കോഴിക്കോട്: സിപിഐഎം സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ മുസ്ലിം ലീഗ് പങ്കെടുക്കില്ലെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. റാലിയിലേക്ക് ക്ഷണിച്ചത് നന്ദിയെന്നും പരിപാടിയെ സ്വാഗതം ചെയ്യുന്നുവെന്നും കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
യുഡിഎഫിലെ ഒരു കക്ഷി എന്ന നിലയില്‍ സാങ്കേതികമായി ഞങ്ങള്‍ക്ക് അതില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. പരിപാടി നടത്തുന്നത് നല്ലതാണ്. ഞങ്ങള്‍ അത് സ്വാഗതം ചെയ്യുന്നുവെന്നും ആര് പങ്കെടുത്താലും അതിലും ഞങ്ങള്‍ക്ക് സന്തോഷമേയുള്ളുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പലസ്തീന്‍ വിഷയത്തില്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സാഹചര്യമാണ് ഉള്ളതെന്നും യോഗത്തില്‍ ചര്‍ച്ച ചെയ്തതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പലസ്തീന്‍ വിഷയത്തില്‍ തങ്ങള്‍ക്ക് വ്യക്തമായ നിലപാടുണ്ടെന്നും പലസ്തീനുമായി ബന്ധപ്പെട്ട് ഒരുപക്ഷേ ലോകത്ത് തന്നെ നടന്ന ഏറ്റവും വലിയ റാലിയാണ് കോഴിക്കോട് കടപ്പുറത്ത് തങ്ങള്‍ ഉദഘാടനം ചെയ്തത്. റാലിക്ക് ശേഷം ഞങ്ങള്‍ സുവ്യക്തമായി പറഞ്ഞതാണ് ഇത് എല്ലാ രാഷ്ട്രീയ വിവാദങ്ങള്‍ക്കും അതീതമായി എല്ലാവരും ഒറ്റക്കെട്ടായി പിന്തുണ നല്‍കേണ്ട വിഷയമാണെന്നും അദേഹം പറഞ്ഞു.




