സ്ത്രീധനത്തിന്റെ ഗുണങ്ങള്‍ വിശദീകരിക്കുന്ന നഴ്സിങ് വിദ്യാര്‍ഥികള്‍ക്കുള്ള സോഷ്യോളജി പാഠപുസ്തകത്തിനെതിരെ ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സില്‍. ടി.കെ.ഇന്ദ്രാണി എഴുതിയ ‘ടെക്സ്റ്റ്ബുക് ഓഫ് സോഷ്യോളജി ഫോര്‍ നഴ്‌സസ്’ എന്ന പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ക്കെതിരെയാണു രൂക്ഷ വിമര്‍ശനം. മെറിറ്റ്‌സ് ആന്റ് അഡ്വാന്റേജസ് ഓഫ് ഡൗറി എന്ന പാഠഭാഗം ആണ് സോഷ്യോളജി പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനെതിരെയാണ് ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സില്‍ രംഗത്തെത്തിയത്.
സ്ത്രീധന സമ്പ്രദായത്തിന്റെ ‘ഗുണങ്ങളും നേട്ടങ്ങളും’ പറയുന്ന സോഷ്യോളജി പുസ്‌കത്തിന്റെ പേജ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ഒന്നാം വര്‍ഷ ബിഎസ്‌സി നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്കും പോസ്റ്റ് ബിഎസ്‌സി രണ്ടാം വര്‍ഷക്കാര്‍ക്കും സോഷ്യോളജി പഠിക്കാനുണ്ട്.
പുതിയൊരു കുടുംബം തുടങ്ങാനാവശ്യമായ ഫര്‍ണിച്ചറുകള്‍, റഫ്രിജറേറ്ററുകള്‍, വാഹനങ്ങള്‍ തുടങ്ങിയവയെല്ലാം ലഭിക്കും എന്ന് പുസ്തകത്തില്‍ പറയുന്നു. പെണ്‍കുട്ടിക്ക് തന്റെ കുടുംബത്തില്‍ നിന്നുമുള്ള സ്വത്തിന്റെ ഒരു ഭാഗം ഇതിലൂടെ കിട്ടുന്നു എന്നതാണ് മറ്റൊരു നേട്ടമായി പറഞ്ഞിരിക്കുന്നത്. കാണാന്‍ ഭംഗിയില്ലാത്ത പെണ്‍കുട്ടികളെ നല്ല സ്ത്രീധനം നല്‍കിയാല്‍ വിവാഹം ചെയ്തയക്കാം എന്നതാണ് സ്ത്രീധനത്തിന്റെ മറ്റൊരു നേട്ടമായി ഇതില്‍ പറഞ്ഞിരിക്കുന്നത്. നല്ല വിദ്യാഭ്യാസം ഉള്ള പെണ്‍കുട്ടികള്‍ക്ക് അധികം സ്ത്രീധനം നല്‍കേണ്ടതില്ല എന്നും പുസ്തകത്തില്‍ പറയുന്നു.
പേജിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട ശിവസേന നേതാവും രാജ്യസഭാ എംപിയുമായ പ്രിയങ്ക ചതുര്‍വേദിയും ഉള്‍പ്പെടെയുള്ളവര്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനോട് ഇത്തരം പുസ്തകങ്ങള്‍ പ്രചാരത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു.




