തിരുവനന്തപുരം: പിതാവിന്റെ 30 വര്‍ഷം മുമ്പുള്ള കടം വീട്ടാന്‍ പത്രത്തില്‍ പരസ്യം നല്‍കിയ മക്കളുടെ വാര്‍ത്ത അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. 1980 കളില്‍ ഗള്‍ഫില്‍ ഒരു മുറിയില്‍ തനിക്കൊപ്പം കഴിഞ്ഞിരുന്ന ലൂസിസ് എന്നയാളില്‍ നിന്നും ലഭിച്ച ധന സഹായത്തിന്റെ കടം വീട്ടാനായിരുന്നു അബ്ദുള്ള എന്ന തിരുവനന്തപുരം സ്വദേശിയുടെ മകന്‍ നസീര്‍ പത്രത്തില്‍ പരസ്യം നല്‍കിയത്. എന്നാല്‍ ആ പരസ്യത്തിന്റെ പേരില്‍ ഇന്ന് വെട്ടിലായിരിക്കുകയാണ് അബ്ദുള്ളയുടെ കുടുംബം. ലൂസിസാണെന്ന് അവകാശപ്പെട്ട് അഞ്ച് പേരാണ് കുടുംബത്തെ തേടിയെത്തിയത്. ഇതില്‍ നാല് പേര്‍ മരണപ്പെട്ടിരുന്നു. ഇവരുടെ ബന്ധുക്കളാണ് എത്തിയിരിക്കുന്നത്. അബ്ദുള്ളക്ക് പണം നല്‍കിയത് താനാണെന്ന് ജീവിച്ചിരിക്കുന്ന ലൂസിസ് എന്ന് പേരുള്ളയാള്‍ പറയുന്നു. 1975 ല്‍ ദുബായിലെത്തിയ പാസ്‌പോര്‍ട്ടും ഇദ്ദേഹം തെളിവായി നിരത്തുന്നു. തന്റെ സഹോദരന്റെ പേര് ബേബിയാണെന്നും പറയുന്നു. എന്നാല്‍ ഇതേ അവകാശവാദമാണ് മരണപ്പെട്ടു പോയ മറ്റ് ലൂസിസുമാരുടെ ബന്ധുക്കള്‍ക്കും. ഇതോടെ വിഷമസന്ധിയിലായിരിക്കുകയാണ് അബ്ദുള്ളുടെ മകന്‍ നാസര്‍. രേഖകള്‍ പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം ജീവിച്ചിരിക്കുന്ന ലൂസിസിന് പണം നല്‍കാനാണ് നാസറിന്റെ തീരുമാനം. അല്ലെങ്കില്‍ വീണ്ടും പരസ്യം നല്‍കണമെന്നും നസീര്‍ പറയുന്നു.
പിതാവിന്റെ ആഗ്രഹപ്രകാരം മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പിതാവിന് ലഭിച്ച സഹായത്തിന്റെ കടം വീട്ടണമെന്ന ഉദ്ദേശത്തോടെയായിരുന്നു മക്കള്‍ പത്രപരസ്യം നല്‍കിയിരുന്നത് . എഴുപതുകളുടെ അവസാനത്തില്‍ ഗള്‍ഫില്‍ ഒരു റൂമില്‍ കഴിഞ്ഞിരുന്നയാളില്‍ നിന്നും ലഭിച്ച ധന സഹായത്തിന്റെ കടം വീട്ടാനാണ് അബ്ദുള്ള എന്ന തിരുവനന്തപുരം സ്വദേശിയുടെ മക്കള്‍ പത്രത്തില്‍ പരസ്യം നല്‍കിയത്. ‘എന്റെ പിതാവ് അബ്ദുള്ള ഗള്‍ഫില്‍ വെച്ച് കൊല്ലം സ്വദേശി ലൂസിസിന്റെ കൈയ്യില്‍ നിന്നും കടമായി വാങ്ങിയ തുക തിരികെ നല്‍കാനുണ്ട്. ഇദ്ദേഹമോ ഇദ്ദേഹത്തിന്റെ അനുജന്‍ ബേബിയോ ഈ പരസ്യം ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ ബന്ധപ്പെടുക-നാസര്‍,’ എന്നായിരുന്നു പരസ്യ വാചകം . തിരുവനന്തപുരം ജില്ലയിലെ പെരുമാതുറ സ്വദേശിയാണ് അബ്ദുള്ള. 1982 ല്‍ ഗള്‍ഫില്‍ പോയതാണ് ഹബീബുള്ള എന്ന അബ്ദുള്ള. ഓയില്‍ കമ്പനിയിലും പിന്നെ ക്വാറിയുമായിരുന്നു ജോലി. ഇടയ്ക്ക് ജോലി നഷ്ടപ്പെട്ട കാലത്ത് മുറിയില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ സഹായ ഹസ്തം അബ്ദുല്ലക്ക് നേരെ നീണ്ടു. മുറിയില്‍ ഒപ്പമുണ്ടായിരുന്ന ലൂസിസ് പണം നല്‍കി അബ്ദുള്ളയെ സഹായിച്ചു. 1987 ഓടെ അബ്ദുള്ള നാട്ടിലേക്ക് മടങ്ങുകയും ചെറിയ ജോലികളുമായി നാട്ടില്‍ തന്നെ തങ്ങുകയും ചെയ്തു. ഇതോടെ ലൂസിസ് അടക്കമുള്ള ആദ്യകാല സ്നേഹിതരുമായുള്ള ബന്ധമേ മുറിഞ്ഞു പോയി.
എന്നാല്‍ പിന്നീട് ബന്ധമറ്റു പോയ ലൂസിസിനെ കണ്ടെത്തി അന്നത്തെ കടം വീട്ടണമെന്ന് അബ്ദുള്ളയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. താന്‍ മരിക്കുന്നതിന് മുമ്പ് ഈ കടം വീട്ടണമെന്ന് മക്കളോട് അബ്ദുള്ള പറയുകയും ചെയ്തു. അന്ന് നവമാധ്യമങ്ങള്‍ വഴി അബ്ദുള്ളയുടെ മക്കള്‍ അറിയിപ്പ് നല്‍കിയെങ്കിലും ലൂസസിനെ കണ്ടെത്താനായില്ല. ആ തുക മടക്കി നല്കാന്‍ സാധിക്കാത്തതിന്റെ സങ്കടം നെഞ്ചിലേന്തി കഴിഞ്ഞ 23ാം തിയതി 83 കാരനായ അബ്ദുള്ള ഈ ലോകം വിട്ടുപോയി. പിതാവിന്റെ ആഗ്രഹം സഫലീകരിക്കാനാണ് ഏഴ് മക്കള്‍ ഇപ്പോള്‍ പത്രപരസ്യം നല്‍കിയിരുന്നത്. പരസ്യം നവ മാധ്യമങ്ങളില്‍ ഇതിനകം വൈറലായിരുന്നു. അതിനാല്‍ ആളെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലായി രുന്നു മക്കള്‍.




