വീട്ടില്‍ അതിക്രമിച്ചുകയറി സ്വര്‍ണാഭരണം മോഷ്ടിച്ച അയല്‍വാസിയായ യുവതി അറസ്റ്റില്‍

മഞ്ചേരി:കിടപ്പുരോഗികളായ വയോധികര്‍ താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചുകയറി സ്വര്‍ണാഭരണം മോഷിച്ച കേസില്‍ അയല്‍വാസി പിടിയില്‍. പുല്ലൂര്‍ സ്വദേശി അച്ചിപ്പറമ്പന്‍ വീട്ടില്‍ ജസീറ മോളെ (47)യാണ് മഞ്ചേരി പൊലീസ് അറസ്റ്റുചെയ്തത്. ആഗസ്ത് എട്ടിന് പകല്‍ രണ്ടരക്കാണ് സംഭവം. പുല്ലൂര്‍ രാമന്‍കുളത്ത് വാടക വീട്ടിലാണ് വയോധികരായ തോമസ് ബാബുവും ഭാര്യ സൗമിനിയും താമസിക്കുന്നത്.

സഹായിയായ സ്ത്രീ വീട്ടില്‍ പോയ സമയത്താണ് അയല്‍വാസിയായ യുവതിയും മകളും ചേര്‍ന്ന് കവര്‍ച്ച നടത്തിയത്. കിടപ്പുമുറിയില്‍ ഒറ്റയ്ക്ക് കിടക്കുകയായിരുന്ന കാഴ്ചശേഷി നഷ്ടപ്പെട്ട വയോധികയുടെ കൈകള്‍ രണ്ടും പിടിച്ചുവച്ചു. ശബ്ദമുണ്ടാക്കാതിരിക്കാന്‍ മുഖംപൊത്തി കാതിലെ ഒരുപവന്‍ വരുന്ന കമ്മലുകള്‍ മോഷ്ടിക്കുകയായിരുന്നു. മോഷണത്തിന് കൂട്ടുന്നിന്ന പ്രതിയുടെ മകള്‍ ഒളിവിലാണ്.

ആഭരണങ്ങള്‍ മഞ്ചേരിയിലെ ജ്വല്ലറിയില്‍ നിന്ന് പൊലീസ് കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രതികള്‍ കൂടുതല്‍ കളവ് നടത്തിയിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ കസ്റ്റഡിയില്‍ വാങ്ങി തുടരന്വേഷണം നടത്തുമെന്ന് മഞ്ചേരി ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

മലപ്പുറം ഡിവൈഎസ്പി കെ എം ബിജു, മഞ്ചേരി ഇന്‍സ്‌പെക്ടര്‍ പ്രതാപ് കുമാര്‍, മഞ്ചേരി സബ് ഇന്‍സ്‌പെക്ടര്‍ നവീന്‍ ഷാജി, എസ്‌ഐ അശ്വതി കുന്നത്ത്, എഎസ്‌ഐ പ്രീതി, പൊലീസ് ഉദ്യോഗസ്ഥരായ കെ റിയാസ്, രേഷ്മ, സ്‌പെഷ്യല്‍ ടീം അംഗങ്ങളായ ദിനേഷ് ഇരുപ്പക്കണ്ടന്‍, മുഹമ്മദ് സലീം പൂവത്തി, വി പി ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top