Section

malabari-logo-mobile

വനിതാ ദിനത്തില്‍ കനിവ് 108 ആംബുലന്‍സില്‍ യുവതിക്ക് സുഖപ്രസവം; അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി ഡോ. അതുല്യയും, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ രമേശും

HIGHLIGHTS : On Women's Day, a young woman gave birth in Kaniv 108 ambulance

മലപ്പുറം: വനിതാ ദിനത്തില്‍ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലന്‍സില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി ഡോ. അതുല്യയും എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ രമേശും. മലപ്പുറം കൂട്ടിലങ്ങാടി സ്വദേശിനിയായ 40 കാരിയാണ് ആംബുലന്‍സില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. പ്രസവവേദനയെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയതായിരുന്നു യുവതി.

ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ കുഞ്ഞിന്റെ ആരോഗ്യനില വഷളാണെന്നും വിദഗ്ധ ചികിത്സ ആവശ്യമുണ്ടെന്നും മനസിലാക്കി ഉടനെ യുവതിയെ കോഴിക്കോട് ഐ.എം.സി.എച്ചിലേക്ക് റഫര്‍ ചെയ്തു. ഇതിനായി ഡോക്ടര്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടി. ഉടന്‍ തന്നെ കണ്‍ട്രോള്‍ റൂമില്‍ നിന്ന് അത്യാഹിത സന്ദേശം മലപ്പുറം താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സിനു കൈമാറി. ആംബുലന്‍സ് പൈലറ്റ് അനൂപ് എം, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ രമേശ് ആര്‍ എന്നിവര്‍ ആശുപത്രിയിലെത്തി. ആംബുലന്‍സ് സംഘത്തിന് സഹായം നല്‍കാന്‍ ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ ഡോ.അതുല്യയും ആംബുലന്‍സില്‍ യുവതിയെ അനുഗമിച്ചു.

sameeksha-malabarinews

ആംബുലന്‍സ് പന്തീരംകാവ് എത്തുമ്പോഴേക്കും യുവതിയുടെ ആരോഗ്യനില കൂടുതല്‍ വഷളാവുകയും തുടര്‍ന്ന് ഡോ. അതുല്യ നടത്തിയ പരിശോധനയില്‍ പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ല എന്ന് മനസിലാക്കി ആംബുലന്‍സില്‍ തന്നെ പ്രസവം എടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ രമേശ് ആംബുലന്‍സില്‍ ഇതിനുവേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കി. ഉച്ചയ്ക്ക് രണ്ടുമണിയോടെ ഡോ. അതുല്യയുടെയും എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ രമേശിന്റേയും പരിചരണത്തില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി. തുടര്‍ന്ന് ഡോ. അതുല്യയും രമേശും ചേര്‍ന്ന് അമ്മയും കുഞ്ഞുമായുള്ള പൊക്കിള്‍കൊടി ബന്ധം വേര്‍പ്പെടുത്തി ഇരുവര്‍ക്കും വേണ്ട പ്രഥമ ശുശ്രൂഷ നല്‍കി. ഇരുവരെയും ആംബുലന്‍സ് പൈലറ്റ് അനൂപ് ഉടന്‍ കോഴിക്കോട് ഐ.എം.സി.എച്ചില്‍ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!