Section

malabari-logo-mobile

എന്‍ഫോഴ്‌സ് മെന്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ ബിനീഷിന്റെ ബന്ധുക്കള്‍ പരാതി നല്‍കി

HIGHLIGHTS : Bineesh's relatives have lodged a complaint against the enforcement officers

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ ബന്ധുക്കള്‍ എന്‍ഫോഴ്‌സ് മെന്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ പൂജപ്പുര പൊലീസ് കേസെടുത്തു. പൂജപ്പുര സിഐ ആണ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് നല്‍കിയത്. എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞുനിര്‍ത്തി തങ്ങള്‍ക്ക് ബിനീഷിന്റെ ബന്ധുക്കളുടെ പരാതി ലഭിച്ചതായും റെയിഡിന് വന്ന ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങള്‍ വേണമെന്നും പോലീസ് അറിയിച്ചു. വിവരങ്ങള്‍ കൈമാറാമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഇ ഡിയുടെ വാഹനം പോലീസ് പോകാന്‍ അനുവദിച്ചത്.

നിയമവിരുദ്ധമായാണ് തടഞ്ഞുവെച്ചതെന്നാണ് ബന്ധുക്കള്‍ പരാതി നല്‍കിയതെന്നും റെയ്ഡിന് വന്ന ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൂജപ്പുര സിഐ മാധ്യമങ്ങളോട് പറഞ്ഞു. അന്യായമായി തടങ്കലില്‍ വെച്ചെന്ന് കാണിച്ച് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലും കുടുംബം പരാതി നല്‍കിയിട്ടുണ്ട്.

sameeksha-malabarinews

ബിനീഷിന്റെ ഭാര്യയെയും കുഞ്ഞിനെയും കാണാന്‍ വീട്ടിലെത്തിയ ബന്ധുക്കളെ കാണാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ വീടിന് മുന്നില്‍ ഏറെ നേരം ഗേറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിക്കുകയാണെന്നും മണിക്കൂറുകള്‍ ആയി തങ്ങളെ കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണെന്നും തങ്ങളെ മാനസിക സമ്മര്‍ദ്ദത്തിലാക്കുകയാണെന്നും കുടുംബം പറഞ്ഞു. കുഞ്ഞിന് ഭക്ഷണം പോലും കൊടുക്കാന്‍ കഴിഞ്ഞില്ല. വീട്ടില്‍ നിന്ന് എന്തോ രേഖ കണ്ടെടുത്തെന്നും എന്നാല്‍ ഈ രേഖ എന്താണ് എന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും അതുകൊണ്ടുതന്നെ അറിയാത്ത കാര്യത്തില്‍ ഒപ്പിടാന്‍ സാധിക്കില്ലെന്നും ഇവര്‍ പറഞ്ഞു.

കുടുംബത്തിന്റെ പരാതിയില്‍ ബാലാവകാശ കമ്മീഷന്‍ അംഗങ്ങള്‍ സ്ഥലത്തെത്തിയെങ്കിലും അവരെ ഇ ഡി ഉദ്യോഗസ്ഥര്‍ അകത്തേക്ക് കടത്തിവിട്ടിരുന്നില്ല. ഇന്നലെയാണ് ബിനീഷ് കോടിയേരിയുടെ വീട്ടില്‍ പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ എത്തിയത്. രാത്രി 11.30 ഓടെ അഡ്വ.മുരുകുമ്പുഴ വിജയകുമാര്‍ ഇ ഡിക്കെതിരെ രംഗത്തെത്തിയിരുന്നു. പ്രതിയല്ലാതിരുന്നിട്ടും ബിനീഷിന്റെ ഭാര്യയെയും കുഞ്ഞിനെയും ഉള്‍പ്പെടെ വീട്ടുതടങ്കലിലാക്കിയെന്ന് ആരോപിച്ചിരുന്നു. ഇന്ന് കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഇന്ന് രാവിലെ പതിനൊന്നുമണിക്കാണ് ഇഡി സംഘം ബിനീഷിന്റെ വീട്ടില്‍ നിന്നും മടങ്ങിയത്.

അതെസമയം ബിനീഷിനെ ചോദ്യം ചെയ്യുന്നത് തുടര്‍ച്ചയായ ഏഴാം ദിവസവും തുടരുകയാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!