കേരളത്തിൽ പുനരുപയോഗ ഊർജത്തിന് പുതിയ ചട്ടങ്ങൾ: കരട് പ്രസിദ്ധീകരിച്ചു

HIGHLIGHTS : New rules for renewable energy in Kerala: Draft published

cite

കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ 2025-26 സാമ്പത്തിക വർഷം മുതൽ പ്രാബല്യത്തിൽ വരുന്ന ‘റിന്യൂവബിൾ എനർജി ആൻഡ് റിലേറ്റഡ് മാറ്റേഴ്‌സ്’ റഗുലേഷൻസിന്റെ കരട് പ്രസിദ്ധീകരിച്ചു. 2020-ലെ ‘റിന്യൂവബിൾ എനർജി ആൻഡ് നെറ്റ് മീറ്ററിംഗ്’ റഗുലേഷന്റെ കാലാവധി 2024-25-ൽ അവസാനിച്ചതിനെ തുടർന്നാണ് പുതിയ ചട്ടങ്ങൾ രൂപീകരിച്ചത്. കമ്മീഷന്റെ വെബ്‌സൈറ്റിൽ (www.erckerala.org) ലഭ്യമായ ഈ കരട, പുനരുപയോഗ ഊർജ ഉപയോഗം വർധിപ്പിക്കാനും ഗ്രിഡ് സ്ഥിരത ഉറപ്പാക്കാനുമാണ് ലക്ഷ്യമിടുന്നത്.

2025 ജനുവരി 13-ന് പ്രസിദ്ധീകരിച്ച ചർച്ചാ രേഖയാണ് കരടിന്റെ അടിസ്ഥാനം. സൗരോർജ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ ടൈം-ഓഫ്-യൂസ് താരിഫുകൾ, ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം, വെർച്വൽ, ഗ്രൂപ്പ് നെറ്റ് മീറ്ററിംഗ് എന്നിവ നിർദേശിച്ചിരുന്നു. വ്യക്തികൾ തമ്മിലുള്ള ഊർജ വ്യാപാരം, വാഹന-ഗ്രിഡ് സംവിധാനം, ഡിമാൻഡ് റെസ്‌പോൺസ് എന്നിവയും രേഖയിൽ ഉൾപ്പെട്ടു. ഫെബ്രുവരി 13, 14, 17 തീയതികളിൽ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ, സോളാർ സംരംഭകർ, ബാറ്ററി നിർമാതാക്കൾ, സ്റ്റാർട്ടപ്പുകൾ, വിദഗ്ധർ എന്നിവരുമായി നടത്തിയ ചർച്ചകളിൽ നിന്നും കൂടാതെ തപാൽ വഴിയും ലഭിച്ച അഭിപ്രായങ്ങൾ കരടിന് ആധാരമായി.

കരട് റഗുലേഷൻ നെറ്റ് മീറ്ററിംഗ്, നെറ്റ് ബില്ലിംഗ്, ഗ്രോസ് മീറ്ററിംഗിന് പുറമേ, ഒരു സൗരോർജ പ്ലാന്റിൽ നിന്ന് ഫ്ലാറ്റുകൾ, റസിഡൻഷ്യൽ അസോസിയേഷനുകൾ എന്നിവയിലെ ഒന്നിലധികം ഉപഭോക്താക്കൾക്ക് വൈദ്യുതി ലഭ്യമാക്കുന്ന സംവിധാനങ്ങൾ നിർദേശിക്കുന്നു. വൈദ്യുത വാഹനങ്ങളിൽ നിന്ന് ഗ്രിഡിലേക്ക് വൈദ്യുതി നൽകൽ, പ്രോസ്യൂമർമാർക്ക് മറ്റ് ഉപഭോക്താക്കൾക്ക് വൈദ്യുതി വിൽക്കൽ എന്നിവയും ഉൾപ്പെടുത്തി. ഓൺലൈൻ അപേക്ഷാ സൗകര്യവും രജിസ്‌ട്രേഷൻ ചാർജ് 1,000 രൂപയിൽ നിന്ന് 300 രൂപയായി കുറയ്ക്കാനുള്ള വ്യവസ്ഥയും ഉൾക്കൊള്ളുന്നു. പീക്ക് സമയങ്ങളിൽ ഗ്രിഡിലേക്ക് നൽകുന്ന വൈദ്യുതിക്ക് ഉയർന്ന നിരക്ക്, സീറോ ബില്ലിംഗ്, വികേന്ദ്രീകൃത എനർജി സ്റ്റോറേജ് പ്രോത്സാഹനം, നിക്ഷേപം ആകർഷിക്കൽ എന്നിവയും കരടിന്റെ ഭാഗമാണ്. കെ.എസ്.ഇ.ബിയുടെ ഏറ്റവും കുറഞ്ഞ പുനരുപയോഗ ഊർജ ഉപഭോഗ ശതമാനവും പീക്ക് സമയ വൈദ്യുതിക്ക് ഉയർന്ന നിരക്കും വ്യവസ്ഥ ചെയ്യുന്നു.

കരടിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ 30 ദിവസത്തിനകം ഇ-മെയിൽ (kserc@erckerala.org) വഴിയോ തപാൽ മുഖേനയോ (സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ, വെള്ളയമ്പലം, തിരുവനന്തപുരം 695010) സമർപ്പിക്കാം. പൊതുതെളിവെടുപ്പിന്റെ വിശദാംശങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാകും. ലഭിക്കുന്ന നിർദേശങ്ങൾ പരിഗണിച്ചു വിജ്ഞാപനം തയ്യാറാക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!