മലപ്പുറം: കെ എം ഷാജിക്ക് എതിരായ കായിക മന്ത്രി വി അബ്ദുറഹിമാന്റെ പരാമര്‍ശത്തിന് മറുപടിയുമായി പി കെ ബഷീര്‍ എംഎല്‍എ. ഷാജിയുടെ വീട്ടില്‍ കയറാം എന്നത് അബ്ദുറഹിമാന്റെ തോന്നല്‍ മാത്രമാണ്. വീട്ടില്‍ കയറിയാല്‍ കൈയും കാലും ഉണ്ടാകില്ലെന്ന് ഓര്‍ക്കുന്നതാണ് നല്ലത്. മുസ്ലിം ലീഗിലെ ഓരോരുത്തരേയും ഉന്നം വെക്കേണ്ട. എല്ലാവരും ഒറ്റക്കെട്ടാണെന്നും പി കെ ബഷീര്‍ പറഞ്ഞു. ആളുകളോട് ആത്മസംയമനം പാലിക്കണമെന്നൊക്കെ ഞങ്ങള്‍ പറയും. ബാക്കി പണി തങ്ങള്‍ക്ക് അറിയാമെന്നും പി കെ ബഷീര്‍ കൂട്ടിച്ചേര്‍ത്തു. നികുതി വര്‍ധനയ്‌ക്കെതിരെ മലപ്പുറത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പികെ ബഷീര്‍.
വി അബ്ദുറഹിമാന് മറുപടിയുമായി കെ എം ഷാജി നേരത്തെ രംഗത്തെത്തിയിരുന്നു. ചീത്ത വിളിച്ച് വിരട്ടാന്‍ നോക്കേണ്ടെ. പണം കണ്ടാല്‍ മുട്ടുവിറയ്ക്കുമെന്ന സഖാക്കളെ മാത്രമെ അബ്ദുറഹിമാന്‍ കണ്ടിട്ടുളളൂ. ലീഗിനെ എല്‍ഡിഎഫിനൊപ്പം ചേര്‍ക്കാമെന്ന എംവി ഗോവിന്ദന്റെ പൂതി മനസില്‍ വെച്ചാല്‍ മതിയെന്നും കെ എം ഷാജി പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസമാണ് ലീഗിന് സ്വാധീനമുളള താനൂരിലെ ദുരന്ത മുഖത്ത് മുഖ്യമന്ത്രിക്ക് വരാന്‍ സാഹചര്യമൊരുക്കിയത് ലീഗിന്റെ മര്യാദയാണെന്ന കെ എം ഷാജിയുടെ പരാമര്‍ശത്തിന് മന്ത്രി വി അബ്ദുറഹിമാന്‍ മറുപടി നല്‍കിയത്. മാറാട് കലാപബാധിത പ്രദേശത്തു പോലും ധീരമായി കടന്നുവന്ന പാര്‍ട്ടി സെക്രട്ടറി ആണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെന്ന് അബ്ദുറഹിമാന്‍ പറഞ്ഞു. താനൂരിലേക്ക് കടന്നുവരാന്‍ മുഖ്യമന്ത്രിക്ക് ഒരാളുടേയും അനുവാദം വേണ്ടെന്നും മുസ്ലിം ലീഗിലെ തീവ്രവാദ വിഭാഗത്തിന് വളം വെക്കുന്ന ആളാണ് കെ എം ഷാജിയെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. വേണമെങ്കില്‍ ഞങ്ങള്‍ നിന്റെ വീട്ടില്‍ പോലും കടന്നുകയറുമെന്നും മുസ്ലിം ലീഗിനെ തോല്‍പ്പിച്ചാണ് താനൂരില്‍ രണ്ടു തവണ ജയിച്ചതെന്നും മന്ത്രി പറഞ്ഞിരുന്നു.




