കൊള്ള പലിശക്കാരില്‍ നിന്നും മോചനം;മുറ്റത്തെ മുല്ലയ്ക്ക് മലപ്പുറം ജില്ലയില്‍ തുടക്കം

മലപ്പുറം: കൊള്ള പലിശക്കാരില്‍ നിന്നും സ്വകാര്യ പണമിടപാടുകാരുടെ ചൂഷണത്തില്‍ നിന്നും സാധാരണ ജനങ്ങളെ മോചിപ്പിക്കാനും അവരുടെ ബാധ്യത തീര്‍ക്കാനുമായി സഹകരണ വകുപ്പ് ആവിഷ്‌കരിച്ച ലഘുവായ്പാ പദ്ധതി ‘മുറ്റത്തെ മുല്ല’ ക്ക് ജില്ലയില്‍ തുടക്കം. സഹകരണ വകുപ്പ്, ജില്ലാ സഹകരണ ബാങ്കുകള്‍, പ്രൈമറി സംഘങ്ങള്‍ എന്നിവ മുഖേന കുടുംബശ്രീകള്‍ക്ക് 1000 മുതല്‍ 25,000 രൂപ വരെ വായ്പ നല്‍കുന്ന പദ്ധതിയാണ് ‘മുറ്റത്തെ മുല്ല’. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ആരംഭിച്ച പദ്ധതി ജില്ലയില്‍ ഏഴു പഞ്ചായത്തുകളില്‍ തുടക്കമിട്ടിരുന്നു. പദ്ധതി മറ്റു പഞ്ചായത്തുകളിലും തുടങ്ങുന്നതോടെ കൂടുതല്‍ പേര്‍ക്ക് ഗുണം ലഭിക്കും.

ഓരോ വാര്‍ഡിലെയും ഒന്നു മുതല്‍ മൂന്നുവരെ കുടുംബശ്രീ യൂനിറ്റുകളിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രവര്‍ത്തന മികവും വിശ്വാസവുമുള്ള കുടുംബശ്രീ യൂനിറ്റുകള്‍ക്കാണ് വായ്പാചുമതല നല്‍കുക. കുടുംബശ്രീ അംഗങ്ങള്‍ അവരുടെ പ്രദേശത്തെ ആവശ്യക്കാരുടെ വീട്ടിലെത്തി പണം നല്‍കും. ആഴ്ചതോറും വീട്ടിലെത്തി തിരിച്ചടവ് തുക സ്വീകരിക്കുകയും ചെയ്യും. സ്വകാര്യ പണമിടാപാടുകാരില്‍ നിന്നും വായ്പയെടുത്ത് വലയുന്നവര്‍ക്കാണ് തുക നല്‍കുക. ആവശ്യക്കാരുടെ എണ്ണത്തിനനുസരിച്ച് ഓരോ പ്രദേശത്തെയും പ്രാഥമിക സഹകരണസംഘങ്ങള്‍ വായ്പാതുക ഒരു കുടുംബശ്രീ യൂണിറ്റിന് പരമാവധി 10 ലക്ഷം രൂപ വരെ ഒമ്പത് ശതമാനം പലിശ നിരക്കില്‍ ക്യാഷ് ക്രെഡിറ്റ് വായ്പയായി അനുവദിക്കും.

പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സിഡിഎസ് പ്രസിഡന്റുമാരുടെ യോഗം ചേര്‍ന്നു. യോഗത്തില്‍ സഹകരണവകുപ്പ് ജോയന്റ് രജിസ്ട്രാര്‍ ടി.മുഹമ്മദ് അഷ്‌റഫ്, അസി. രജിസ്ട്രാര്‍ എം ശ്രീഹരി, കുടുംബശ്രീ മിഷന്‍ കോഡിനേറ്റര്‍ സി. ഹേമലത എന്നിവര്‍ സംസാരിച്ചു.

Related Articles