
വധ ഗൂഢാലോചനക്കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേസ് കെട്ടിച്ചമച്ചതാണെന്നും ഇതുവരെ തെളിവുകള്‍ കണ്ടെത്താനായിട്ടില്ലെന്നും നടിയെ ആക്രമിച്ച കേസിലെ വിചാരണ അട്ടിമറിക്കാനാണ് കേസ് കെട്ടിച്ചമച്ചതെന്നും ദിലീപ് ഹരജിയില്‍ ആരോപിക്കുന്നു. ദിലീപിന്റെ ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കുന്നതിനായി ഹൈക്കോടതി ഹര്‍ജി ഫയലില്‍ സ്വീകരിച്ചു.
കേസിലെ എഫ് ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അഡ്വ. ബി രാമന്‍ പിള്ള മുഖേന ഹരജി സമര്‍പ്പിച്ചത്. ദിലീപ് വധഗൂഢാലോചന നടത്തിയതിന് താന്‍ സാക്ഷിയായെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ക്രൈം ബ്രാഞ്ച് കേസെടുത്തത്.
കേസ് ക്രൈം ബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ മന:പൂര്‍വം തന്നെ വേട്ടയാടുകയാണെന്നും ഇതേകേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതിനിടെ ദിലീപ് കോടതിയില്‍ വാദിച്ചിരുന്നു.
വധഗൂഢാലോചക്കേസില്‍ നേരത്തെ ദിലീപിനു ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ആവശ്യവുമായി ദിലീപ് ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നത്. ഗൂഢാലോചനയ്ക്കു തെളിവില്ലെന്നും പ്രഥമദൃഷ്ട്യാ പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്നും വ്യക്തമാക്കിയാണ് കോടതി ദിലീപിനു മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.




