Section

malabari-logo-mobile

മങ്കിപോക്‌സ് ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല: മന്ത്രി വീണാ ജോര്‍ജ്

HIGHLIGHTS : Monkeypox is no cause for concern: Minister Veena George

sameeksha-malabarinews
തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്‌സുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എന്നാല്‍ കോവിഡ്-19 മായി ബന്ധപ്പെട്ട് സ്വീകരിച്ചു വരുന്ന മുന്‍കരുതല്‍ നടപടികള്‍ (മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയവ) ഈ രോഗത്തെ പ്രതിരോധിക്കുന്നിതിന് വേണ്ടിയും ശക്തമായി തുടരേണ്ടതാണ്. ഇക്കാര്യത്തില്‍ പൊതുജാഗ്രത ഉണ്ടാകണം. ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും അതോടൊപ്പം ആശങ്കകള്‍ ദൂരീകരിക്കുന്നതിനും എം.എല്‍.എ മാരുടെ സഹകരണവും ഇടപെടലുകളും ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ ഡോ. സുജിത്ത് വിജയന്‍ പിള്ള എം.എല്‍.എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

ആലപ്പുഴയില്‍ സംശയിക്കപ്പെട്ട കേസ് നെഗറ്റീവ് ആണ്. റിസള്‍ട്ട് വന്നു. ആദ്യ കേസിന്റ ഏറ്റവും അടുത്ത പ്രൈമറി കോണ്‍ടാക്ട് ആയ കുടുംബാംഗങ്ങളുടെ റിസള്‍ട്ട് നെഗറ്റീവ് ആണ്. നിലവില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ച രണ്ട് പേരുടെ ആരോഗ്യ നില തൃപ്തികരമായി തുടരുന്നു. കോണ്‍ടാക്ടില്‍ ആര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

യൂറോപ്യന്‍ രാജ്യങ്ങളില്‍ മങ്കിപോക്‌സ് എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി നിരീക്ഷണം ശക്തമാക്കി. ആദ്യ പോസറ്റീവ് കേസില്‍ നിന്നുള്ള സാമ്പിള്‍ പരിശോധനയില്‍ West African Strain ആണ് വൈറസ് വിഭാഗം എന്നാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇത് താരതമ്യേന പകര്‍ച്ച കുറവുള്ളതും മരണനിരക്ക് കുറവുള്ളതുമാണ്. മങ്കി പോക്‌സുമായി ബന്ധപ്പെട്ട എല്ലാ മുന്‍കരുതലുകളും ആരോഗ്യവകുപ്പ് സ്വീകരിച്ചിരുന്നു.

പ്രധാന പ്രവര്‍ത്തനങ്ങള്‍
· മങ്കിപോക്‌സുമായി ബന്ധപ്പെട്ട അഡൈ്വസറിയും നിര്‍ദേശങ്ങളും ജില്ലകള്‍ക്ക് നല്‍കി.
· സംസ്ഥാന തല അഡൈ്വസറിയും സര്‍വെയ്‌ലന്‍സ് ആക്ഷന്‍ പ്ലാനും തയാറാക്കി രോഗ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി.
· രോഗം സംശയിക്കപ്പെട്ട വിവരം എസ്.എസ്.യു.വില്‍ കിട്ടിയ ഉടന്‍ തന്നെ കൊല്ലം ജില്ലയില്‍ അറിയിക്കുകയും രോഗനിരീക്ഷണവും, സമ്പര്‍ക്കമുള്ളവരെ കണ്ടെത്തുവാനുള്ള പ്രവര്‍ത്തനങ്ങളും തുടങ്ങി.
· എന്‍.ഐ.വി. പൂനയില്‍ നിന്നും രോഗസ്ഥിരീകരണ റിപ്പോര്‍ട്ട് ലഭിച്ച ഉടനെ തന്നെ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍.ആര്‍.റ്റി) മീറ്റിംഗ് ചേര്‍ന്നു. മീറ്റിംഗില്‍ സംസ്ഥാന മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍, 5 തെക്കന്‍ ജില്ലകളില്‍ നിന്നുള്ള ഡി.എം.ഒ. മാര്‍, ഡി.എസ്.ഒ. മാര്‍, സംസ്ഥാന പൊതുജനാരോഗ്യ ടീം അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
· കുടുംബാംഗങ്ങള്‍, ആരോഗ്യപ്രവര്‍ത്തകര്‍, ടാക്‌സി, ഓട്ടോ ഡ്രൈവര്‍മാര്‍, വിമാനത്തില്‍ ഒപ്പം യാത്ര ചെയ്തവരെയും, കാബിന്‍ക്രൂവിന്റെയും, എയര്‍പോര്‍ട്ട് ജീവനക്കാരുടേയും വിവരങ്ങള്‍ എടുത്തുകൊണ്ട് പ്രൈമറി കോണ്‍ടാക്ടുകളെയും അല്ലാത്തവരെയും വേര്‍തിരിച്ച് നിരീക്ഷണത്തിലാക്കി. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ള എല്ലാവരെയും 21 ദിവസം കര്‍ശനമായി നിരീക്ഷിക്കുവാനും എല്ലാവരിലും രോഗലക്ഷണങ്ങളുടെ നിരീക്ഷണം നടത്തുവാനും ബന്ധപ്പെട്ട എല്ലാ ജില്ലകള്‍ക്കും നിര്‍ദ്ദേശം നല്‍കി.
· ആശമാര്‍ വഴി ഗൃഹസന്ദര്‍ശനം നടത്തി രോഗനിരീക്ഷണം നടത്തുവാനും നിര്‍ദേശം നല്കിയിട്ടുണ്ട്.
· സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരുടെയും രോഗ നിരീക്ഷണം ദിവസവും രണ്ടുതവണ ഫോണിലൂടെ നടത്തുന്നു. ലക്ഷണങ്ങള്‍ ഉള്ളവരെ ജില്ലയിലെ നിയുക്ത ആശുപത്രികളിലേക്ക് മാറ്റുകയും കര്‍ശനമായി ഐസൊലേഷനില്‍ നിരീക്ഷിക്കുകയും ചെയ്യുന്നു.
· 4 അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും അന്താരാഷ്ട്ര യാത്രക്കാരെ നിരീക്ഷിക്കുവാനുള്ള സംവിധാനം ഏര്‍പ്പെടുത്തുകയുണ്ടായി. എല്ലാ ജില്ലകളിലും രോഗ ലക്ഷണങ്ങളുള്ളവരെ പ്രവേശിപ്പിക്കുവാനായി പ്രത്യേകം ആശുപത്രികള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവരുടെ സാമ്പിളുകള്‍ എന്‍.ഐ.വി പൂനെയിലും, ആലപ്പുഴയിലെ എന്‍.ഐ.വി ലാബിലും പരിശോധിക്കുവാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
· ജില്ലകളില്‍ ഐസൊലേഷന്‍ സൗകര്യം ആശുപത്രികളില്‍ തയാറാക്കിയിട്ടുണ്ട്. രോഗികളെയും സമ്പര്‍ക്കത്തിലുള്ളവരെയും ആശുപത്രികളിലേക്ക് മാറ്റുവാനായി പ്രത്യേക ആംബുലന്‍സ് സംവിധാനം ജില്ലകളില്‍ ഒരുക്കിയിട്ടുണ്ട്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കു പരിശീലനം നല്‍കിയിട്ടുണ്ട്.
· പൊതുജനങ്ങളുടെ ആശങ്ക ഒഴിവാക്കുവാന്‍ ആവശ്യമായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.
· പനിയുള്ള എല്ലാ അന്താരാഷ്ട്രയാത്രക്കാര്‍ക്കും കോവിഡ് 19 പരിശോധനയും ആവശ്യമായ മറ്റുപരിശോധനകളും നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
· സംസ്ഥാന മാസ്സ്മീഡിയ വിഭാഗവും ജില്ലാ മാസ്സ്മീഡിയ വിഭാഗവും ബോധവത്കരണ സാമഗ്രികള്‍ തയാറാക്കുകയും സാമൂഹ്യ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു വരികയും ചെയ്യുന്നു.
· ദിശ കാള്‍സെന്റര്‍ ടീമിലെ അംഗങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കു പരിശീലനം നല്‍കിയിട്ടുണ്ട്. തുടര്‍പരിശീലനങ്ങളും നടത്തുന്നതാണ്.
· ത്വക്ക്‌രോഗ വിദഗ്ദ്ധര്‍, ആയുഷ് ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ക്കും ബോധവല്‍ക്കരണം നല്‍കി.
· എല്ലാ ജില്ലകളിലെയും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും ബോധവത്കരണം നല്‍കി.
· രോഗലക്ഷണങ്ങള്‍ ഉള്ള അന്താരാഷ്ട്രയാത്രക്കാര്‍ ഉള്‍പ്പെടയുള്ളവര്‍ക്കായി 14 ജില്ലകളിലും ഐസൊലേഷന്‍ സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. ഐസൊലേഷനില്‍ ഉള്ള രോഗിക്ക് പനിവന്നാല്‍ മങ്കിപോക്‌സ് പരിശോധനയ്‌ക്കൊപ്പം കോവിഡ് പരിശോധന കൂടി നടത്തുവാനുള്ള നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
· എയര്‍പോര്‍ട്ട് നിരീക്ഷണം, രോഗസാധ്യത കൂടുതലുള്ള രാജ്യങ്ങളില്‍ നിന്നും എത്തുന്ന അന്താരാഷ്ട്ര യാത്രക്കാരിലെ രോഗലക്ഷണങ്ങളുടെ പരിശോധന എന്നിവ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
· എയര്‍പോര്‍ട്ട് നിരീക്ഷണത്തിനായി സംസ്ഥാനതലത്തിലും ജില്ലാതലത്തിലും നോഡല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
· സംസ്ഥാനതലത്തില്‍ രോഗ നിരീക്ഷണത്തിനായി ഒരു കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്. നോഡല്‍ ഓഫീസറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലാതലത്തില്‍ കണ്‍ട്രോള്‍ റൂം തുടങ്ങുവാനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
· രോഗസാധ്യത കൂടുതലുള്ള ഇമിഗ്രേഷന്‍ വിഭാഗം, ബാഗേജ് കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ തുടങ്ങിയവരുടെ സമ്പര്‍ക്ക വിവരങ്ങള്‍ ശേഖരിക്കുവാന്‍ എയര്‍പോര്‍ട്ട് അതോറിറ്റിയെ അറിയിച്ചിട്ടുണ്ട്.
· സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ ലക്ഷണങ്ങള്‍ നിരീക്ഷിക്കുവാനും 21 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയുവാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ലക്ഷണങ്ങള്‍ എന്തെങ്കിലും കണ്ടാല്‍ ജില്ലാ അധികാരികളെ അറിയിക്കുവാനും അവരുടെ നിര്‍ദ്ദേശപ്രകാരം ഐസൊലേഷന്‍ സൗകര്യമുള്ളിടത്തേക്കു മാറുവാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
· വിമാനത്തിലുണ്ടായിരുന്ന മറ്റു സംസ്ഥാനങ്ങളിലെ (തമിഴ്‌നാട്) യാത്രക്കാരുടെ അതാത് സംസ്ഥാനങ്ങളെയും സെന്‍ട്രല്‍ സര്‍വയലന്‍സ് യൂണിറ്റിനെയും അറിയിച്ചിട്ടുണ്ട്.
· സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മങ്കിപോക്‌സ് ബാധിച്ചതായി സംശയിക്കുന്നതും സാധ്യതയുള്ളതുമായ രോഗികളുടെ ഐസോലേഷന്‍, സാമ്പിള്‍ കളക്ഷന്‍ പരിശോധന, ചികില്‍സ, കോണ്‍ടാക്ട് ട്രേസിംഗ് തുടങ്ങിയവ സംബന്ധിച്ചുള്ള വിശദമായ Standard Operating Procedure (SOP) പുറപ്പെടുവിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്.
· എല്ലാ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളും ആരോഗ്യപ്രവര്‍ത്തകരും ഈ എസ്.ഒ.പി പിന്തുടരണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യയില്‍ ആദ്യമായി കേരളത്തില്‍ മങ്കിപോക്‌സ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ജൂലൈ 16 ന് കേന്ദ്ര സംഘം കേരളത്തിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയും ആരോഗ്യ വകുപ്പ് സ്വീകരിച്ച നടപടികളില്‍ അവര്‍ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN Latest News