പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; രണ്ടാനച്ഛന് മരണം വരെ തടവും ഒരു ലക്ഷം രൂപ പിഴയും

കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന് മരണം വരെ തടവും ഒരു ലക്ഷം രൂപ പിഴയും. അഡീഷനല്‍ ജില്ലാ കോടതി ഒന്ന് ജഡ്ജി ജി. ഗോപകുമാറാണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായി തടവുശിക്ഷ വിധിച്ചിട്ടുണ്ട്.

2017-20 കാലയളവില്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. 7 വയസ്സുള്ളപ്പോഴാണ് ആദ്യമായി പീഡനത്തിനിരയാകുന്നത്. കാഞ്ഞിരപ്പള്ളിയില്‍ വാടകയ്ക്കു താമസിക്കുമ്പോള്‍ 2020 ഒക്ടോബര്‍ 14നാണ് സംഭവം പുറത്തറിഞ്ഞത്. രാത്രി അമ്മയ്ക്കും രണ്ടാനച്ഛനുമൊപ്പം ഒരു മുറിയില്‍ കിടന്നുറങ്ങിയ പെണ്‍കുട്ടി ബഹളം വച്ച് എഴുന്നേറ്റതോടെയാണ് പീഡനവിവരം അമ്മ അറിയുന്നത്. തുടര്‍ന്ന് അമ്മ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു.

പെണ്‍കുട്ടി പലതവണ പീഡനത്തിനിരയായതായി കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി. കാഞ്ഞിരപ്പള്ളി സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരായിരുന്ന ഇ.കെ. സെള്‍ജിമോന്‍, എം. ബിജു എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എം.എന്‍. പുഷ്‌കരന്‍ ഹാജരായി.

Share news
error: Content is protected !!
Scroll to Top