ഇനി എടിഎമ്മില്‍ നിന്ന് ഇഡ്ഡലിയും ചട്‌നിയും

ഇഡ്ഡലി പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത. ഇനി 24 മണിക്കൂറും ഇഡ്ഡലിയും ചട്നിയും ലഭ്യമാകുന്ന ഇഡ്ഡലി വെന്‍ഡിങ് മെഷീന്‍ പുതിയ സാങ്കേതിക സംവിധാനം ബെംഗളൂരുവില്‍ ഇറങ്ങി. ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന ഒരു റെസ്റ്റോറന്റാണ് ഈ ഇഡ്ഡലി വെന്‍ഡിങ് മെഷീന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇഡ്ഡലി, വട, പൊടി ഇഡ്ഡലി എന്നിവയെല്ലാം മെനുവില്‍ ഉള്‍പ്പെട്ടിരിക്കുന്നു.

വെന്‍ഡിങ് മെഷീനിലെ ആപ്ലിക്കേഷന്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ഓണ്‍ലൈനായി പേയ്മെന്റ് ചെയ്ത് ഫുഡ് ഓര്‍ഡര്‍ ചെയ്യാം. ഓര്‍ഡര്‍ ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ സംഭവം നമ്മുടെ കയ്യില്‍ എത്തും. ഇഡ്ഡലി വെന്‍ഡിങ് മെഷീന്‍ പ്രവര്‍ത്തിപ്പിക്കുന്നതിന്റെ വീഡിയോ ട്വിറ്ററിലൂടെ ആണ് വൈറലായിരിക്കുന്നത്. ഒരു യുവതി ഇത്തരത്തില്‍ ഇഡ്ഡലി ഓര്‍ഡര്‍ ചെയ്ത് കഴിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.

‘ബെംഗളൂരുവിലെ ഇഡ്ഡലി എടിഎം’ എന്ന ക്യാപ്ഷനോടെ ആണ് വീഡിയോ പ്രചരിക്കുന്നത്. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ നിരവധി പേര്‍ കമന്റുകളുമായി രംഗത്തെത്തി. പൊതു ഇടങ്ങളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് ഒരാളുടെ കമന്റ്. ഇത് വീട്ടില്‍ വാങ്ങി വച്ചാല്‍ പണി കുറഞ്ഞു കിട്ടുമെന്നും ചില വീട്ടമ്മമാര്‍ പറയുന്നു.

Share news
error: Content is protected !!
Scroll to Top