ഉദ്യോഗസ്ഥര്‍ ജനങ്ങളോട് സൗഹാര്‍ദപരമായി പെരുമാറണം;മന്ത്രി എ.കെ ശശീന്ദ്രന്‍

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ജനങ്ങളോട് സൗഹാർദപരമായി പെരുമാറണമെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. വനം വകുപ്പിന്റെ നേതൃത്വത്തിൽ കരുളായിയില്‍ സംഘടിപ്പിച്ച വനസൗഹൃദ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  വനാതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍ണമായാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. സര്‍ക്കാര്‍ എന്നും കര്‍ഷകര്‍ക്കൊപ്പമാണ് നിലകൊള്ളുന്നത്.  വനസൗഹൃദ സദസ്സില്‍ ലഭിച്ച പരാതികള്‍ പരിശോധിച്ച് ഉടന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് വനാതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനും, ചര്‍ച്ചയിലൂടെ പരിഹാരം കണ്ടത്തുന്നതിനുമായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച കര്‍മ്മപരിപാടിയാണ് ‘വനസൗഹൃദ സദസ്സ് ‘.

കായിക മന്ത്രി വി അബ്ദുറഹിമാന്‍ മുഖ്യാതിഥിയായി. സര്‍ക്കാര്‍ എന്നും ജനങ്ങള്‍ക്കൊപ്പമാണ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍  സര്‍ക്കാര്‍ പ്രതജ്ഞാബദ്ധമാണ്. തീരദേശമേഖലയിലുള്ളവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വനസൗഹൃദ സദസ്സ് മാതൃകയില്‍ പരിപാടി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

പിവി അന്‍വര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. എ.പി അനില്‍കുമാര്‍ എംഎല്‍എ, നിലമ്പൂര്‍ നഗരസഭ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീം, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഇ പ്രദീപ്കുമാര്‍, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരാ കെ വിജയാനന്ദന്‍, മുഹമ്മദ് ശബാബ്, സൗത്ത് ഡിവിഷന്‍ ഡി.എഫ്.ഒ പി പ്രവീണ്‍, എ.ഡി.എം എന്‍എം മെഹറലി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഇ.എൻ  മോഹൻദാസ്, ജോണി പുല്ലന്താണി, കെ പി രാമനാഥൻ എന്നിവര്‍ സംസാരിച്ചു.

ജില്ലയില്‍ വനാതിര്‍ത്തി പങ്കിടുന്ന തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായി മന്ത്രി ചര്‍ച്ച നടത്തി. വന്യജീവി ശല്യം, നിരാക്ഷേപ പത്രം ലഭ്യാമാകാത്തത്, റോഡ് വികസനത്തിന് സ്ഥലം വിട്ട് കിട്ടാത്തത് തുടങ്ങിയ പ്രശ്‌നങ്ങള്‍ ജനപ്രതിനിധികള്‍ മന്ത്രിയുമായി ചര്‍ച്ച ചെയ്തു. ചര്‍ച്ചയില്‍ ഉയര്‍ന്ന പ്രശ്‌നങ്ങളില്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

 

*വന്യജീവി ആക്രമണം; ജില്ലയിൽ  172.68 ലക്ഷം രൂപ നഷ്ടപരിഹാര വിതരണം;*

*വൈദ്യുത – സൗരോർജ വേലി നിർമാണത്തിന് ഈ വർഷം 5.84 കോടി*

 

വന്യജീവി ആക്രമണത്തിനുള്ള നഷ്ടപരിഹാരമായി ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം മലപ്പുറം ജില്ലയിൽ ആകെ 172.68 ലക്ഷം രൂപ വിതരണം ചെയ്തതായി  വനം – വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. മുൻ സർക്കാറിന്റെ  കാലത്തെ കുടിശികയായ 56.83 ലക്ഷവും ഈ സർക്കാരിന്റെ കാലത്തെ അപേക്ഷകളിൽ 118.86 ലക്ഷവുമാണ് വിതരണം ചെയ്തത്. ഇന്നലെ കരുളായിയിൽ നടന്ന വന സൗഹൃദ സദസ്സിൽ 26.75 ലക്ഷം രൂപയുടെ നഷ്ടപരിഹാരം മന്ത്രി വിതരണം ചെയ്തു. വന്യജീവി ആക്രമണ മൂലമുള്ള മരണം, പരുക്ക്, കൃഷിനാശം എന്നിവക്കുള്ള നഷ്ടപരിഹാരമാണിത്.

ദിവസ വേതന കുടിശ്ശിക 169 ലക്ഷം രൂപ  ഈ സർക്കാറിന്റെ കാലയളവിൽ ജില്ലയിൽ വിതരണം ചെയ്തതായി മന്ത്രി അറിയിച്ചു. വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട രണ്ട് ഹോട്ട്സ്പോട്ടുകളിൽ കൂടി  സ്പെഷ്യൽ ടീമുകൾ രൂപീകരിച്ചു. എടരിക്കോട്, അകമ്പാടം എന്നിവിടങ്ങളിലാണ് ടീം രൂപീകരിച്ചത്. അരുവാക്കോടും അമരമ്പലത്തുമുള്ള ആർ.ആർ.ടികൾക്ക് പുറമെയാണിത്.

ജില്ലയിൽ പട്ടികവർഗ്ഗക്കാരായ ഒമ്പത് പേർക്ക് ബീറ്റ് ഫോറസ്റ്റ് ഓഫീസർ നിയമനം നൽകി. ഈ സാമ്പത്തിക വർഷം നിലമ്പൂർ നോർത്ത് ഫോറസ്റ്റ് ഡിവിഷനിൽ 49 കിലോമീറ്റർ വൈദ്യുതി വേലി നിർമ്മാണത്തിന് 359 ലക്ഷം രൂപയും സൗത്ത് ഡിവിഷനിൽ 27.75 കിലോമീറ്റർ ഹാങ്ങിങ് സൗരോർജ വേലിക്ക് 225 ലക്ഷം രൂപയും വകയിരുത്തിയിട്ടുള്ളതായി മന്ത്രി പറഞ്ഞു. നബാർഡ് പദ്ധതിയിൽ കാളിക്കാവ് റേഞ്ചിൽ പാട്ടക്കരിമ്പ് – അച്ചനള റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനം ഉൾപ്പെടെയുള്ള പദ്ധതികൾക്ക് 395 ലക്ഷം രൂപയും ഈ വർഷം ചെലവഴിക്കും.

റീബിൽഡ് കേരള സ്വയം സന്നദ്ധ പുനരുദ്ധാരണ പദ്ധതി – നവകിരണം പ്രകാരം നിലമ്പൂർ നോർത്തിൽ ആദിവാസികളല്ലാത്ത 10 കുടുംബങ്ങളെയും സൗത്തിൽ 44 കുടുംബങ്ങളെയും മാറ്റിപ്പാർപ്പിക്കാൻ നടപടികളായി വരുന്നതായും മന്ത്രി പറഞ്ഞു.

വനാതിർത്തിയോട് ചേർന്ന സ്വകാര്യ സ്ഥലങ്ങൾക്കുള്ള നിരാക്ഷേപ പത്രങ്ങൾ 7 എണ്ണവും മരാധിഷ്ഠിത വ്യവസായ യൂണിറ്റുകൾക്കുള്ള ലൈസൻസ് 6 എണ്ണവും ചടങ്ങിൽ വിതരണം ചെയ്തു. സ്കൂളുകൾക്കുള്ള ധനസഹായമായി 2 ലക്ഷവും വിതരണം ചെയ്തു. വന സൗഹൃദ സദസ്സിൽ 75 പരാതികൾ മന്ത്രി നേരിട്ട് സ്വീകരിച്ചു. പരാതികളിൽ 15 ദിവസത്തിനകം തീർപ്പുണ്ടാക്കി റിപ്പോർട്ട് ചെയ്യാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

Share news
error: Content is protected !!
Scroll to Top