HIGHLIGHTS : Girl brutally raped by boyfriend dies in Chottanikkara
കൊച്ചി:ചോറ്റാനിക്കരയ്ക്കുസമീപം ആണ്‍സുഹൃത്തിന്റെ ക്രൂരപീഢനമേറ്റ പെണ്‍കുട്ടി മരിച്ചു. കഴിഞ്ഞ അഞ്ചുദിവസമായി പത്തൊമ്പതുകാരിയായ പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇന്ന് ഉച്ചയോടയാണ് മരണം സംഭവിച്ചത്.
പോക്സോ കേസിലെ അതിജീവിതയെ പീഡിപ്പിക്കുകയും കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് കുഴിപ്പുറത്ത് അനൂപി (24)നെ ചോറ്റാനിക്കര പൊലീസ് അറസ്റ്റുചെയ്തിരുന്നു. ബലാത്സംഗം, കൊലപാതകശ്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഞായറാഴ്ചയാണ് അതിജീവിതയെ വീട്ടിലെ കിടപ്പുമുറിയില്‍ ഗുരുതര പരിക്കുകളോടെ ബോധരഹിതയായി കണ്ടെത്തിയത്. അര്‍ധനഗ്നയായ നിലയിലായിരുന്നു. കഴുത്തില്‍ കയര്‍മുറുക്കിയ പാടുണ്ടായിരുന്നു.
പൊലീസെത്തിയശേഷമായിരുന്നു തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും പെണ്‍കുട്ടിയെ മാറ്റിയത്. ശനി രാത്രി 10.15ന് സുഹൃത്തായ അനൂപ് യുവതിയുടെ വീട്ടില്‍ വരുന്നതും ഞായര്‍ പുലര്‍ച്ചെ നാലോടെ മടങ്ങുന്നതും സിസിടിവി ദൃശ്യങ്ങളില്‍നിന്ന് ലഭിച്ചിരുന്നു. യുവതിയുമായി തര്‍ക്കമുണ്ടായെന്നും മര്‍ദിച്ചെന്നും ഇയാള്‍ മൊഴിനല്‍കി. മര്‍ദിച്ച മനോവിഷമത്തില്‍ ഷാള്‍ കുരുക്കി യുവതി ആത്മഹത്യക്ക് ശ്രമിച്ചെന്നും ഷാള്‍മുറിച്ചിട്ടശേഷം മരിച്ചെന്നുകരുതി താന്‍ പോയെന്നും അനൂപ് പറഞ്ഞത്. ലഹരി കേസുകളില്‍ ഉള്‍പ്പെടെ പ്രതിയാണ് അനൂപ്. പെണ്‍കുട്ടി മൂന്നുവര്‍ഷം മുമ്പ് പീഡനത്തിനിരയായിരുന്നു. പോക്‌സോ പ്രകാരം രജിസ്റ്റര്‍ ചെയ്തകേസില്‍ അന്ന് രണ്ട് സ്വകാര്യബസ് ജീവനക്കാര്‍ അറസ്റ്റിലായിരുന്നു.ചോറ്റാനിക്കരയിലുള്ള ദമ്പതികള്‍ ദത്തെടുത്ത് വളര്‍ത്തിയതാണ് പെണ്‍കുട്ടിയെ. കുട്ടിയുടെ അച്ഛന്‍ നേരത്തെ മരിച്ചിരുന്നു.