ദില്ലി: കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ സ്മരണ പുതുക്കി രാജ്യം. അതിര്‍ത്തിയില്‍ അശാന്തി പരത്താനെത്തിയ ശത്രുവിനെ തുരത്തിയോടിച്ച് ജൂലൈ 26 ന് ഇന്ത്യ നേടിയ വിജയത്തിന് 23 വയസ്സ്. രാഷ്ട്രത്തിനായി
ജീവന്‍ ബലികഴിച്ച ധീരരക്തസാക്ഷികള്‍ക്ക് ആദരം അര്‍പ്പിക്കുകയാണ് രാജ്യം. മൂന്ന് മാസം നീണ്ട പോരാട്ടത്തിനൊടുവിലാണ് കാര്‍ഗിലില്‍ പാകിസ്ഥാന് മേല്‍ ഇന്ത്യ വിജയക്കൊടി നാട്ടിയത്.
72 ദിവസത്തോളം നീണ്ട പോരാട്ടത്തില്‍ രാജ്യത്തിനായി വീരമൃത്യു വരിച്ചത് 527 ജവാന്മാര്‍. 1999 ജൂലൈ 14ന് ഇന്ത്യ പാക്കിസ്ഥാന്റെ മേല്‍ വിജയം നേടിയതായി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന എ.ബി.വാജ്പേയി പ്രഖ്യാപിച്ചു. ജൂലൈ 26ന് യുദ്ധം അവസാനിച്ചതായി ഔദ്യോഗിക പ്രഖ്യാപനം. രാജ്യത്തിന്റെ പോരാട്ട ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ് കാര്‍ഗിലിലെ യുദ്ധവിജയം.
ശത്രു സൈന്യത്തെയും പ്രതികൂല കാലാവസ്ഥയേയും തകര്‍ത്തെറിഞ്ഞ പോരാട്ടം. ശത്രുവിനെ സ്വന്തം പാളയത്തിലേക്ക് തുരത്തിയോടിച്ച സൈനികശക്തി. ധൈര്യം കവചമാക്കി പോരാട്ടവീര്യം കൈമുതലാക്കി ഇന്ത്യന്‍ സൈനികര്‍ പോരാടി നേടിയ സമാനതകള്‍ ഇല്ലാത്ത വിജയത്തിന്റെ കഥയാണ് കാര്‍ഗിലിലേത്.
കാര്‍ഗിലിലെ മലമുകളില്‍ അപരിചിതരായ ആളുകളെ ഹിമാലയത്തിലെ ആട്ടിടയന്മാര്‍ കണ്ടതോടെയാണ് പാക് ചതി പുറത്തായത്. മഞ്ഞുകാലത്ത് മലമുകളില്‍ നിന്ന് ഇരുരാജ്യങ്ങളുടെയും സൈനികര്‍ പിന്‍വാങ്ങും. അത് മുതലെടുത്താണ് 1999 ഏപ്രില്‍ മാസത്തിന് ശേഷം നിയന്ത്രണ രേഖ കടന്ന് പതിനഞ്ച് കിലോമീറ്ററോളം ദൂരം പാക് സൈന്യം എത്തിയത്. കാര്‍ഗില്‍ ജില്ലയിലെ ദ്രാസിലൂടെ കടന്നുപോകുന്ന ശ്രീനഗര്‍-ലേ ദേശീയപാതക്ക് അരികിലെ ടൈഗര്‍ ഹില്‍, തോലോലിംഗ് മലനിരകളില്‍ പാക് സൈന്യം താവളമുറപ്പിച്ചു. നിയന്ത്രണ രേഖ മറികടന്ന് കിലോമീറ്ററുകള്‍ ശത്രു കൈവശപ്പെടുത്തിയിരുന്നു. ആട്ടിടയന്മാര്‍ അത് ഇന്ത്യന്‍ സൈന്യത്തെ അറിയിച്ചു. പക്ഷേ നിജസ്ഥിതി അറിയാന്‍ അതിര്‍ത്തിയിലേക്ക് പോയ സൈനികര്‍ മടങ്ങി എത്തിയില്ല. രണ്ടാം തെരച്ചില്‍ സംഘത്തിലെ നിരവധി പേര്‍ മരിച്ചു. നിരീക്ഷണ പറക്കല്‍ നടത്തിയ യുദ്ധവിമാനങ്ങള്‍ പാക് സേന വെടിവച്ചിട്ടു. അതിര്‍ത്തിയില്‍ യുദ്ധസമാന സാഹചര്യമെന്ന് സൈന്യം തിരിച്ചറിഞ്ഞു. പിന്നാലെ ഓപ്പറേഷന്‍ വിജയ് എന്ന് പേരിട്ട് സൈനിക നടപടി. നുഴഞ്ഞുകയറിയ പാക് സൈന്യത്തെ നേരിടാന്‍ ആദ്യമിറങ്ങിയത് കരസേന, പിന്നാലെ ഓപ്പറേഷന്‍ തല്‍വാറുമായി നാവിക സേനയെത്തി. ശ്രീനഗര്‍ വിമാനത്താവളം ലക്ഷ്യമിട്ട് മലമുകളില്‍ നിലയുറപ്പിച്ച പാക് സൈന്യത്തെ തുരത്താന്‍ വ്യോമസേനയുടെ ഓപ്പറേഷന്‍ സഫേദ് സാഗര്‍. ദിവസങ്ങള്‍ നീണ്ട
പോരാട്ടം.
മലമുകളില്‍ പാക് സൈന്യവും താഴെ ഇന്ത്യന്‍ സൈന്യവും. തുടക്കത്തില്‍ എല്ലാ പ്രതിരോധ നീക്കങ്ങളും പരാജയപ്പെട്ടു. ജൂണ്‍ മാസത്തോടെ പ്രത്യാക്രമണം ശക്തമാക്കി. ബോഫേഴ്‌സ് പീരങ്കികള്‍ ഇടവേളകളില്ലാതെ പ്രവര്‍ത്തിപ്പിച്ചു. 2,50,000 ഷെല്ലുകളാണ് ടൈഗര്‍ ഹില്‍, തോലോലിംഗ്, ബട്ടാലിക് മലകള്‍ തിരിച്ചുപിടിക്കാന്‍ ബോഫേഴ്‌സ് പീരങ്കികള്‍ തൊടുത്തത്. രാവും പകലുമില്ലാത്ത പോരാട്ടം. ജീവന്‍ വെടിയാന്‍ സന്നദ്ധരായി മലമുകളില്‍ വലിഞ്ഞു കയറിയ ഇന്ത്യയുടെ ധീരന്‍മാര്‍ പാക് ബങ്കറുകള്‍ ഓരോന്നായി തകര്‍ത്തു. ഒടുവില്‍ തോലിംഗും ടൈഗര്‍ ഹില്ലും സൈന്യം തിരിച്ചുപിടിച്ചു. മലമുകളില്‍ ത്രിവര്‍ണ പതാക പാറിച്ചു.




