
പരപ്പനങ്ങാടി: സ്ലേറ്റിൽ എഴുതിപ്പഠിച്ച് കുട്ടികളെ കൂടുതൽ മിടുക്കരാക്കുന്നതിന് ചെട്ടിപ്പടി ഗവ. ഫിഷറീസ് എൽ.പി. സ്‌കൂളിൽ പുതിയപദ്ധതിക്ക് തുടക്കമായി. ‘എന്റെ സ്ലേറ്റും പെൻസിലും’ എന്നുപേരിട്ട പദ്ധതിയിലൂടെ സ്‌കൂളിലെ വിദ്യാർഥികളെല്ലാം ഇനിമുതൽ നോട്ടുബുക്കിനൊപ്പം സ്ലേറ്റിലും എഴുതും.
ചെറിയക്ലാസുകളിൽ സ്ലേറ്റിൽ എഴുതിപ്പഠിക്കുന്ന പണ്ടുമുതലുള്ള ശീലം കുറഞ്ഞതോടെ ഭാഷാപഠനത്തിലടക്കം കുട്ടികളുടെ മികവ് കുറഞ്ഞതോടെയാണ് അധ്യാപകർ മുൻകയ്യെടുത്ത് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. പദ്ധതിയനുസരിച്ച് ഒന്നുമുതൽ നാലുവരെയുള്ള സ്‌കൂളിലെ എല്ലാകുട്ടികളും ഇനിമുതൽ എല്ലാദിവസങ്ങളിലും സ്ലേറ്റിലും എഴുതും. മലയാളവും ഇംഗ്ലീഷും എഴുതി ശീലിക്കുന്നതുപോലെത്തന്നെ ഗണിതത്തിലെ ഗുണനവും കൂട്ടലുംകിഴിക്കലും കുട്ടികളെ സ്ലേറ്റിലും എഴുതി ശീലിപ്പിക്കുന്നതാണ് പുതിയപദ്ധതി. ഇടയ്ക്കിടെ നോട്ടുപുസ്തകങ്ങൾ വാങ്ങുന്നത് ഒഴിവാക്കി രക്ഷിതാക്കൾക്ക് ചെലവ് കുറയ്ക്കുന്ന രീതിയുമാണിത്. ഓൺലൈൻവഴി നടക്കുന്ന ക്ലാസുകളുടെ ഭാഗമായിത്തന്നെ കുട്ടികൾ സ്ലേറ്റിൽ എഴുതിശീലിക്കുന്ന പദ്ധതിയുടെ ഭാഗമായിട്ടുണ്ട്.
നഗരസഭാ ഉപാധ്യക്ഷ കെ. ഷഹർബാനു പദ്ധതി ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ. പി.പി. മുഹമ്മദ് മുഖ്യാത്ഥിഥിയായി. സ്‌കൂളിൽനിന്ന് വിരമിക്കുന്നവർക്കുള്ള യാത്രയയപ്പും ചടങ്ങിൽ നൽകി. എം.പി. കുഞ്ഞിമരക്കാർ അധ്യക്ഷത വഹിച്ചു. ബി.പി. ഷാഹിദ, പി.ഒ. നസീമ, വി.എം. സുരേന്ദ്രൻ, പി. ജോയ്, പ്രഥമാധ്യാപിക സുഷമ കണിയാട്ടിൽ, എച്ച്. ഹനീഫ, അബ്ദു ആലുങ്ങൽ, കെ.വി. പ്രജില തുടങ്ങിയവർ സംസാരിച്ചു.



