പുതിയ ഡാം സുരക്ഷാ നിയമത്തിന്റെ പരിധിയിലുള്ള ഡാം സേഫ്റ്റി അതോറിറ്റി നിലവില്‍ വരുന്നതു വരെ ദേശീയ ഡാം സുരക്ഷാ അതോറിറ്റി നിയമ പ്രകാരമുള്ള അധികാരങ്ങള്‍ മേല്‍നോട്ട സമിതിക്ക് കൈമാറാമെന്ന് സുപ്രീംകോടതി. ഇതിനായി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കുമെന്നും ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച്. അണക്കെട്ടിന്റെ ദൃഢത, ഘടന സംബന്ധിച്ച കാര്യങ്ങള്‍ ആയതിനാല്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമെന്നും സുപ്രീംകോടതി. അതോറിറ്റി നിലവില്‍ വരാന്‍ ഒരു വര്‍ഷം കൂടിയെടുക്കുമെന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ച സാഹചര്യത്തിലാണിത്.
അണക്കെട്ടിന്റെ സുരക്ഷ ഉള്‍പ്പെടെയുള്ളവ അതോറിറ്റി പരിശോധിക്കുമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
കേന്ദ്രത്തിന്റെ നിലപാടിനെ തമിഴ്‌നാട് സുപ്രീം കോടതിയില്‍ പിന്തുണച്ചിട്ടുണ്ട്. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയില്‍ ഇന്ന് എഴുതി നല്‍കി. ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, അഭയ് എസ് ഓക, സി ടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് മുല്ലപ്പെരിയാര്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത്.
മേല്‍നോട്ട സമിതിയിലേക്ക് കേരളത്തിനും തമിഴ്‌നാടിനും ഒരു സാങ്കേതിക വിദഗ്ധനെ കൂടി നിയോഗിക്കാം. ഇക്കാര്യത്തില്‍ അതാതു ചീഫ് സെക്രട്ടറിമാര്‍ ശുപാര്‍ശ നല്‍കും. മേല്‍നോട്ട സമിതിയുടെ നിര്‍ദേശം നടപ്പാക്കുന്നതില്‍ ഇരു സംസ്ഥാനങ്ങളുടെയും ഭാഗത്തു വീഴ്ചയുണ്ടായാല്‍ മേല്‍നോട്ട സമിതിക്കു അപ്പോള്‍ തന്നെ സുപ്രീം കോടതിയെ സമീപിക്കാമെന്നും ജസ്റ്റ്ിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.
അണക്കെട്ട് ബലപ്പെടുത്തുന്നതിനുള്ള നടപടികളുണ്ടാകുന്നില്ലെന്ന് കഴിഞ്ഞ ദിവസം വാദത്തിനിടെ ചൂണ്ടിക്കാട്ടിയ കേന്ദ്രം, സുരക്ഷ പരിശോധനയിലെ കാലതാമസത്തിലും അതൃപ്തിയറിയിച്ചിരുന്നു. ചില വിഷയങ്ങളില്‍ ഇനിയും സമാവയത്തിലെത്തിയിട്ടില്ലെന്ന് കേരളവും തമിഴ്‌നാടും കോടതിയെ അറിയിച്ചു. അണക്കെട്ടിന്റെ നിയന്ത്രണാധികാരം മേല്‍നോട്ട സമിതിക്ക് നല്‍കാനാവില്ലെന്ന നിലപാട് തമിഴ്‌നാട് ആവര്‍ത്തിച്ചു.
അണക്കെട്ടിന്റെ സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് കേരളം ചൂണ്ടിക്കാട്ടി. അണക്കെട്ട് ബലപ്പെടുത്തുന്നതിനുള്ള നടപടികളില്‍ മേല്‍നോട്ട സമിതിക്ക് ഇടപെടാമെന്ന തമിഴ്‌നാടിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്നും കേരളം വ്യക്തമാക്കി. അന്താരാഷ്ട്ര വിദഗ്ധരെ കൊണ്ട് അണക്കെട്ട് പരിശോധിപ്പിക്കണമെന്ന കേരളത്തിന്റെ നിലപാട് തമിഴ് നാടും അംഗീകരിച്ചില്ല. എന്നാല്‍ ഇരു സംസ്ഥാനങ്ങളില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തി മേല്‍ നോട്ട സമിതിയുടെ അംഗസംഖ്യ മൂന്നില്‍ നിന്ന് അഞ്ചാക്കാമെന്ന നിര്‍ദ്ദേശത്തെ ഇരു സംസ്ഥാനങ്ങളും പിന്തുണച്ചു.




