Section

malabari-logo-mobile

ക്‌ളീൻ എനർജി ഇൻകുബേഷൻ സെന്റർ ധാരണാ പത്രം ഒപ്പു വെച്ചു

HIGHLIGHTS : Clean Energy Incubation Center MoU signed

ഹരിതോർജ്ജ വികസനത്തിന്റെ ഭാഗമായി ക്‌ളീൻ എനർജി ഇൻകുബേഷൻ സെന്റർ സ്ഥാപിക്കുന്നതിനായി കേരളസർക്കാരും ക്‌ളീൻ എനർജി ഇന്റർനാഷണൽ ഇൻകുബേഷൻ സെന്ററും (സി.ഇ. ഐ.ഐ.സി) ധാരണാ പത്രം ഒപ്പിട്ടു. ലോകോത്തര  നിലവാരത്തിലുള്ള ഒരു ക്ലീൻ എനർജി ഇൻകുബേഷൻ സെന്റർ കേരളത്തിൽ സ്ഥാപിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

ചീഫ് സെക്രട്ടറിയുടെ  കമ്മിറ്റി  റൂമിൽ നടന്ന  ധാരാണാ പത്രം ഒപ്പിടുന്ന ചടങ്ങിൽ വൈദ്യുതി  മന്ത്രി കെ. കൃഷ്ണൻകുട്ടി ഓൺലൈനായി പങ്കെടുത്തു. ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയി, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. എം. എബ്രഹാം, ടാറ്റാ പവർ കമ്പനി സി. ഇ. ഒ ഡോ. പ്രവീർ സിൻഹ, കെ.എസ്.ഇ.ബി.എൽ സിഎം.ഡി. ഡോ. ബി. അശോക്, കെ. ഡിസ്‌ക് മെമ്പർ സെക്രട്ടറി ഡോ. പി. വി. ഉണ്ണിക്കൃഷ്ണൻ, ക്‌ളീൻ എനർജി ഇന്റർനാഷണൽ ഇൻകുബേഷൻ സെന്റർ സി. ഇ. ഒ ഡോ. ജി. ഗണേഷ് ദാസ്,  ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ വി. സി. അനിൽകുമാർ, ഫൗണ്ടേഷൻ ഫോർ ഇന്നൊവെഷൻ ആന്റ് സോഷ്യൽ എന്റർപ്രണർഷിപ്പ് ഡയറക്ടർ ജേക്കബ് പൗലോസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.  ഇ.എം.സി. ഡയറക്ടർ ഡോ. ആർ. ഹരികുമാർ ചടങ്ങിന് നന്ദി പറഞ്ഞു.

sameeksha-malabarinews

ഹരിതോർജ്ജ രംഗത്ത് ഗവേഷണ വികസന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയും ഇതിനായി സ്റ്റാർട്ട് അപ് സംരംഭങ്ങളെ സെന്റർ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇതിലൂടെ  ഊർജ്ജകാര്യക്ഷമത ഉയർത്തുകയും മൊത്തം ഊർജ്ജോല്പാദനത്തിൽ ഹരിതോർജ്ജത്തിന്റെ തോത് വർദ്ധിപ്പിക്കുകയുമാണ് സെന്ററിന്റെ ലക്ഷ്യം.
ബയോടെക്‌നോളജി ഇൻഡസ്ട്രി റിസർച്ച് അസിസ്റ്റൻസ് കൗൺസിൽ (BIRAC), റ്റാറ്റാ പവർ ഡൽഹി ഡിസ്ട്രിബൂഷൻ ലിമിറ്റഡ് എന്നിവയുടെ പിന്തുണയോടെ കേന്ദ്ര സർക്കാരും ടാറ്റ ട്രസ്റ്റും ചേർന്ന് നടത്തുന്ന സംരംഭമാണ് ക്ലീൻ എനർജി ഇന്റർനാഷണൽ ഇൻകുബേഷൻ സെന്റർ (CEIIC). ക്‌ളീൻ എനർജി ഇൻകുബേറ്റർ സംരംഭകർക്ക് ലബോറട്ടറി മുതൽ വിപണി വരെയുള്ള സഹായം സെന്റർ നൽകും. ഊർജ്ജ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളും കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലും (K-DISC) ക്ലീൻ എനർജി ഇന്റർനാഷണൽ ഇൻകുബേഷൻ സെന്ററുമായി ചേർന്നാണ് ഇൻക്യൂബേഷൻ  സെന്റർ സ്ഥാപിക്കുവാൻ ഉദ്ദേശിക്കുന്നത്.

കേരള സർക്കാർ ലക്ഷ്യമിട്ടിരിക്കുന്ന ഗ്രീൻ എനർജി മിഷൻ, സ്റ്റാർട്ട് അപ് മിഷൻ തുടങ്ങിയ പരിപാടികളിലും സംരംഭങ്ങളിലും ഉൾപ്പെടുത്താവുന്ന നൂതനവും സുസ്ഥിരവുമായ സാങ്കേതികവിദ്യകളുടെ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കും. വൈദ്യുതി മേഖലയിലെ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും നൂതന സാങ്കേതിക വിദ്യകളുമായി  ബന്ധപ്പെട്ട സംരംഭങ്ങൾ വിന്യസിക്കാനും ഇത് കേരളത്തെ സഹായിക്കും. സഹകരണം നിലവിൽ വരുന്നതോടെ കൃഷിയിടങ്ങൾക്കും ചെറുകിട സംരംഭകർക്കും കുറഞ്ഞ വിലയിൽ ഇടതടവില്ലാതെ വൈദ്യുതി എത്തിക്കാനുള്ള നൂതന സാങ്കേതിക വിദ്യകളും മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സംസ്ഥാനത്ത് നിലവിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന  സംരംഭകർക്ക്  അവരുടെ ഉല്പന്നങ്ങൾ സി.ഇ. ഐ.ഐ.സിയുടെ ലാബുകളിൽ പരിശോധിച്ച്  നിലവാരം ഉറപ്പു വരുത്തുന്നതിനും അവരുടെ സാങ്കേതിക സഹായത്തോടെ ഗുണനിലവാരം മെച്ചപ്പെടുത്തുവാനും സാധിക്കും.
ഹരിതോർജ്ജ മേഖലയിൽ വിപുലമായ ഗവേഷണ വികസന  പ്രവർത്തനങ്ങൾക്കും  നൂതന ആശയങ്ങൾ നടപ്പിലാക്കുന്നതിനുള്ള ഇൻകുബേഷൻ, സ്റ്റാർട്ട് അപ് പശ്ചാത്തലസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ഈ സഹകരണത്തിലൂടെ  സാധിക്കും

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!