HIGHLIGHTS : Murder of two-year-old girl; Mother's spiritual guru in custody
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസുകാരി ദേവേന്ദുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കരിക്കകം സ്വദേശിയായ ജ്യോത്സ്യന്‍ ശംഖുമുഖം ദേവീദാസനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കുടുംബത്തില്‍ അന്ധവശ്വാസം നിലനിന്നിരുന്നെന്നും ഇത് കണക്കിലെടുത്ത് ജ്യോത്സ്യന്റെ ഉപദേശപ്രകാരമാണോ കൊലപാതകം നടത്തിയത് എന്നൊക്കെയുള്ള സംശയങ്ങള്‍ ദൂരീകരിക്കാനാണ് ജ്യോത്സ്യനെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ദേവീദാസന്‍ ശ്രീതുവിന്റെ ആത്മീയഗുരു ആണ്. കുഞ്ഞിന്റെ കൊലപാതകത്തില്‍ ആഭിചാര ക്രിയ ഉള്‍പ്പെടെയുള്ള സംശയങ്ങള്‍ നാട്ടുകാര്‍ ഉന്നയിച്ചിരുന്നു. ഇതും ജ്യോത്സ്യന്റെ ഉപദേശപ്രകാരമാണോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.
ഇന്നലെയാണ് ബാലരാമപുരത്ത് രണ്ട് വയസുകാരി ദേവേന്ദുവിനെ അമ്മാവന്‍ ഹരികുമാര്‍ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത്. കോട്ടുകാല്‍ക്കോണം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകള്‍ ദേവേന്ദു (രണ്ടര) ആണ് മരിച്ചത്. ഇന്നലെ രാത്രി വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്ന കുട്ടിയെ ഇന്നു രാവിലെയാണ് കാണാനില്ലെന്നു മനസിലായത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി നടത്തിയ തിരച്ചിലിലാണ് കിണറ്റില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.ഹരികുമാര്‍ കുറ്റം സമ്മതിച്ചെങ്കിലും ശ്രീതുവിനെയും പോലീസ് സംശയനിഴലിലാണ് നിര്‍ത്തിയിരിക്കുന്നത്. കൊലപാതകത്തിന് ഏതെങ്കിലും തരത്തില്‍ ശ്രീതുവിന്റെ സഹായം ലഭിച്ചിട്ടുണ്ടോ എന്ന സംശയമുണ്ട്. ഹരികുമാറും ശ്രീതുവും തമ്മിലുള്ള വാട്‌സാപ് ചാറ്റുകള്‍ സംശയം ജനിപ്പിക്കുന്നതായാണ് സൂചന.
അതേസമയം, അറസ്റ്റിലായ ഹരികുമാര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല. അറസ്റ്റിലായ ഹരികുമാര്‍ പൊലീസിന്റെ പല ചോദ്യങ്ങള്‍ക്കും കൃത്യമായി മറുപടി നല്‍കാന്‍ ഹരികുമാര്‍ തയാറായിട്ടില്ല. പ്രതി ഭക്ഷണം കഴിക്കുന്നില്ലെന്നും പൊലീസ് പറഞ്ഞു. കുഞ്ഞിനെ കിണറ്റിലെറിഞ്ഞതായി കുറ്റസമ്മതം നടത്തിയെങ്കിലും എന്തിനാണു കൊന്നതെന്ന ചോദ്യത്തോടു പ്രതികരിക്കാതെ പൊലീസിനോടു തട്ടിക്കയറുകയാണ് പ്രതി ചെയ്തിരുന്നത്.