നെടുമുടി വേണുവിന്റെ വിയോഗത്തില്‍ ദുഖ:ത്തിലാണ്ട് ആദ്യചിത്രത്തിന്റെ തമ്പൊരുക്കിയ തിരുന്നാവായയും

നാല് പതിറ്റാണ്ട് മുമ്പ് നാവമുകന്ദന്റെ മണ്ണിലെ ആല്‍മരച്ചുവട്ടില്‍ വെച്ച് മലയാള സിനിമയുടെ ക്യാമറക്കണ്ണിലേക്ക് ഉദിച്ചുകയറിയ അഭിനയകുലപതി നെടുമുടി വേണു വിടവാങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകളില്‍ വേദനയോടെ തിരുന്നാവായ ഗ്രാമവും.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

1978ല്‍ ചിത്രീകരണം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ജി. അരവിന്ദന്റെ തമ്പ് എന്ന ചിത്രത്തിലൂടെയാണ് നെടുമുടി വേണു ആദ്യമായി സിനിമയിലെത്തുന്നത്. ഈ ചിത്രം പൂര്‍ണ്ണമായും ചിത്രീകരിച്ചിരിക്കുന്നത് തിരുന്നാവായയിലും, നിളാനദിയുടെ മണല്‍തീരങ്ങളിലുമാണ്. അന്ന് ക്ഷേത്രമുറ്റത്തെ ആല്‍മരചുവട്ടില്‍ നിന്നും ഇടക്കയുടെ താളവാദ്യലയങ്ങള്‍ ആസ്വദിച്ച് മനോഹരമായി പുഞ്ചരിക്കുന്ന നെടുമുടിവേണുവെന്ന മുടിനീട്ടിയ സുന്ദരനെ ഇന്നും നാട്ടുകാര്‍ ഓര്‍ക്കുന്നു.

നിളയുടെ മണല്‍ തീരത്ത് ടെന്റുകള്‍ കെട്ടിയുണ്ടാക്കി സര്‍ക്കസ് കൂടാരങ്ങളിലെ ജീവിതത്തിന്റെ കഥ പറഞ്ഞ തമ്പ് എന്ന സിനിമയില്‍ ഭരത് ഗോപിയും, വി.കെ ശ്രീരാമനും, ജലജയുമൊക്കയായിരുന്നു മറ്റ് അഭിനേതാക്കള്‍. ദേശീയ, സംസ്ഥാന തലങ്ങളില്‍ നിരവധി പുരസ്‌കാരങ്ങള്‍ ഈ ചിത്രം ഏറ്റവാങ്ങി.

വളരെ ഗൗരവതരമായി അഭിനയജീവതത്തെ കണ്ടുകൊണ്ടായിരുന്നില്ല അന്ന് തമ്പില്‍ അഭിനയിക്കാന്‍ എത്തിയതെന്ന് നെടുമുടി വേണു തന്നെ പലപ്പോഴും വ്യക്തമാക്കിയിരുന്നു. തന്റെ ഇഷ്ട സൗഹൃദങ്ങളോടൊപ്പമുള്ള അലച്ചിലിന്റെ ഭാഗമായി ആയിരുന്നു അന്ന് നിളയുടെ തീരത്ത് എത്തിയതും.

നാല്‍പ്പത് വര്‍ഷത്തിന് ശേഷം നിളയുടെ തീരത്ത് ഈ സിനിമയുടെ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ഒത്തുചേര്‍ന്നപ്പോള്‍ നാടാകെ നിളയുടെ മണല്‍പരപ്പില്‍ തമ്പടിച്ചു. നിളപരപ്പിലെ ആ വേദിയില്‍ പാട്ടുപാടിയും ഓര്‍മ്മകള്‍ പങ്കുവെച്ചും സദസ്സിനോട് സംവദിച്ച നെടുമുടിവേണുവിനെ ഇന്നുമോര്‍ക്കൂന്നു ഈ ഗ്രാമം. അന്നദ്ദേഹം പറഞ്ഞത് അഞ്ഞൂറോളം സിനിമകളില്‍ അഭിനയിച്ചുകഴിഞ്ഞിട്ടും, ഇത്രയേറെ പച്ചപിടിച്ചുകിടക്കുന്ന, നല്ല ഓര്‍മ്മകളുള്ള ഒരു സിനിമ പിന്നീട് ഉണ്ടായിട്ടില്ല എന്നായിരുന്നു. ആ പച്ചപിടിച്ച ഓര്‍മ്മകള്‍ ദുഖത്തോടെ പങ്കുവെക്കുയായാണ് തിരുന്നാവായയിലെ പഴയ തലമുറയിപ്പോള്‍…

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •