ലഖ്നൗ: രാജ്യാന്തര ക്രിക്കറ്റില്‍ 10,000 റണ്‍ തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ബഹുമതി മിതാലി രാജിന്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റിന് അഭിമാനമായ നേട്ടം. 50 പന്തില്‍ 36 റണ്‍ നേടിയ ക്യാപ്റ്റന്റെ സമ്പാദ്യം 10,001 റണ്ണായി. 291 ഇന്നിങ്ങ്സിലാണ് ഇത്രയും റണ്‍. ഇനി മുന്നില്‍ 2016ല്‍ വിരമിച്ച ഇംഗ്ലീഷ് താരം കാര്‍ലന്റ് എഡ്വേര്‍ഡ്സ് (10,273) മാത്രം. ഏകദിനത്തില്‍ 7000 റണ്‍ തികയ്ക്കാന്‍ 26 റണ്‍കൂടി മതി.
പതിനായിരം റണ്‍ കടന്ന ഉടന്‍ മിതാലി പുറത്തായി. ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന് രാജ്യാന്തര ക്രിക്കറ്റില്‍ മേല്‍വിലാസമുണ്ടാക്കിയത് ഈ മുപ്പത്തെട്ടുകാരിയുടെ ബാറ്റാണ്. രണ്ടുപതിറ്റാണ്ടായി ക്രിക്കറ്റില്‍ സജീവ സാനിധ്യം. 1999ല്‍ അയര്‍ലന്‍ഡിനെതിരെ ഏകദിനത്തിലാണ് അരങ്ങേറ്റം.
തമിഴ്നാട്ടുകാരനായ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ ദൊരൈരാജിന്റെയും ലീലാരാജിന്റെയും മകളുടെ ജനനം രാജസ്ഥാനിലെ ജോധ്പുരായിരുന്നു. പത്താംവയസ്സില്‍ ക്രിക്കറ്റ് കളിച്ചുതുടങ്ങി പതിനേഴാം വയസ്സില്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറി. തുടര്‍ന്ന് വനിതാ ക്രിക്കറ്റിലെ ഒട്ടുമിക്ക റെക്കോഡുകളും സ്വന്തമാക്കി. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടി. 2005ല്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റനായി. രണ്ട് ലോകകപ്പുകളില്‍ ടീമിനെ നയിച്ചു. ഏകദിനത്തില്‍ ശ്രദ്ധിക്കാന്‍ 2019ല്‍ ട്വന്റി–20യില്‍നിന്ന് വിരമിച്ചു.




