള്‍, കായിക ക്ലബുകള്‍, വിദ്യാലയങ്ങള്‍, റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ തുടങ്ങിയ കൂട്ടായ്മകളുടെ സഹകരണത്തോടെയാണ് ഇത് സാധ്യമാക്കുന്നത്. ഈ മാസം 11 മുതല്‍ 20 വരെ 10 ദിവസങ്ങളിലായി സംസ്ഥാനത്താകെ ഒരു ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ക്യാമ്പയിന്റെ ഭാഗമായി അടിസ്ഥാന ഫുട്‌ബോള്‍ പരിശീലനം നല്‍കും. 1000 പരിശീലന കേന്ദ്രങ്ങളാണ് ഇതിനായി സജ്ജമാക്കുന്നത്. പ്രത്യേകം തയാറാക്കിയ പരിശീലന പാഠക്രമം അനുസരിച്ച് ദിവസവും ഓരോ മണിക്കൂര്‍ വീതമാണ് പരിശീലനം. ഓരോ കേന്ദ്രത്തിലും 100 കുട്ടികള്‍ വീതം ആയിരം കേന്ദ്രങ്ങളില്‍ നിന്നായി ഒരു ലക്ഷം കുട്ടികള്‍ക്കാണ് 10 ദിവസങ്ങളിലായി പരിശീലനം നല്‍കുന്നത്.

എല്ലാ വിഭാഗം ജനങ്ങളിലും ലോകകപ്പ് സന്ദേശം എത്തിക്കുക, ഫുട്‌ബോളില്‍ താത്പര്യമുള്ള കുട്ടികള്‍ക്ക് ഹ്രസ്വകാല അടിസ്ഥാന പരിശീലനം നല്‍കുക, മികവു പുലര്‍ത്തുന്നവര്‍ക്ക് വിദഗ്ധ പരിശീലനം ലഭ്യമാക്കുക, സ്‌പോര്‍ട്‌സ് കൗണ്‍സില്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിവിധ കായിക വികസന സംഘടനകള്‍, യൂത്ത് ക്ലബുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവയുടെ സഹകരണത്തോടെ പുതിയ കായിക സംസ്‌കാരം വളര്‍ത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

നവംബര്‍ 20ന് ഖത്തറില്‍ ലോക ഫുട്‌ബോള്‍ മാമാങ്കത്തിനു തുടക്കമാകുമ്പോള്‍ അതിന്റെ ആവേശം ഏറ്റെടുത്ത് കേരളത്തിലെ ആയിരം പരിശീലന കേന്ദ്രങ്ങളില്‍ 1000 ഗോള്‍ വീതവും സംസ്ഥാനത്തൊട്ടാകെ കുറഞ്ഞത് 10 ലക്ഷം ഗോളുകളും സ്‌കോര്‍ ചെയ്യപ്പെടും. തിരഞ്ഞെടുക്കപ്പെടുന്ന രണ്ട് ദിവസങ്ങളില്‍ ക്യാമ്പയിനിങിന്റെ ഭാഗമായുള്ള ഓരോ പരിശീലന കേന്ദ്രത്തിലും പ്രത്യേകം സജ്ജമാക്കിയ ഗോള്‍ പോസ്റ്റുകളില്‍ പരിശീലനത്തില്‍ പങ്കെടുക്കുന്ന കുട്ടികളും കായിക പ്രേമികളും പൊതു സമൂഹവും ചേര്‍ന്ന് ഗോളുകള്‍ സ്‌കോര്‍ ചെയ്യും. ഓരോ ജില്ലയിലും സന്തോഷ് ട്രോഫി താരങ്ങളാണ് ക്യാമ്പയിനിന്റെ അംബാസിഡര്‍മാരാവുന്നത്. അംബാസിഡര്‍മാര്‍ ക്യാമ്പയിനിന്റെ പ്രചാരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. ആരോഗ്യവും മികച്ച കായിക ക്ഷമതയുമുള്ള തലമുറയെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച സേ നോ ടു ഡ്രഗ്സ് ലഹരി വിരുദ്ധ ക്യാമ്പെയ്‌നും വണ്‍ മില്യണ്‍ ഗോള്‍ ക്യാമ്പെയ്‌നൊപ്പം പരമാവധി പ്രചാരണം നല്‍കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ- കായിക സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് വണ്‍ മില്യണ്‍ ഗോള്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നവംബര്‍ 11ന് രാവിലെ മലപ്പുറം എം.എസ്.പി ഗ്രൗണ്ടില്‍ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തില്‍ നടക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN Latest News