Section

malabari-logo-mobile

കുഞ്ഞുങ്ങള്‍ക്കും അമ്മമാര്‍ക്കും കരുതലൊരുക്കി മാതൃ-ശിശു സംരക്ഷണ കാര്‍ഡ്

HIGHLIGHTS : മലപ്പുറം: കുഞ്ഞുങ്ങള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വഴികാട്ടിയായി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പുറത്തിറക്കിയ മാതൃ-ശിശു സംരക്ഷണ കാര്‍ഡ്. 'ആര്‍ദ്രം...

മലപ്പുറം: കുഞ്ഞുങ്ങള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വഴികാട്ടിയായി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പുറത്തിറക്കിയ മാതൃ-ശിശു സംരക്ഷണ കാര്‍ഡ്. ‘ആര്‍ദ്രം മാതൃത്വം- മൂല്യ ബാല്യം’ എന്ന പേരിലാണ് പുസ്തക രൂപത്തിലുള്ള പുതിയ കാര്‍ഡ് പുറത്തിറക്കിയിരിക്കുന്നത്.

ഗര്‍ഭകാലത്തെ പരിചരണം മുതല്‍ കുഞ്ഞുങ്ങള്‍ വളര്‍ന്ന് വലുതാകുന്നതുവരെയുള്ള കാലഘട്ടത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും പരിചരണത്തെക്കുറിച്ചും ശാസ്ത്രീയമായ വിവരണം ആകര്‍ഷകമായ ഗ്രാഫുകളുടെയും ചിത്രങ്ങളുടെയും പശ്ചാത്തലത്തില്‍ കാര്‍ഡിലുണ്ട്. ജനനം മുതലുള്ള ആദ്യത്തെ 1000 ദിനങ്ങളാണ് കുഞ്ഞിന്റെ ആരോഗ്യത്തിന്റെ അടിത്തറയെന്നും ഈ കാലയളവില്‍ കുഞ്ഞിന് ആദ്യ ആറ് മാസം വരെ മുലപ്പാല്‍ മാത്രവും തുടര്‍ന്നുള്ള നാളുകളില്‍ മുലപ്പാലിനൊപ്പം പോഷക സമൃദ്ധമായ ഭക്ഷണവും നല്‍കണമെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ച്ച പാടില്ലെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്നു.

sameeksha-malabarinews

ഗര്‍ഭിണികളുടെ ഭക്ഷണക്രമം, പ്രസവാനന്തര കാലത്ത് അയണ്‍ ഗുളികയും കാത്സ്യം ഗുളികകളും കഴിക്കേണ്ടതിന്റെ പ്രാധാന്യം, വ്യായാമം, സുരക്ഷിത പ്രസവം, സാധാരണ പ്രസവം കൊണ്ടുള്ള മെച്ചങ്ങള്‍, ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും അമ്മമാര്‍ക്കുമുള്ള സൗജന്യ ചികിത്സ, പ്രസവാനന്തര പരിചരണം, നവജാത ശിശു പരിചരണം, ആദ്യ പ്രസവത്തിനുള്ള ധനസഹായ വിശദാംശങ്ങള്‍, കുട്ടിയുടെ വളര്‍ച്ച ഘട്ടങ്ങള്‍, ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പ്രകാരം മൂന്ന് വയസ്സു വരെ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഉണ്ടാകേണ്ട ഭാരം, അപകട സൂചനകള്‍, കുഞ്ഞുങ്ങളെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് പുതിയ മാതൃ -ശിശു സംരക്ഷണ കാര്‍ഡെന്ന് ആര്‍.സി.എച്ച് ( റീ പ്രൊഡക്റ്റീവ് ആന്റ് ചൈല്‍ഡ് ഹെല്‍ത്ത് ) ജില്ലാ ഓഫീസര്‍ ഡോ. വി.പി രാജേഷ് പറഞ്ഞു.
സംയോജിത മാതൃ സംരക്ഷണ ശിശു വികസന സേവനങ്ങള്‍ ലഭിക്കുന്നതിനായുള്ള ഫോറവും സമ്പൂര്‍ണ മാതൃ – ശിശു സംരക്ഷണ കാര്‍ഡിലുണ്ട്. പോഷകാഹാര വിതരണം, പ്രതിരോധ കുത്തിവയ്പ്പ്, ആരോഗ്യ പരിശോധന, തുടര്‍ വിദഗ്ധ ചികിത്സാ സൗകര്യം, പ്രീസ്‌കൂള്‍ വിദ്യാഭ്യാസം, പോഷകാഹാര -ആരോഗ്യ വിദ്യാഭ്യാസം എന്നിവ സംബന്ധിച്ച ഐ.സി.ഡി.എസ് സേവനങ്ങളെക്കുറിച്ചും മാതൃ -ശിശു സംരക്ഷണ കാര്‍ഡില്‍ വിശദീകരിക്കുന്നു.

റീ പ്രൊഡക്റ്റീവ് ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് പ്രോഗ്രാമിന്റെ ദാഗമായി പുതുക്കി തയ്യാറാക്കിയ കാര്‍ഡില്‍ പ്രതിരോധ കുത്തിവെപ്പ് നല്‍കുന്ന തീയതിയും ഓരോ പ്രായത്തിലെയും ശരീരഭാരവും മറ്റു വിവരങ്ങളും രേഖപ്പെടുത്താനും സൗകര്യമുണ്ട്. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാര്‍ മുഖേനയാണ് സമ്പൂര്‍ണ മാതൃ- ശിശു സംരക്ഷണ കാര്‍ഡിന്റെ വിതരണം. ജില്ലയിലെ ആശ വര്‍ക്കര്‍മാരും കാര്‍ഡ് വിതരണത്തില്‍ പങ്കാളികളാണ്. നേരത്തെ ഒരൊറ്റ കാര്‍ഡ് രൂപത്തിലായിരുന്നത് രണ്ട് വര്‍ഷം മുമ്പാണ് പുതുക്കി കൂടുതല്‍ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുസ്തക രൂപത്തിലേക്ക് മാറ്റിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!