Section

malabari-logo-mobile

മലപ്പുറം ജില്ലയില്‍ അഞ്ചാം പനി ബാധിച്ച് ഒരു മരണം; കുട്ടികള്‍ക്ക് യഥാസമയം കുത്തിവെയ്പ്പ് നല്‍കണമെന്ന് ആരോഗ്യ വകുപ്പ്

HIGHLIGHTS : One death due to measles in Malappuram district, health department to give timely vaccination to children

മലപ്പുറം ജില്ലയില്‍ അഞ്ചാം പനി (മീസില്‍സ്) ബാധിച്ച് രണ്ടു വയസ്സുള്ള ഒരു കുട്ടി മരണപ്പെട്ടതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. പുല്‍പ്പറ്റ ഗ്രാമപഞ്ചായത്തില്‍ നിന്നുള്ള കുട്ടിയാണ് മരണപ്പെട്ടത്. കുട്ടി അഞ്ചാം പനിക്കുള്ള കുത്തിവെയ്പ്പ് എടുത്തിരുന്നില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു. ഒമ്പത് മാസം പ്രായമുള്ള മറ്റൊരു കുട്ടി അഞ്ചാംപനി മൂലം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. രോഗം മൂലം മറ്റൊരു കുട്ടി മെയ് മാസത്തില്‍ മരണപ്പെട്ടിരുന്നു.

മീസില്‍സ് (അഞ്ചാം പനി) രോഗത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും എല്ലാകുട്ടികള്‍ക്കും യഥാസമയം പ്രതിരോധ കുത്തിവെയ്പ്പുകള്‍ എടുത്ത് പ്രതിരോധം ശക്തമാക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കുത്തിവെയ്പ്പ് സ്വീകരിക്കുന്നത് വഴി തടയാവുന്ന വിവിധ മാരക രോഗങ്ങളില്‍ ഒന്നാണ് അഞ്ചാം പനി. സാധാരണ കുട്ടികളില്‍ ഗുരുതരമാവുന്ന ഈ രോഗം ഇപ്പൊള്‍ മുതിര്‍ന്നവരിലും ധാരാളം കണ്ടുവരുന്നു. മുതിര്‍ന്നവരില്‍ മരകമായേക്കാവുന്ന രോഗം കാരണം മരണം സംഭവിക്കാം. രോഗം പടരുന്നത് കൂടുതലും കുട്ടികളിലൂടെ ആയതിനാല്‍ പരമാവധി കുട്ടികള്‍ക്ക് കുത്തിവെയ്പ്പ് എടുത്താല്‍ മാത്രമേ പകര്‍ച്ച തടയാനാവു.

sameeksha-malabarinews

ആരോഗ്യമേഖലയിലെ പ്രധാന പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പയിനായ മിഷന്‍ ഇന്ദ്രധനുഷ് 5.0 ന് ആഗസ്റ്റ് ഏഴു മുതല്‍ ജില്ലയില്‍ തുടക്കമാകുകയാണ്. മുന്‍കാലങ്ങളില്‍ ഭാഗികമായി കുത്തിവെയ്പ്പ് എടുത്തവര്‍ക്കും ഇതുവരെയും എടുക്കാന്‍ കഴിയാത്തവര്‍ക്കും ഈ മൂന്ന് ഘട്ടങ്ങളിലായി പ്രതിരോധ കുത്തിവെയ്പ്പ് പൂര്‍ത്തിയാക്കാന്‍ കഴിയും. പ്രതിരോധിക്കാന്‍ കഴിയുന്ന രോഗങ്ങളില്‍നിന്ന് മുഴുവന്‍ കുട്ടികളെയും സംരക്ഷിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മൂന്ന് ഘട്ടങ്ങളിലായാണ് ജില്ലയിലെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ സൗജന്യമായി പ്രതിരോധ കുത്തിവെയ്പ്പ് നടത്തുന്നത്. ആദ്യഘട്ടം ആഗസ്റ്റ് ഏഴ് മുതല്‍ 12 വരെയാണ്. രണ്ടാംഘട്ടം സെപ്റ്റംബര്‍ 11 മുതല്‍ 16 വരെയും മൂന്നാം ഘട്ടം ഒക്ടോബര്‍ ഒമ്പത് മുതല്‍ 14 വരെയും നടക്കും.

ഡിഫ്തീരിയ, വില്ലന്‍ചുമ, ടെറ്റനസ്, പോളിയോ, ക്ഷയം, അഞ്ചാംപനി, ഹെപ്പറ്റൈറ്റിസ് ബി, ബാലക്ഷയം, പോളിയോ, മിസില്‍സ്, റുബെല്ല, ന്യൂമോണിയ തുടങ്ങിയ രോഗങ്ങളില്‍ നിന്ന് മിഷന്‍ ഇന്ദ്രധനുഷ് സംരക്ഷണം നല്‍കും. കൂടാതെ, ഗര്‍ഭിണികള്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കും.
വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. പ്രതിരോധ കുത്തിവെയ്പ്പുകള്‍ എടുക്കാത്തതോ ഭാഗികമായി മാത്രം എടുത്തതോ ആയ അഞ്ചു വയസ്സുവരെയുള്ള കുട്ടികളുടെ കുത്തിവെപ്പ് പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന ആരോഗ്യ ബോധവത്കരണം നല്‍കുകയും ചെയ്യും.

മിഷന്‍ ഇന്ദ്രധനുഷ് 5.0 എന്ന ഈ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ യജ്ഞത്തിലൂടെ എല്ലാ കുട്ടികള്‍ക്കും പൂര്‍ണ്ണമായി പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കുവാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും ഇത്തരം മാരക രോഗങ്ങള്‍ക്കെതിരെ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!