Section

malabari-logo-mobile

ദേശീയപാത വികസനം സമയബന്ധിതമായി യാഥാര്‍ഥ്യമാക്കും, ജലപാത 2020ല്‍; മുഖ്യമന്ത്രി

HIGHLIGHTS : ദേശീയപാത വികസനം സമയബന്ധിതമായി യാഥാര്‍ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവളം-ബേക്കല്‍ ജലപാത അടുത്തവര്‍ഷം പൂര്‍ത്തിയാകുമെന്നും അദ...

ദേശീയപാത വികസനം സമയബന്ധിതമായി യാഥാര്‍ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവളം-ബേക്കല്‍ ജലപാത അടുത്തവര്‍ഷം പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. കരമന-കളിയിക്കാവിള നാലുവരിപ്പാതയുടെ പ്രാവച്ചമ്പലം മുതല്‍ കൊടിനട വരെയുള്ള റീച്ചിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുന്നോട്ടുപോകാത്ത അവസ്ഥയില്‍നിന്ന് മാറ്റി 45 മീറ്റര്‍ വീതിയില്‍ പാതവികസനം യാഥാര്‍ഥ്യമാക്കാനുള്ള നടപടികളുമായാണ് ഈ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. സ്ഥലമെടുപ്പ് ഏറെക്കുറേ പൂര്‍ത്തിയായി. സാങ്കേതികപ്രശ്നങ്ങള്‍ പരിഹരിച്ച് കാസര്‍കോട്ടെ തലപ്പാടി-ചെങ്ങള, ചെങ്ങള-നീലേശ്വരം റീച്ചുകളുടെ ടെണ്ടര്‍ നടപടികളിലാണിപ്പോള്‍. ദേശീയപാതയ്ക്ക് പുറമേ, ഗതാഗതപ്രശ്നങ്ങള്‍ പരിഹാരമുണ്ടാക്കാനാണ് മലയോര, തീരദേശ ഹൈവേകള്‍ കൂടി വേണം എന്ന് തീരുമാനിച്ചത്. ഇതിനാവശ്യമായ 10,000 കോടി രൂപ പൂര്‍ണമായി സംസ്ഥാനസര്‍ക്കാര്‍ ചെലവഴിക്കും. സമയബന്ധിതമായി ഈ ഹൈവേകളും പൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷ.

കാലങ്ങളായി കേള്‍ക്കുന്ന കോവളം മുതല്‍ കാസര്‍കോട് ബേക്കല്‍ വരെയുള്ള ജലപാത യാഥാര്‍ഥ്യമാകില്ലെന്നാണ് ജനങ്ങള്‍ കരുതിയത്. ഇതാണ് പൂര്‍ത്തികരിക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുനീങ്ങിയിരിക്കുന്നത്. കേരളത്തിലെത്തുന്ന ഏതൊരു വിനോദസഞ്ചാരികള്‍ക്കും ഏറെ ആകര്‍ഷകമായിരിക്കും ഈ ജലപാതയിലൂടെയുള്ള യാത്ര. ഈ പാതയില്‍ ഓരോ 25 കിലോമീറ്ററിലും ടൂറിസ്റ്റ് കേന്ദ്രങ്ങളുണ്ടാകും. ഇവിടങ്ങളില്‍ വിനോദസഞ്ചാരികള്‍ക്ക് ഇറങ്ങാനും കാഴ്ചകള്‍ ആസ്വദിക്കാനും നാടന്‍ ഭക്ഷണം കഴിക്കാനും അവസരമുണ്ടാകും. റെയില്‍വേ സൗകര്യം വികസിപ്പിക്കാന്‍ സെമി ഹൈസ്പീഡ് റെയില്‍ നിലവിലുള്ള റെയില്‍പാതയ്ക്ക് സമാന്തരമായി ഇടാനാണ് ശ്രമിക്കുന്നത്. ഇതിനായി കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ രൂപീകരിച്ച് പ്രാരംഭഘട്ടത്തിലാണ്.
വിമാനയാത്രാ സൗകര്യം കൂട്ടുന്നതിന്റെ ഭാഗമായി നാലാമത് വിമാനത്താവളം കണ്ണൂരില്‍ യാഥാര്‍ഥ്യമായിട്ടുണ്ട്. ഇതിനുപുറമേ, ശബരിമല വിമാനത്താവളം ഒരുക്കാനുള്ള നടപടികള്‍ പ്രാരംഭഘട്ടത്തിയാണ്.
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഇത്തവണ ഏറ്റവും നല്ല സൗകര്യം ഒരുക്കാനായതായും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയെ തിരുപ്പതി മാതൃകയില്‍ ഏറ്റവും നല്ല തീര്‍ഥാടനകേന്ദ്രമായി ഉയര്‍ത്തുന്നതിന്റെ കൂടി ഭാഗമാണ് വിമാനത്താവളം ആരംഭിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാനാണ് കേന്ദ്രനീക്കം. വിമാനത്താവളം സംസ്ഥാനത്തിന് നടത്തിപ്പിന് ലഭിക്കാന്‍ ലേലപ്രക്രിയയില്‍ സര്‍ക്കാര്‍ ഭാഗമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

sameeksha-malabarinews

പൊതുമരാമത്ത്-രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ അധ്യക്ഷത വഹിച്ചു. മുമ്പെങ്ങുമില്ലാത്ത വികസനപ്രവര്‍ത്തനങ്ങളാണ് ഈ സര്‍ക്കാരിന്റെ കാലത്തെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. തീര്‍ഥാടകകേന്ദ്രങ്ങളിലേക്കുള്ള റോഡുകള്‍ക്ക് സര്‍ക്കാര്‍ പ്രത്യേകശ്രദ്ധ നല്‍കുന്നുണ്ട്. സര്‍ക്കാരിന്റെ 1000 ദിനങ്ങളോടനുബന്ധിച്ച് 1000 പുതിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ എല്ലാ മണ്ഡലങ്ങളിലും ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റോഡ് വികസനവുമായി ബന്ധപ്പെട്ട് പ്രാവച്ചമ്പലം രാജപാതയില്‍ താമസിക്കുന്ന 22 കുടുംബങ്ങള്‍ക്ക് പുനരധിവാസ പാക്കേജായി സര്‍ക്കാര്‍ ഓരോ കുടുംബത്തിനും മൂന്നുസെന്റ് ഭൂമി വീതം നല്‍കുന്നതിന്റെ പട്ടയവിതരണം റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി നല്‍കുന്നവരുടെ പുനരധിവാസവും ഉറപ്പാക്കുന്ന സര്‍ക്കാരാണിതെന്ന് അദ്ദേഹം പറഞ്ഞു.
ഐ.ബി. സതീഷ് എം.എല്‍.എ സ്വാഗതം ആശംസിച്ചു. കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രോജക്ട് ഡയറക്ടര്‍ വി.വി. ബിനു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പൊതുമരാമത്ത് ദേശീയപാത വിഭാഗം ചീഫ് എഞ്ചിനീയര്‍ എം. അശോക്കുമാര്‍ നന്ദി പറഞ്ഞു.

ഡോ.എ. സമ്പത്ത് എം.പി, എം.എല്‍.എമാരായ കെ.ആന്‍സലന്‍, സി.കെ. ഹരീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, നേമം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എല്‍. ശകുന്തള, പള്ളിച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മല്ലികാ വിജയന്‍, ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് ആര്‍.എസ്. വസന്തകുമാരി, ജില്ലാ പഞ്ചായത്തംഗങ്ങളായ എസ്.കെ. പ്രീജ, സി. ലതാകുമാരി, പള്ളിച്ചല്‍ ഗ്രാമപഞ്ചായത്തംഗം ഗീതകുമാരി, ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്‍ ചെയര്‍മാന്‍ എം.എം. ബഷീര്‍, സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആര്‍. അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കരമന-കളിയിക്കാവിള നാലുവരി പാതയുടെ ഒന്നാംഘട്ടത്തിലെ രണ്ടാംറീച്ചായ പ്രാവച്ചമ്പലം മുതല്‍ കൊടിനട വരെയുള്ള അഞ്ചു കിലോമീറ്ററിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമായത്. 30.2 മീറ്ററില്‍ വീതിയിലുള്ള റോഡില്‍ ഇരുവശത്തും 10.5 മീറ്റര്‍ വീതിയും മധ്യഭാഗത്ത് മൂന്ന് മീറ്റര്‍ മീഡിയനും 1.5 മീറ്റര്‍ കാല്‍നടപാതയും 1.6 മീറ്റര്‍ വീതിയില്‍ യൂട്ടിലിറ്റി കോറിഡോറുമുണ്ട്.
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിന്റെ ചെലവില്‍ നിര്‍മിക്കുന്ന റോഡിന്റെ നിര്‍മാണചുമതല ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!