പശ്ചിമ ബംഗാളിനും കൊല്‍ക്കത്തയ്ക്കും പഞ്ചാബിനും പുറമേ ഛത്തീസ്ഗഡിലും രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി പത്ത് മണി മുതല്‍ രാവിലെ 6 മണി വരെയാണ് കര്‍ഫ്യൂ. സ്‌കൂളുകള്‍, അങ്കന്‍വാടികള്‍, ഷോപ്പിംഗ് മാള്‍, ഓഡിറ്റോറിയം എന്നിവ അടച്ചിടും. പൊതുയോഗങ്ങള്‍ക്കും, റാലികള്‍ക്കും നിരോധനമുണ്ട്. റെയില്‍വേ സ്റ്റേഷനുകളിലും, സംസ്ഥാന അതിര്‍ത്തികളിലും പരിശോധന ശക്തമാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
ഇന്ന് രാവിലെ പഞ്ചാബിലും രാത്രികാല കര്‍ഫ്യു പ്രഖ്യാപിച്ചിരുന്നു. രാത്രി പത്ത് മണി മുതല്‍ രാവിലെ 5 മണി വരെയാണ് പഞ്ചാബില്‍ കര്‍ഫ്യൂ. സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടയ്ക്കാനാണ് പഞ്ചാബ് സര്‍കാരിന്റെ തീരുമാനം.
കോവിഡ് കേസുകള്‍ കുത്തനെ വര്‍ധിച്ചതോടെ നിയന്ത്രണം കടുപ്പിച്ചിരിക്കുകയാണ് പശ്ചിമ ബംഗാളും. ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തി. ഇന്ന് മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടച്ചിട്ടു. സ്വകാര്യ ഓഫിസുകളില്‍ 50% ഹാജര്‍ മാത്രമേ പാടുള്ളു. സര്‍ക്കാര്‍ യോഗങ്ങള്‍ വെര്‍ച്വലാക്കും. പാര്‍ക്കുകള്‍, സലൂണുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവയടക്കം അടച്ചിടാനും തീരുമാനമായിരുന്നു.
കൊല്‍ക്കത്തയടക്കമുള്ള മെട്രോ നഗരങ്ങളിലാണ് കോവിഡിന്റെയും ഒമിക്രോണിന്റെയും വ്യാപനം അതിരൂക്ഷമായത്. 10 മുതല്‍ പുലര്‍ച്ചെ 5 വരെ രാത്രി കര്‍ഫ്യു ഏര്‍പ്പെടുത്തി. അവശ്യ/അടിയന്തര സേവനങ്ങള്‍ അനുവദിക്കും. നീന്തല്‍ കുളങ്ങള്‍, സ്പാ, ജിമ്മുകള്‍, സലൂണുകള്‍ എന്നിവ ജനുവരി 3 മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടും. മൃഗശാലകളും വിനോദസഞ്ചാര കേന്ദ്രങ്ങളും തുറക്കില്ല.




