Section

malabari-logo-mobile

‘റാസ്‌കോ ഹില്‍സ്, chagai’…..എഴുത്ത് ;നിയാസ് പി.മുരളി

HIGHLIGHTS : Niaz P Muralia writes memoir

‘റാസ്‌കോ ഹില്‍സ്, chagai’

എഴുത്ത് ;

sameeksha-malabarinews

നിയാസ് പി.മുരളി

ക്വിസ്..

‘പരപ്പാ’

ഹാളിന്റെ അങ്ങേ തലക്കല് നിന്ന് നവാസിന്റെ ശബ്ദം..

അവന്റെ കയ്യിലപ്പഴും
ഒരു ബുക്കുണ്ടായിരുന്നു…
ഓന്റെ കൈ വിറക്കുന്നുണ്ടായിരുന്നു.

തൊണ്ണൂറ്റിയെട്ടിന്റെ
വസന്തകാലം…

അന്ന് ഇസ്ലാമിയ കോളേജിനെ പ്രതിനിധീകരിച്ച് ജില്ലയുള്ള
ഏത് ക്വിസ് പരിപാടിക്കും
ഞാന്‍ സ്ഥാനം പിടിക്കും…
മറ്റൊന്നിനും ശോഭിക്കാന്‍ പറ്റിലെങ്കിലും ക്വിസ്സിന്
(അക്ഷരം മാറ്റിവായിക്കരുത് പ്‌ളീസ്)
അതിന് ഞാനുണ്ടാവും…

അന്നൊക്കെ അത്
എന്തോ വാശി പോലെയായിരുന്നു…
മലപ്പുറത്തും
കോഴിക്കോടും ഉള്ള
ഒരുപാട് മത്സരങ്ങളില്‍
സ്‌കൂളിന് വേണ്ടിയും
ഞാന്‍ നേരിട്ടും
പങ്കെടുത്ത് കൊണ്ടേയിരുന്നു…
ഒരു ലഹരി പോലെ….

ചെലോട്ത്ത്ന്ന്
കപ്പ് കിട്ടി…
ചെലോട്ത്ത്ന്ന്
കോപ്പ് കിട്ടി…

അങ്ങനെ തോറ്റ് തൊപ്പിയിട്ടും
ജയിച്ചു കേറിയും
പോവുന്ന കാലത്താണ്;
ജില്ലാ മെഡിക്കല്‍ കൗണ്‌സിലിന്റെ (ഓര്‍മയില്‍ നിന്നാണേ)
ഒരു ക്വിസ് പ്രോഗ്രാമിലേക്ക് ഞങ്ങളെ തെരഞ്ഞെടുത്തത്…

ഞങ്ങളെന്നാല്
ഞാനും നവാസും…

ഓന് ആദ്യായിട്ടാണ്
സ്‌കൂളിന് പൊറത്ത് മത്സരിക്കണത്…
അതിന്റെ പേടിയും വെപ്രാളവും അവനുണ്ട്…
ഞമ്മക്ക് തോറ്റ് തൊപ്പിയിട്ട് നല്ല പരിചയമാണല്ലോ?

കല്പകഞ്ചേരി വെച്ചാണ് മത്സരം…
അന്‍വര്‍ മാഷും മജീദ് മാഷും
വണ്ടിക്കൂലി തന്ന്;
‘ജയിച്ചു വരിന്‍’
മക്കളേ ന്നും
ആശീര്‍വദിച്ച്
ഞങ്ങളെ ബസ് കേറ്റിവിട്ടു…

ആട് പൂരം കാണാന്‍ പോയ പോലെ പല ബസ് മാറിക്കേറി,
വഴി തെറ്റി;
പരിപാടി തൊടങ്ങണെന് പത്ത് മിനിറ്റ് മുന്നേ ഞങ്ങളവിടെ എത്തി….

ചുറ്റുപാടും
കുട്ടികളുടെ പൂരം…
എല്ലായിടത്തും വായന…
മാഷ്ട്ടര്മാര് ഓടിനടക്കുന്നു..
പ്രോത്സാഹിപ്പിക്കുന്നു…
ഞങ്ങള് മാത്രം മൂലക്ക് ഒറ്റക്കിരുന്നു…

സ്റ്റേജിലേക്ക് നോക്കിയപ്പോ
കേശവേട്ടന്‍…
ന്റെ ബാല്യകാലസുഹൃത്തും
അയല്‍വാസിയുമായ
ബിനോയിന്റെ അച്ഛന്‍…
മൂപ്പരാണ് മുഖ്യാതിഥി..
അന്ന് മെഡിക്കല്‍ ഓഫീസര്‍ ആണ് എന്ന് തോന്നുന്നു…

എന്തായാലും
മത്സരം തുടങ്ങി…

അഞ്ച് ചോദ്യം ചോദിച്ചപ്പോഴേക്കും
കുട്ടികളുടെ എണ്ണം
പാതിയായി ചുരുങ്ങി..

അടുത്ത അഞ്ച് ചോദ്യത്തോടെ
പിന്നെയും പകുതി…

അങ്ങനെ ഒടുക്കം
ഞാനും നവാസുമടക്കം
ഞങ്ങള്‍ അഞ്ചു പേരായി…

പൊരിഞ്ഞ മത്സരം…
ആരും വിട്ട് കൊടുക്കുന്നില്ല…

തലങ്ങും വിലങ്ങും
ചോദ്യം മൂളിപ്പറന്നു..

നവാസ് ആകെ വിയര്‍ത്ത് കുളിച്ചു…

ചോദ്യങ്ങളില്‍
തട്ടി പിന്നെയും മൂന്ന് പേര് വീണു…

ഒടുക്കം
ഞാനും
നവാസും മാത്രം…
ഒരേ സ്‌കൂളില് നിന്ന്
രണ്ട് മത്സരാര്‍ത്ഥികള്‍…
ഒരേ പോയിന്റ്…
മാസ്റ്റര്‍ ഏത് ചോദ്യം ചോദിച്ചാലും
ഒരേ പോലെ ഉത്തരം…
ചോദ്യവും ഉത്തരവും
നീണ്ട്‌പോയി കൊണ്ടിരുന്നു..

‘അവസാനമായി
ഒരു ചോദ്യം കൂടി ചോദിക്കും..
അതിന് ഉത്തരം പറയുന്ന ആളെ വിജയിയായി പ്രഖ്യാപിക്കും….’

ക്വിസ് മാസ്റ്ററുടെ ശബ്ദം ഹാളില്‍ മുഴങ്ങി…

സൂചി നിലത്ത് വീണാല്‍ കേള്‍ക്കുന്ന നിശബ്ദത…

‘പാക്കിസ്ഥാന്‍ ആദ്യമായി അണുബോംബ് പരീക്ഷിച്ച സ്ഥലം….?
സ്ഥലമാണ് വേണ്ടത്…ജില്ലയല്ല’

ഞാന്‍ നവാസിനെ
നോക്കി…
അവന്‍ വിറക്കുകയാണ്…
വിയര്‍ക്കുന്നുമുണ്ട്…
പേനയെടുത്ത്
എഴുതുന്നുമുണ്ട്…

ഞാന്‍ പുറത്തേക്ക് നോക്കി…
ഹാളിന്റെ മോളില് കൂട് കൂട്ടിയ പ്രാവുകളെ നോക്കി…
കയ്യില്‍ പേന വെറുതെ തിരിച്ചു കൊണ്ടിരുന്നു…

‘Pen down’

ഹാളില്‍ ക്വിസ് മാസ്റ്ററുടെ ശബ്ദം മുഴങ്ങി…
ഞങ്ങളുടെ അടുത്ത് നിന്ന പരിശോധകര്‍
രണ്ടാളുടേതും പരിശോധിച്ചു….

നവാസിന്റെ പേപ്പറില്‍
അവന്‍ വ്യക്തമായി എഴുതിയിരുന്നു…
പരിശോധകന്‍ ശരിയാണെന്ന് വിളിച്ച് പറഞ്ഞപ്പോള്‍ അവന്‍ കൈകള്‍ ആകാശത്തേക്ക് ആവേശത്തോടെ ഉയര്‍ത്തിയത് ഞാന്‍ കണ്ടു…
അവന്റെ ചുണ്ടിലെ
നിറഞ്ഞ ചിരിയും…

എന്റെ ഉത്തരം ശൂന്യമായിരുന്നു…

പക്ഷെ;
എന്റെ ഉള്ളില്‍ ആ ഉത്തരമുണ്ടായിരുന്നു…

‘റാസ്‌കോ ഹില്‍സ്, chagai’

അന്ന് രാവിലെ പോലും ഞാനത് പത്രത്തില്‍ വായിച്ചതാണ്…
എന്നിട്ടും
എനിക്കെന്തോ ഉത്തരം എഴുതാന്‍ തോന്നിയില്ല…
നവാസിന്റെ പരിഭ്രമവും വെപ്രാളവും കണ്ടിട്ടാവാം….
അവന്റെ സന്തോഷത്തിന് വേണ്ടിയാവാം..
എന്തായാലും
എനിക്ക് ഉത്തരമെഴുതാന്‍ തോന്നിയില്ല….

ഞങ്ങള്‍
ഒന്നാമതും രണ്ടാമതുമായി കേശവേട്ടന്റെ കയ്യില്‍ നിന്ന് സമ്മാനം ഏറ്റു വാങ്ങി…

മടങ്ങുമ്പോള്‍
ബസ്സില് വെച്ച് നവാസ് എന്റെ മുഖത്ത് നോക്കി
ചോദിച്ചു..

‘നീ എഴുതാതിരുന്നതല്ലേ’

ഞാനൊന്ന് ചിരിച്ചു…
പിന്നെ പുറത്തേക്ക് നോക്കിയിരുന്നു…
അപ്പോഴും അവന്റെ കൈ എന്റെ തോളിലൂടെ ചേര്‍ത്ത് പിടിച്ചിരുന്നു….

NB: ഇപ്പോള് മോള് അന്ന ക്വിസ്സിന്റെ പിറകെയാണ്..
എല്ലാത്തിലും പങ്കെടുക്കണമെന്ന് വാശി പോലെ…
സ്‌കൂള്‍ തല മത്സരങ്ങള്‍ അനൗണ്‌സ് ചെയ്യുമ്പോഴേക്കും ഓള് പഠിത്തം തൊടങ്ങീട്ടുണ്ടാവും…
ന്നെ കൊണ്ട് പ്രിന്റ് എടുപ്പിച്ചും എഴുതിച്ചും….
ഓളെ കൂടെ ഒരു ടീമുമുണ്ട്…
ഓര് അങ്ങോട്ട് ചോദിച്ചും ഇങ്ങോട്ട് ചോദിച്ചും മത്സരങ്ങളില്‍
പങ്കെടുത്ത് കൊണ്ടേയിരിക്കുന്നു….
ചെലപ്പോ തോല്‍ക്കും
ചെലപ്പോ കിട്ടും…

ഒറ്റക്കാര്യം
മാത്രമേ അവളോട് പറയാറുള്ളൂ…

ജയിക്കാന്‍ വേണ്ടി മാത്രം ഒരു മത്സരങ്ങളിലും പങ്കെടുക്കരുത്..
തോല്‍വി ഏറ്റു വാങ്ങാനുള്ള മനസ്സോട് കൂടി വേണം മത്സരങ്ങളില്‍ പങ്കെടുക്കാന്‍…
അല്ലെങ്കില്‍ നിരാശയില്‍ വീണ് പോകും..
ജഗതി മാസ്റ്റര്‍ പറഞ്ഞ പോലെ
കിട്ടിയാല്‍ ഊട്ടി..
അല്ലെങ്കില്‍ ചട്ടി…

ശ്രമിക്കാതിരുന്നത് കൊണ്ട് നമ്മള്‍ തോറ്റ് പോവുന്നതിലും നല്ലതാണ്;
ശ്രമിച്ചു നമ്മള്‍ തോല്‍ക്കുന്നത്…

പുതിയ കാര്യം അറിയാന്‍…
പുതിയ കാഴ്ചകളിലെത്താന്‍…

ഒക്കെ കേള്‍ക്കും…
തലയാട്ടും…

എന്താവുമോ
എന്തോ?

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!