തിരുവനന്തപുരം : നെയ്യാര്‍ ഡാം സ്റ്റേഷനില്‍ വച്ച് പരാതിക്കാരനോട് മോശമായി പെരുമാറിയ എഎസ്‌ഐ ഗോപകുമാറിനെ സസ്പെന്‍ഡ് ചെയ്തു. നെയ്യാര്‍ ഡാം സ്റ്റേഷനില്‍ പരാതിക്കാരനെ മകളുടെ മുന്നില്‍ വെച്ച് അധിക്ഷേപിച്ച സംഭവം പൊലീസിനാകെ നാണക്കേടാണെന്നും ഗുരുതര വീഴ്ച സംഭവിച്ചുവെന്നും റെയ്ഞ്ച് ഡി.ഐ.ജി സജ്ഞയ് കുമാര്‍ ഗുരുദീപ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞു .
സംഭവത്തില്‍ വകുപ്പ് തല അന്വേഷണം നടത്തണമെന്നും ഉദ്യോഗസ്ഥനെ നല്ല നടപ്പ് പരിശീലനത്തിന് അയക്കണമെന്നും ഡി.ഐ.ജി ശുപാര്‍ശ ചെയ്തു. ഇതിനെത്തുടര്‍ന്നാണ് സസ്പെന്‍ഷന്‍. ഗോപകുമാറിന്റെ പെരുമാറ്റവും യൂണിഫോം ധരിക്കാത്തതും ഗുരുതര വീഴ്ചയാണ്. പരാതി പറയാനെത്തിയ സുദേവന്‍ പ്രകോപനമുണ്ടാക്കിയെന്ന വാദം ന്യായീകരിക്കാനാകില്ല. സുദേവന്റെ പരാതിയിലെ അന്വേഷണം നടത്തിയിരുന്നത് മറ്റൊരു ഉദ്യോഗസ്ഥനാണ്. വിഷയത്തില്‍ ഗോപകുമാര്‍ ഇടപെടേണ്ട ഒരു സാഹചര്യവും ഉണ്ടായിരുന്നില്ല.


കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ട പരാതി നല്‍കാനെത്തിയ പിതാവിനോടും മകളോടും ഗോപകുമാര്‍ മോശമായി പെരുമാറുകയും ഇറക്കിവിടുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ഉത്തരവിട്ടത്. പ്രാഥമിക അന്വേഷണത്തില്‍ പൊലീസിന് ഗുരുതര വീഴ്ചയുണ്ടെന്നു കണ്ടെത്തി ഇയാളെ സ്ഥലം മാറ്റിയിരുന്നു.