Section

malabari-logo-mobile

നിലമ്പൂര്‍ – നാടുകാണി റോഡില്‍ രാത്രി യാത്രക്ക് നിരോധനം

HIGHLIGHTS : Night travel on Nilambur-Nadukani road banned നിലമ്പൂര്‍ - നാടുകാണി റോഡില്‍ രാത്രി യാത്രക്ക് നിരോധനം

മലപ്പുറം;  നിലമ്പൂര്‍ മുതല്‍ നാടുകാണി വരെയുള്ള ഗതാഗതം രാത്രി എട്ട് മുതല്‍ രാവിലെ ആറ് വരെ പൂര്‍ണമായും നിരോധിച്ചതായി ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.   കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു  അദ്ദേഹം.  എല്ലാത്തരം ഖനനവും ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ നിര്‍ത്തിവച്ചിട്ടുണ്ട്. കരിങ്കല്‍ ക്വാറികള്‍ക്കും ചെങ്കല്‍ ക്വാറികള്‍ക്കും ഇത് ബാധകമാണ്. കാഞ്ഞിരപ്പുഴ ഡാം തുറന്നുകിടക്കുന്നതുമൂലം തൂതപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. മാറി താമസിക്കേണ്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കവളപ്പാറ പുനരധിവാസത്തിന്റെ ഭാഗമായി നഷ്ടപരിഹാര തുക അക്കൗണ്ടില്‍ ലഭ്യമായിട്ടുണ്ടെന്നും രണ്ട് ദിവസത്തിനകം തഹസില്‍ദാര്‍ക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

sameeksha-malabarinews

മുന്‍ വര്‍ഷങ്ങളിലെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ പ്രളയത്തെ നേരിടുന്നതിന് നടത്തിയ മുന്നൊരുക്കങ്ങള്‍ ഫലപ്രദമാണെന്ന് ജില്ലാകലക്ടര്‍ പറഞ്ഞു.  പ്രളയസാധ്യതയുള്ള പ്രദേശങ്ങളില്‍ 209 ബോട്ടുകള്‍ നേരത്തേ എത്തിച്ചു. ഒമ്പത് പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തകരെ മുന്‍കൂട്ടി വിന്യസിച്ചു. പട്ടികവര്‍ഗ കോളനികളില്‍ 10 ദിവസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങള്‍  മുന്‍കൂട്ടി എത്തിച്ചിട്ടുണ്ട്.  ഒരു മാസത്തേക്കാവശ്യമായ ഭക്ഷ്യധാന്യങ്ങളാണ് ഈ രീതിയില്‍ നല്‍കുക. പുഴയിലെ മണല്‍ക്കൂനകള്‍ നികത്തിയും തടസ്സങ്ങള്‍ നീക്കിയും ഒഴുക്ക് ക്രമീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് കലക്ടര്‍ പറഞ്ഞു. തമിഴ് നാടിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ മഴ ശക്തമാകുന്നതാണ് ചാലിയാറില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നത്. മുന്നറിയിപ്പുകള്‍ നല്‍കുന്നതില്‍  തമിഴ്നാട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ശരിയായ ആശയവിനിമയമുണ്ടായതുമൂലം മുന്നൊരുക്കങ്ങള്‍ സുഗമമായതായും  അദ്ദേഹം പറഞ്ഞു.

ക്യാമ്പുകളില്‍ പൂര്‍ണമായും കോവിഡ് പെരുമാറ്റച്ചട്ടം പാലിക്കും. ക്യാമ്പുകളില്‍ പുറത്തുനിന്നുള്ളവര്‍ക്ക് പ്രവേശനം അനുവദിക്കില്ല. ആവശ്യമെങ്കില്‍ ക്യാമ്പുകള്‍ക്ക് മുന്നിലുള്ള ഓഫീസുമായി ബന്ധപ്പെടണം. പൊലീസ്, ആംബുലന്‍സ് സേവനങ്ങള്‍ എല്ലാ ക്യാമ്പുകളിലും സജ്ജമാക്കിയിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു.

ജില്ലയില്‍ കോവിഡ് ടെസ്റ്റുകള്‍ ഇരട്ടിയാക്കും. പ്രതിദിനം രണ്ടായിരം ടെസ്റ്റുകള്‍ വരെ ചെയ്യാനുള്ള സംവിധാനമാണ് ഒരുക്കുക. സ്വകാര്യ ആശുപത്രികളിലും ലാബുകളിലും ടെസ്റ്റ് നടത്തുന്നതിന് സര്‍ക്കാര്‍ അനുമതി തേടാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഏഴ് സ്വകാര്യ ആശുപത്രികള്‍ കൂടി കോവിഡ് കെയര്‍ ആശുപത്രികളാക്കി മാറ്റുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും കലക്ടര്‍ വിശദീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!