Section

malabari-logo-mobile

മത്സ്യ മാര്‍ക്കറ്റുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

HIGHLIGHTS : modernization of fish markets

തിരുവനന്തപുരം:സംസ്ഥാനത്തെ മത്സ്യ മാര്‍ക്കറ്റുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. ആറ് മാര്‍ക്കറ്റുകളുടെ 13.97 കോടി രൂപ ചെലവിലുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. മാര്‍ക്കറ്റുകളുടെ നവീകരണ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 65 മാര്‍ക്കറ്റുകള്‍ 193 കോടി രൂപ ചെലവില്‍ നവീകരിക്കുന്നതിന്റെ ഭാഗമായാണ് ആദ്യഘട്ടത്തില്‍ ആറ് മാര്‍ക്കറ്റുകളുടെ നിര്‍മ്മാണം ആരംഭിച്ചത്. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. ചടങ്ങില്‍ വര്‍ക്കല, ചിറയിന്‍കീഴ് മണ്ഡലങ്ങളിലെ വിവിധ റോഡുകളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

തിരുവനന്തപുരം ജില്ലയിലെ പുത്തന്‍ചന്ത മാര്‍ക്കറ്റിന് 2.15 കോടി രൂപയും, നടുക്കാട് മാര്‍ക്കറ്റിന് 2.13 കോടി രൂപയും, പനച്ചമൂട് മാര്‍ക്കറ്റിന് 4.62 കോടി രൂപയും കൊല്ലം ജില്ലയിലെ കടപ്പാക്കട മാര്‍ക്കറ്റിനായി 1.50 കോടി രൂപയും, തങ്കശ്ശേരി മാര്‍ക്കറ്റിന് 2.10 കോടി രൂപയും, മൂന്നാംകുറ്റി മാര്‍ക്കറ്റിന് 1.40 കോടി രൂപയുമാണ് ചെലവഴിക്കുന്നത്. ഗുണമേന്‍മയും ശുചിത്വവുമുള്ള മത്സ്യം ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനും, മത്സ്യത്തൊഴിലാളികളുടെ വരുമാനത്തില്‍ ആനുപാതികമായ വര്‍ദ്ധനവ് സൃഷ്ടിക്കുന്നതിനും, മത്സ്യ വിപണന ശൃംഖല വിപുലീകരിക്കുന്നതിനുമാണ് ആധുനിക സജ്ജീകരണങ്ങളോടുകൂടിയ മത്സ്യമാര്‍ക്കറ്റുകളുടെ നവീകരണം ലക്ഷ്യമിടുന്നത്.
മാര്‍ക്കറ്റുകളില്‍ റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍, ബുച്ചര്‍ സ്റ്റാളുകള്‍, കോള്‍ഡ് സ്റ്റോറേജ് സംവിധാനം, പ്രിപ്പറേഷന്‍ മുറി, ശുചി മുറി, ലോഡിംഗ് സംവിധാനം എന്നിവ ഉണ്ടാകും. ഓരോ മാര്‍ക്കറ്റ് സ്റ്റാളിലും സ്റ്റെയിന്‍ലെസ് സ്റ്റീലില്‍ നിര്‍മ്മിച്ച ഡിസ്പ്ലേ ടേബിളുകള്‍, സ്റ്റീല്‍ സിങ്കുകള്‍ എന്നിവയും ഉണ്ടാകും. രണ്ട് ബ്ലോക്കുകളായാണ് മാര്‍ക്കറ്റുകളുടെ രൂപകല്‍പ്പന. ആവശ്യത്തിന് വായുവും വെളിച്ചവും ലഭിക്കുന്ന വിധമാണ് ഡിസൈന്‍ തയ്യാറാക്കിയിട്ടുള്ളത്. തറയില്‍ ആന്റിസ്‌കിഡ് ഇന്‍ഡസ്ട്രിയല്‍ ടൈലുകളാണ് പാകുന്നത്. ആധുനിക സൗകര്യങ്ങളോടെ ടോയിലെറ്റുകള്‍, ഇന്റര്‍ലോക്കിംഗ് പാകിയ പാര്‍ക്കിംഗ്, ഫ്രീസര്‍, മതിയായ ഡ്രെയിനേജ് സംവിധാനങ്ങള്‍, മലിനജല സംസ്‌കരണ പ്ലാന്റ് എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തീരദേശ വികസന കോര്‍പ്പറേഷനാണ് പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി.

sameeksha-malabarinews

ചടങ്ങില്‍ എം.എല്‍.എമാരായ അഡ്വ. വി. ജോയ്, അഡ്വ. ഐ.ബി. സതീഷ്, സി.കെ. ഹരീന്ദ്രന്‍, എന്‍. നൗഷാദ്, എം. മുകേഷ്, വിവിധ തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!