Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ‘സദാചാരപോലീസിങ്ങിന്റെ’ പുത്തന്‍ വേര്‍ഷന്‍ നടപ്പിലാക്കാനൊരുങ്ങി നഗരസഭ ഭരണസമിതിയും ,പോലീസും, ; പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

HIGHLIGHTS : പരപ്പനങ്ങാടി ; അവസാന ദിവസം പ്ലസ് ടു പരീക്ഷ കഴിഞ്ഞ്  മടങ്ങുന്ന വിദ്യാര്‍ത്ഥികള്‍ മാതാപിതാക്കള്‍ നേരിട്ടെത്തി വീട്ടില്‍ കൊണ്ടുപോകണമെന്നും, വിദ്യാര്‍ത...

പരപ്പനങ്ങാടി ; അവസാന ദിവസം പ്ലസ് ടു പരീക്ഷ കഴിഞ്ഞ്  മടങ്ങുന്ന വിദ്യാര്‍ത്ഥികള്‍ മാതാപിതാക്കള്‍ നേരിട്ടെത്തി വീട്ടില്‍ കൊണ്ടുപോകണമെന്നും, വിദ്യാര്‍ത്ഥികള്‍ കൂട്ടും കൂടരുതുമെന്നുള്ള നിയമപരമല്ലാത്ത സദാചാര തിട്ടൂരങ്ങളുമായി പരപ്പനങ്ങാടി നഗരസഭാ ഭരണസമിതിയും, പോലീസും.

ഇന്നലെ നഗരസഭ ചെയര്‍മാന്‍ എ ഉസ്മാന്‍ അധ്യക്ഷനായും  പരപ്പനങ്ങാടി പോലീസ് സ്റ്റേഷന്‍ ഓഫീസര്‍ ഹണി.കെ ദാസ് കണ്‍വീനറുമായുള്ള ജാഗ്രതാ സമിതിയുടെ പേരില്‍  ഏറെ വിചിത്രവും, നിയമവിരുദ്ധവുമായ നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.

sameeksha-malabarinews

 

പരപ്പനങ്ങാടി നഗരസഭയിലെ ‘പ്രത്യേക സാഹചര്യം’ കണക്കിലെടുത്ത് ഈ മാസം 26നും, 29നും കഴിയുന്ന പ്ലസ്ടു, എസ്എസ്എല്‍സി പരീക്ഷയുടെ അവസാനദിവസം രക്ഷിതാക്കള്‍ നിര്‍ബന്ധമായും വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നേരിട്ടെത്തി കൊണ്ടുപോകണമെന്നും, അന്നേ ദിവസം കുട്ടികള്‍ നടത്തുന്ന എല്ലാ ആഘോഷപരിപാടികളും നിരോധിച്ചിരിക്കുന്നതായും നോട്ടീസില്‍  പറയുന്നു. വിദ്യാര്‍ത്ഥികള്‍ പടക്കങ്ങള്‍ ഉപയോഗിക്കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നുവെന്നും  പറയുന്നു. ഈ നിയമം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്നാണ് ഇവര്‍ പറയുന്നത്.

.
ഈ നിയമവിരുദ്ധ സാദാചാര നോട്ടീസിനെതിരെ യുവജന സംഘനടയായ യൂത്ത് കോണ്‍ഗ്രസ് ശക്തമായി രംഗത്തെത്തി,  ജാഗ്രത സമിതി എന്ന പേരില്‍ സദാചാര സമിതി ഉണ്ടാക്കി വിദ്യാര്‍ത്ഥികള്‍ക്ക് മുകളില്‍ നിയമപരമല്ലാത്ത നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയുടെ തീരുമാനം അപക്വമാണെന്നും അത് പിന്‍വലിക്കണമെന്നും,നിലപാട് പിന്‍വലിച്ചു സമിതി ചെയര്‍മാന്‍ മാപ്പുപറയണമെന്നും
പരപ്പനങ്ങാടി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

പരപ്പനങ്ങാടിയില്‍ വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥിനികളും, പരസ്പരം പരസ്യമായി സംസാരിക്കുന്നുവെന്നും, കൂട്ടും കൂടുന്നുവെന്നും ഇതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നുമുള്ള സദാചാരപ്രചരണങ്ങള്‍ കുറച്ച് ദിവസങ്ങളിലായി സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി നടന്നുവരുന്നുണ്ട്. വിദ്യാലയങ്ങള്‍ക്കുള്ളില്‍ ഉണ്ടായ തര്‍ക്കങ്ങള്‍ പുറത്തെത്തുകയും ഒരു ചെറിയ ന്യൂനപക്ഷം വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വാക്കേറ്റങ്ങളും അടിപിടിയും ഉണ്ടായതിന്റെ മറവിലാണ് ഇവര്‍ ഇത്തരം പ്രചരണങ്ങള്‍ നടത്തിവന്നത്. ഇത്തരം വാക്കേറ്റങ്ങളില്‍ ചിലര്‍ ഇടപെട്ട് വിദ്യാര്‍ത്ഥികളെ മര്‍ദ്ധിക്കുകയും ഇവ വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. വിദ്യാര്‍ത്ഥിനികളും, വിദ്യാര്‍ത്ഥികളും പരസ്പരം സംസാരിക്കുന്നത് ചോദ്യം ചെയ്യുന്ന ചില സദാചാരസംഘങ്ങളും പരപ്പനങ്ങാടിയില്‍ സജീവമണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ നഗരസഭ ഭരണസമിതിയിലെ ഇടതു വലതു രാഷ്ട്രീയ വ്യത്യാസമില്ലാതെ കൗണ്‍സിലര്‍മാരും,പരപ്പനങ്ങാടിയിലെ ചില രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും, പോലീസും, യോഗം ചേര്‍ന്ന് ഇത്തരത്തിലുള്ള ഒരു തീരുമാനമെടുത്തിരിക്കുന്നത്.

 

വിദ്യാര്‍ത്ഥികള്‍ അവരുടെ കലാലയങ്ങളില്‍ നിന്നും പിരിയുന്ന അവസാനദിനത്തില്‍ പരസ്പരം സംസാരിക്കരുതെന്നും, കൂട്ടംകൂടരുതെന്നും, രക്ഷിതാക്കളെത്തി വീട്ടിലേക്ക് കൊണ്ടുപോകണമെന്നുമുള്ള തീരുമാനം, ചില ഹിഡന്‍ അജണ്ടകളുടെ ഭാഗമാണെന്ന അഭിപ്രായവും ഉയര്‍ന്നുവരുന്നുണ്ട്. പോലീസും, നഗരസഭയുമുള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇത്തരം ഇടുങ്ങിയ ചിന്തകള്‍ക്കൊപ്പം നില്‍ക്കുന്നതും പ്രതിലോമകരമാണെന്ന ആക്ഷപവും ശക്തമാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!