Section

malabari-logo-mobile

ഒമിക്രോണ്‍ അതീവ ജാഗ്രത പാലിക്കണം: മന്ത്രി വീണാ ജോര്‍ജ്

HIGHLIGHTS : Omicron must be extremely careful: Minister Veena George

മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി

തിരുവനന്തപുരം: അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ അതിതീവ്രവ്യാപന ശേഷിയുള്ള വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ച സ്ഥിതിക്ക് എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനം മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍, തദ്ദേശ സ്ഥാപനങ്ങള്‍, പോലീസ്, ജില്ലാ ഭരണകൂടം എന്നിവര്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കും. ഉയര്‍ന്ന റിസ്‌ക് രാജ്യങ്ങളില്‍ നിന്നുവരുന്നവര്‍ക്ക് പരിശോധനകള്‍ നിര്‍ബന്ധമാണ്. കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 7 ദിവസം ക്വാറന്റൈനും 7 ദിവസം സ്വയം നിരീക്ഷണവുമാണ്. അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ 2 ശതമാനം പേരെ പരിശോധിക്കുന്നതാണ്. അവരില്‍ നെഗറ്റീവാകുന്നവര്‍ക്ക് 14 ദിവസം സ്വയം നിരീക്ഷണമാണുള്ളത്. പോസീറ്റീവായാല്‍ ആശുപത്രിയില്‍ പ്രത്യേകം തയാറാക്കിയ വാര്‍ഡുകളിലേക്ക് മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി.

sameeksha-malabarinews

വാക്‌സിന്‍ എടുക്കുകയെന്നതാണ് പ്രധാന പ്രതിരോധം. അതുപോലെ അടിസ്ഥാന സുരക്ഷാ മാര്‍ഗങ്ങളും പിന്തുടരണം. റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് സംസ്ഥാനത്ത് വന്നവരുടെ ജനിതക ശ്രേണീകരണ പരിശോധനയില്‍ ഇതുവരെ ഒമിക്രോണ്‍ കണ്ടെത്തിയിട്ടില്ല. വിമാനത്താവളങ്ങളില്‍ സജ്ജമായുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ സംഘം യാത്രക്കാര്‍ക്ക് എല്ലാ സഹായവും നല്‍കും. ഡെല്‍റ്റ വകഭേദത്തേക്കാള്‍ വളരെ വലിയ വ്യാപന ശേഷിയുള്ളതിനായതിനാല്‍ ഒമിക്രോണ്‍ ബാധിച്ചാല്‍ കൂടുതല്‍ പേര്‍ക്ക് ആശുപത്രി ചികിത്സ ആവശ്യമായി വന്നേക്കും. അങ്ങനെയൊരു സാഹചര്യം ഉണ്ടാകാതിരിക്കാന്‍ നമുക്ക് കരുതലുണ്ടാകണം. സംസ്ഥാനം എല്ലായിപ്പോഴും രോഗവ്യാപനം അതിവേഗത്തില്‍ കൂടുന്നത് തടയാനാണ് ശ്രമിച്ചത്.

വാക്‌സിനേഷന്‍ പ്രതിരോധം നല്‍കുമെന്നാണ് കണക്കാക്കുന്നത്. സംസ്ഥാനത്ത് 96.3 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 65.8 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ട്. ഇതിനോടൊപ്പം ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകള്‍ ഇടയ്ക്കിടയ്ക്ക് സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് ശുചിയാക്കുക എന്നിവ കുറേക്കൂടി ശക്തമാക്കണമെന്നും മന്ത്രി വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!