Section

malabari-logo-mobile

പൊന്നാനി തുറമുഖത്ത് കപ്പലടുപ്പിക്കാന്‍ വിശദ പദ്ധതി രേഖ തയ്യാറാക്കുന്നു

HIGHLIGHTS : A detailed plan document is being prepared for berthing at Ponnani port

ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

പൊന്നാനി: ചരക്ക്, യാത്ര ഗതാഗത സൗകര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കി പൊന്നാനിയില്‍ കപ്പല്‍ അടുപ്പിക്കുന്നതിനാവശ്യമായ പദ്ധതി തയ്യാറാക്കാന്‍ പി.നന്ദകുമാര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ഫിഷറീസ്, പോര്‍ട്ട്, ഹാര്‍ബര്‍ വകുപ്പ് മേധാവികളുടെ യോഗത്തില്‍ തീരുമാനമായി. ഇതിന്റെ ഭാഗമായി ഈ മാസം അവസാനത്തോടെ ഫിഷറീസ്, തുറമുഖ വകുപ്പ് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ യോഗം പൊന്നാനിയില്‍ ചേരും. പദ്ധതിയുടെ ഭാഗമായുള്ള വിശദ പദ്ധതി രേഖ തയ്യാറാക്കാന്‍ സര്‍ക്കാര്‍ ഏജന്‍സിയെ ചുമതലപ്പെടുത്താന്‍ യോഗത്തില്‍ തീരുമാനിച്ചു. വിവിധോദ്ദേശ്യ പദ്ധതിയെന്ന നിലയിലാണ് പൊന്നാനി ഹാര്‍ബര്‍ കേന്ദ്രീകരിച്ച് ഇവ നടപ്പിലാക്കുക. 200 മീറ്റര്‍ നീളത്തില്‍ ചരക്ക് കപ്പലുകള്‍ക്കുള്‍പ്പെടെ നങ്കൂരമിടുന്ന തരത്തിലുള്ള ഡി.പി.ആറാണ് തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിക്കുന്നത്. നേരത്തെ നടത്തിയ ഹൈഡ്രോഗ്രാഫിക് സര്‍വേയില്‍ കപ്പലടുപ്പിക്കുന്നതിന് പൊന്നാനി തുറമുഖം അനുയോജ്യമെന്ന് കണ്ടെത്തിയിരുന്നു.

കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ വഹിക്കുന്ന തരത്തിലായിരിക്കും പദ്ധതി തയ്യാറാക്കുക. നിലവില്‍ പൊന്നാനി അഴിമുഖത്ത് ചിലയിടങ്ങളില്‍ ആറ് മീറ്ററോളം ആഴമുണ്ടെന്നാണ് സര്‍വേയില്‍ വ്യക്തമായത്. ഇവിടെ ഡ്രഡ്ജിങ്ങ് നടത്തി 10 മീറ്ററോളം ആഴം വര്‍ധിപ്പിക്കാനാണ് തീരുമാനം. തുറമുഖ വകുപ്പിന് കീഴിലുള്ള സ്ഥലം ഉള്‍പ്പടെ ഏറ്റെടുത്ത് കപ്പലുകള്‍ അടുപ്പിക്കുന്നതിനാവശ്യമായ വലിയ വാര്‍ഫുള്‍പ്പെടെ നിര്‍മിക്കും.ടൂറിസം രംഗത്തിന് ഊന്നല്‍ നല്‍കിയുള്ള പദ്ധതിയാണ് ആവിഷ്‌ക്കരിക്കുന്നത്.

sameeksha-malabarinews

ലക്ഷദ്വീപുമായി ഏറ്റവും ദൂരക്കുറവുള്ള തുറമുഖം പൊന്നാനിയായതിനാല്‍ യാത്ര ഗതാഗതത്തിന് പുറമെ ചരക്ക് ഗതാഗതത്തിനും സാധ്യതകള്‍ ഏറെയെന്നാണ് നിഗമനം. കോയമ്പത്തൂരിലേക്കുള്‍പ്പെടെ വാണിജ്യ സാധനങ്ങള്‍ കയറ്റിയയക്കാനുള്ള സാധ്യതയും വര്‍ധിക്കും. പുരാതന കാലത്ത് കപ്പലടുത്തിരുന്ന തുറമുഖമെന്നതിനാല്‍ കുറഞ്ഞ ചെലവില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍. വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമായാല്‍ മലബാറിലെ കപ്പല്‍ ഗതാഗതത്തിന്റെ പ്രധാന കവാടമായി പൊന്നാനി മാറും. ഡി.പി.ആറിന് അംഗീകാരം ലഭിച്ചാല്‍ വാര്‍ഫ് നിര്‍മാണം ഉടന്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

പി.നന്ദകുമാര്‍ എം.എല്‍.എക്ക് പുറമെ പൊന്നാനി നഗരസഭ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം, കോഴിക്കോട് പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ അശ്വിനി പ്രതാപ്, ഹാര്‍ബര്‍ എക്സിക്യുട്ടീവ് എഞ്ചിനീയര്‍ രാജീവ്, സീനിയര്‍ പോര്‍ട് കണ്‍സര്‍വേറ്റര്‍ പ്രസാദ്, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ രാജീവ്, ഹാര്‍ബര്‍ എ.ഇ ജോസഫ്, എ.എക്സ്.ഇ ഭാവന, നഗരസഭ സെക്രട്ടറി സജിറൂണ്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ സുരേഷ്, പി.ഡബ്യു.ഡി. ബില്‍ഡിങ് എ.ഇ. ഷംസു, ചമ്രവട്ടം ഇറിഗേഷന്‍ എ.എക്സ്.ഇ ദിലീപ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!