തിരുവനന്തപുരം:പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമായ കുട്ടികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന 16 ഹോമുകളിലും സ്ഥല ലഭ്യതയനുസരിച്ച് കളിക്കളം ഈ വര്‍ഷം തന്നെ യാഥാര്‍ഥ്യമാകുമെന്ന് വനിതാ ശിശുവികസന മന്ത്രി വീണാ ജോര്‍ജ്. ‘സ്ഥല ലഭ്യത അനുസരിച്ച് എല്ലാ സര്‍ക്കാര്‍ ഹോമുകളിലും കളിക്കളം യാഥാര്‍ഥ്യമാക്കും. ഹോമുകളിലെ അകത്തളങ്ങള്‍ പൂര്‍ണമായും ശിശുസൗഹൃദമാക്കും. വ്യായാമത്തിന് സൗകര്യം ഏര്‍പ്പെടുത്തും. കുട്ടികളുടെ തന്നെ ആവശ്യമനുസരിച്ച് നടത്തുന്ന ഈ പ്രവര്‍ത്തികള്‍ മിഷനായി ഏറ്റെടുത്ത് ഈ വര്‍ഷം തന്നെ യാഥാര്‍ഥ്യമാക്കും. പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമായ കുട്ടികള്‍ക്കായി നടത്തുന്ന കലോത്സവമായ ‘വര്‍ണ്ണചിറകുകള്‍’ തിരുവനന്തപുരം ഗവണ്‍മെന്റ് വിമന്‍സ് കോളേജില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കവെ മന്ത്രി പറഞ്ഞു.
മൂന്നു ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തില്‍ ഇത്തവണ തിരുവനന്തപുരം ജില്ലയിലെ എന്‍.ജി.ഒകള്‍ നടത്തുന്ന സ്ഥാപനങ്ങളിലെ കുട്ടികള്‍ കൂടി പങ്കെടുക്കുന്നുണ്ട്. അടുത്ത വര്‍ഷം മുതല്‍ സംസ്ഥാനത്തെ എല്ലാ എന്‍.ജി.ഒകളും നടത്തുന്ന സ്ഥാപനങ്ങളിലെ കുട്ടികളെ കൂടി വര്‍ണ്ണച്ചിറകുകളില്‍ പങ്കാളികളാക്കുമെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മാതൃകയില്‍ വിവിധ തലങ്ങളില്‍ കലാമേള നടത്തിയശേഷം അന്തിമമായി സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കും. കലാമേള കുഞ്ഞുങ്ങളുടെ വ്യക്തിത്വ വികസനത്തില്‍ മുതല്‍ക്കൂട്ടായി മാറും. അവര്‍ക്ക് എന്നും ഓര്‍ത്തു വെക്കാവുന്ന മനോഹര നിമിഷങ്ങള്‍ കലോത്സവങ്ങള്‍ സമ്മാനിക്കുമെന്നും മന്ത്രി പറഞ്ഞു.
കുഞ്ഞുങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കല്‍ പൊതുസമൂഹത്തിന്റേയും ഭരണകൂടത്തിന്റേയും മറ്റ് ബന്ധപ്പെട്ടവരുടെയും ഉത്തരവാദിത്തം ആണ്, പ്രത്യേക പരിഗണന വേണ്ട കുട്ടികളുടെ കാര്യത്തില്‍ വിശേഷിച്ചും. ഈ കുട്ടികളുടെ ശാരീരികവും മാനസികവും ഭൗതികവുമായ സമഗ്ര വളര്‍ച്ച ഉദ്ദേശിച്ച് ഈ വര്‍ഷം മിഷന്‍ മോഡില്‍ എല്ലാ ഹോമുകളിലും അടിസ്ഥാന സൗകര്യ വികസനം സര്‍ക്കാര്‍ നടപ്പാക്കും. വകുപ്പിലെ ഉദ്യോഗസ്ഥര്‍ കുട്ടികളെ ചേര്‍ത്തുപിടിച്ച് നടത്തുന്ന വിവിധ പദ്ധതികള്‍ ഏറ്റവും അഭിനന്ദാര്‍ഹമാണെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസം പൂര്‍ണമാകണമെങ്കില്‍ സര്‍ഗവാസനകളെ പരിപോഷിപ്പിക്കേണ്ടതുണ്ടെന്നും വര്‍ണ്ണച്ചിറകുകള്‍ പോലുള്ള കലോത്സവങ്ങള്‍ അര്‍ഥവത്തായ പരിപാടി ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കലാമേളകള്‍ കുട്ടികളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും വിജയ പരാജയങ്ങള്‍ അതിജീവിക്കാനുള്ള കരുത്ത് അവര്‍ക്ക് നല്‍കുകയും ചെയ്യും. ചടങ്ങില്‍ വര്‍ണ്ണച്ചിറകളുടെ മനോഹരമായ ലോഗോ ഡിസൈന്‍ ചെയ്ത കോട്ടയം സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമിലെ അതുല്‍ കൃഷ്ണയ്ക്ക് മന്ത്രി വീണാ ജോര്‍ജ് ഉപഹാരം നല്‍കി. ലോഗോ മത്സരത്തില്‍ അന്തിമഘട്ടത്തില്‍ എത്തിയ കൊല്ലം ഹോമിലെ ആനന്ദ് ടി, പാലക്കാട് ഹോമിലെ രാജീവ് എന്നിവര്‍ക്കും സമ്മാനങ്ങള്‍ നല്‍കി. വിവിധ കായിക മത്സരങ്ങളില്‍ വിജയികളായ മലപ്പുറം തവനൂര്‍ ഹോമിലെ സുരേഷ്, കോഴിക്കോട് ഹോം ഫോര്‍ ഗേള്‍സിലെ അമ്മു, ഹിമ, കണ്ണൂര്‍ ഹോം ഫോര്‍ ഗേള്‍സിലെ രഞ്ജിത, ക്രിക്കറ്റ് മത്സരത്തില്‍ മികച്ച ബൗളറായി തെരഞ്ഞെടുക്കപ്പെട്ട തിരുവനന്തപുരം ഹോം ഫോര്‍ ബോയ്സിലെ ശരത്, മാന്‍ ഓഫ് ദി സീരീസും മികച്ച ബാറ്റ്സ്മാനുമായ തിരുവനന്തപുരം ഹോം ഫോര്‍ ബോയ്സിലെ കിരണ്‍ രാജ്, ക്രിക്കറ്റ് മത്സരത്തില്‍ ചാമ്പ്യന്മാരായ തിരുവനന്തപുരം ഗവണ്‍മെന്റ് ഹോം ഫോര്‍ ബോയ്സ്, റണ്ണേഴ്സ് അപ്പായ കാസര്‍കോട് ഗവണ്‍മെന്റ് ഹോം ഫോര്‍ ബോയ്സ്, കബഡി മത്സരത്തില്‍ ജേതാക്കളായ കോഴിക്കോട് ഗവണ്‍മെന്റ് ഹോം ഫോര്‍ ഗേള്‍സ്, റണ്ണേഴ്സ്അപ്പായ കണ്ണൂര്‍ ഗവണ്‍മെന്റ് ഹോം ഫോര്‍ ഗേള്‍സ് , വോളിബോള്‍ ചാമ്പ്യന്‍മാരായ കോഴിക്കോട് ഗവണ്‍മെന്റ് ഹോം ഫോര്‍ ഗേള്‍സ്, റണ്ണേഴ്സ് അപ്പായ കണ്ണൂര്‍ ഗവണ്‍മെന്റ് ഹോം ഫോര്‍ ഗേള്‍സ് എന്നിവര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. ചടങ്ങില്‍ ചലച്ചിത്രതാരം വിനു മോഹന്‍ മുഖ്യാതിഥിയായി.
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മനോജ് കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.സുരേഷ് കുമാര്‍, കൗണ്‍സിലര്‍ രാഖി രവികുമാര്‍, കോളജ് പ്രിന്‍സിപ്പല്‍ ചാന്ദിനി സാമി എസ്.പി, വനിതാ ശിശു വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ ജി പ്രിയങ്ക എന്നിവര്‍ പങ്കെടുത്തു.
അഞ്ച് വേദികളില്‍ 23 ഇനങ്ങളിലായി സംസ്ഥാനത്തെ ആയിരത്തോളം കുട്ടികള്‍ പങ്കെടുക്കുന്ന കലോത്സവം ജനുവരി 22ന് സമാപിക്കും. ഇത്തവണ കലോത്സവ വേദിയില്‍ വിവിധ സ്റ്റാളുകളും മറ്റും ഒരുക്കിയിട്ടുണ്ട്.




